അന്നാ ജുവാൻ ലൂക്ക്

വളരെ അധികം ജോലിത്തിരക്ക് ഉള്ള ദിവസമാണ് ഇന്നും, പ്രത്യേകിച്ച് നാളെ വീക്കെൻഡ് കൂടി ആയതു കൊണ്ട് ചെയ്തു തീർക്കാനുള്ള ജോലികളുടെ ലിസ്റ്റിനു നീളം സ്വതവേ കൂടും. ഉച്ചയ്ക്കുള്ള ഭക്ഷണ സമയം ആകും വരെ ഒരേ പണി തന്നെയായിരുന്നു. വിശപ്പിന്റെ വിളി ഉണ്ടായിരുന്നില്ല എങ്കിൽ, ആ നില വൈകിട്ട് അഞ്ചര വരെ തുടർന്നേനെ. ഊണ് കഴിക്കുന്നതിനു ഇടയിലാണ് ഫോൺ പോലും നോക്കിയത്. മൊബൈൽ നേടി ഓൺ ആക്കേണ്ട താമസം മെസ്സേജുകളുടെ വർഷമായി. എല്ലാം എത്തട്ടെ എന്നിട്ടു ആവശ്യമുള്ളത് മാത്രം മറുപടി അയക്കണമെന്ന് അഥർവും കരുതി. സ്ക്രീനിലെ സന്ദേശങ്ങളുടെ കൂട്ടത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു പേര് കണ്ടു ” അന്നാ ജുവാൻ ലൂക്ക് “. പെട്ടെന്ന് തന്നെ മെസ്സേജ് തുറന്നു നോക്കി. അതിൽ ഒരു ഹോട്ടലിന്റെ അഡ്രസ്സും തീയതിയും സമയവും മാത്രമേ ഉളളൂ. എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് ആദ്യം വ്യകതമായില്ല. മേൽവിലാസത്തിൽ സ്ഥലപ്പേര് ഒന്നും കൂടി നോക്കിയപ്പോഴാണ് അത് തൻ്റെ ഈ നഗരത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലത്തെ മുന്തിയ ഹോട്ടലാണെന്നു ബോധ്യമായത്. അതിലെ തീയതി ഇന്നത്തേതും. സമയം ഇന്ന് വൈകിട്ട് ആറു മണി. ഇനിയുള്ളത് വെറും മൂന്നു മണിക്കൂറുകൾ മാത്രം. പക്ഷെ ‘അന്നാ’ അവൾ ഇവിടെ എങ്ങനെ ? എത്ര ആലോചിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല… പണ്ടേ അവൾ അങ്ങനെ ആണ്.. ആർക്കും പിടികൊടുക്കാത്ത സ്വഭാവം ആണ്… ആലോചിച്ചു നിൽക്കാൻ ഒട്ടു സമയവും ഇല്ല… വേഗം പണി തീർത്തിട്ട് വേണം അന്നാ എന്ന കടംകഥയ്ക്കു ഉത്തരം അവളോട് തന്നെ ചോദിക്കാൻ. കൃത്യം അഞ്ചരയ്ക്ക് തന്നെ അധർവിന്റെ ഫോണിലേക്കു അവളുടെ വിളിയും വന്നു. ആമുഖങ്ങളോ ഏച്ചുകെട്ടലോ അതിശയോക്തികളോ ഒന്നും തന്നെ ഇല്ലാതെ തന്റെ താമസിക്കുന്ന ഹോട്ടൽ മുറിയുടെ നമ്പർ മാത്രം പറഞ്ഞു : റൂം നമ്പർ ‘1206’. അന്നാ എന്നത് തന്റെ ജീവിതത്തിലെ ഒരിക്കൽ സംഭവിച്ച ഇന്ദ്രജാലമാണ്. അവളെ അങ്ങനെ കാണാനേ കഴിയൂ. അത്രയധികം നിമിഷങ്ങൾ സമ്മാനിച്ചവൾ അന്നാ. തുടക്കവും ഒടുക്കവുമില്ലാതെ ഓർമ്മകൾ കൊണ്ട് ജീവിതത്തിനു നിറങ്ങളുടെ ഒരായിരം അഴക് സമ്മാനിച്ചവൾ. അവളുടെ ഒർമ്മകൾ തന്നിൽ ഒരിക്കലും മറവിയുടെ കയത്തിൽ അകപ്പെട്ടു പോകരുതു എന്ന് വാശി പിടിക്കുന്നവൾ. അവളെക്കുറിച്ചു ഓർക്കുമ്പോൾ ഒരിക്കലും കണ്ണ് നിറയരുത് എന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ച ദുർവാശിക്കാരി. അവൾ വന്ന സ്ഥിതിക്ക് രണ്ടു ദിവസം അവധിയെടുക്കാം എന്നൊരു ചെറിയ കണക്കു കൂട്ടലുകൾ കൂടി ഉള്ളിലെ പൊട്ടിപ്പുറപ്പെട്ടു. 

കൃത്യ സമയത്തു തന്നെ ഹോട്ടലിന്റെ താഴെ ലോബിയിൽ എത്തി വന്ന വിവരം അറിയിക്കാൻ റിസെപ്ഷനിസ്റ്റിനോട് പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ അവളുടെ മുറിയിലേക്കും എത്താനായി. അന്നാ തന്നെയാണ് മുറി തുറന്നതു. ചിരിച്ചും കൊണ്ട് അവൾ കണ്ടപാടെ അധർവിനെ കെട്ടിപ്പിടിച്ചു. എന്നിട്ടു ഒരു പത്തു മിനുറ്റ് അകത്തെ മുറിയിൽ കാത്തു ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞു മുറി കാട്ടി തന്നു. ഹാളിൽ ഏതൊക്കെയോ വിദേശ ഡെലിഗേറ്റസുമായി അവൾ ഇംഗ്ലീഷിൽ കാര്യമായ ചർച്ചയിലാണ്. ഇടയ്ക്കു അവൾ അതിൽ ആരോടോ ഫ്രഞ്ചിൽ എന്തൊക്കെയോ നിർദ്ദേശങ്ങൾ പറയുന്നുണ്ടായിരുന്നു. അവൾ ധിറുതിയിൽ സംസാരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. അങ്ങനെ മിണ്ടുമ്പോൾ അവളുടെ മുഖഭാവങ്ങൾ എത്ര പെട്ടെന്ന് ആണ് മിന്നായം പോലെ മാറിമറിയുന്നു. അവൾ പറഞ്ഞത് പോലെ വാക്കു പാലിച്ചു. ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വന്നവരൊക്കെ പോയി. മുറിയിൽ ഞങ്ങൾ മാത്രമായി. ഇവിടെ തുടങ്ങുന്നു അലിഖിത നിമിഷങ്ങളുടെ സന്ധ്യ.

“അപ്പൊ… എങ്ങനെയാ? നമ്മൾ തുടങ്ങുകയല്ലേ? എന്നാൽ പിന്നെ ആദ്യപടിയായി ഫോണുകൾ ഒക്കെ ഓഫായാക്കി മേശവലിപ്പിൽ നിക്ഷേപിച്ചോ… ” എന്നവൾ പറഞ്ഞു. 
“ഞാൻ സാധനങ്ങൾ ഒക്കെയെടുത്തു ഹാളിൽ റെഡിയാക്കാം” എന്ന് പറഞ്ഞിട്ട് അവൾ മുറിയുടെ പുറത്തേക്കു പോയി. 
“അവൾ… എപ്പോൾ… എങ്ങനെ…. ഈ നഗരത്തിൽ വന്നെത്തി” എന്നീ ചോദ്യങ്ങൾക്കു ഒരു ഉത്തരം പറയണമെന്ന് ഒന്നും അവൾക്കു തോന്നിയതേ ഇല്ലല്ലോ എന്ന് ഓർത്തുപോയി . ഹാളിലെത്തി കഴിക്കാറുള്ളത് വിളിച്ചു ഓർഡർ കൊടുത്തു കഴിഞ്ഞപ്പോഴേക്കും അവൾ വേഷം മാറി കുളിച്ചു എത്തിക്കഴിഞ്ഞിരുന്നു. അയഞ്ഞ ഒരു സ്ലീവെലെസ്സ് ടീഷർട്ടും ഷോർട്സും. അവൾക്കു വലിയ മാറ്റമൊന്നും ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നി. പിന്നീട് ആണ് അവൾ പച്ച കുത്തിയത് കണ്ണിൽ പെട്ടത്, ഇടത്തെ തോളിൽ സങ്കീർണ്ണമായ എന്നാൽ ഭംഗിയുള്ള ഒരു മാണ്ടാല റ്റാറ്റൂ, പിന്നെ ഇടത്തെ കണംക്കാലിൽ ചെറിയ ഒരു കടൽത്തിരയുടേത്, വിരലുകളിലും കണ്ടു ചെറുത് ചിലതു. ബാൽക്കണി ജനാലയും കതകും തുറന്നു ഇട്ട ശേഷം തനിക്കു അഭിമുഖമായി അവൾ ഇരുന്നു. അവളുടെ മാറ്റങ്ങൾ തനിക്കു വ്യക്തമായി വരുന്നതേയുള്ളു എന്ന് കണ്ടു അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു തലയിൽ കെട്ടിയിരുന്ന സ്കാർഫ് അഴിച്ചു നീളൻ മുഫി പൊക്കി പിൻ കഴുത്തു കാട്ടിത്തന്നു. ഇരു ചെവികൾക്കും നേർ രേഖയിൽ നിന്ന് താഴേക്കുള്ള മുടി മുഴുവനും ഏതോ പാറ്റേണിൽ വെട്ടി ശവേ ചെയ്തിരിക്കുന്നു. അതിനും താസ്‌ഹേ കഴുത്തിൽ നിന്നും മുതുകിലേക്കു ഇറങ്ങി പോകും പോലെ വലിയൊരു റ്റാറ്റൂ: പാതി താമരയുടെയും മറുപാതി ശ്രീബുദ്ധന്റേയും. കയ്യിൽ നിന്നും ഉതിർന്നു വീണ മുടിക്കെട്ടിൽ അങ്ങിങ്ങു ആയി നീലനിറത്തിൽ ചെറുഭാഗങ്ങളായി പിന്നിയിട്ട നീളൻ മുടി. അവളുടെ ബാഹ്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഏതാനും നിമിഷങ്ങൾ എനിക്ക് അനുവദിച്ച ശേഷം അന്നാ ആ സായാഹ്നത്തിന് തുടക്കമിട്ടു. എന്നത്തേയും പോലെ ജാക്ക് ഡാനിയേൽസ് ഓൺ ദി റോക്ക്സ് ആണ് ആദ്യ റൌണ്ട്. വര്ഷങ്ങള്ക്കു മുൻപ് അവൾ വായിക്കാൻ ഇടയായ ഒരു ജീവചരിത്രമാണ് ” Blood & Whiskey : The Life & Times of Jack Daniels “. സാക്ഷാൽ JD എന്ന് മദ്യപാനികൾ ബഹുമാനപുരസ്സരം വിളിക്കുന്ന ജാക്ക് ഡാനിയേൽ വിസ്‌കിയുടെ സ്ഥാപകന്റെ ജീവിതകഥ. അതിനു ശേഷമാണ് അമേരിക്ക എന്ന ബൂർഷ രാജ്യത്തോട് പുച്ഛമാണെങ്കിലും അവരുടെ വിസ്‌കിയോടു ഇഷ്ടം കാട്ടി തുടങ്ങിയത്. ആ രാത്രിയുടെ പിന്നീട് വന്ന യാമങ്ങളിൽ ഒന്നും തന്നെ മദ്യത്തിന്റെയോ മൾബറോ പുക ചുരുളുകളുടെയോ സാന്നിധ്യം മടുപ്പു ഉളവാക്കിയില്ല എന്നതാണ് പരമ സത്യം.

കഴിഞ്ഞ മൂന്നു വർഷക്കാലങ്ങളിലേയ്ക്കുള്ള തിരനോട്ടത്തിനു മാത്രമുള്ള ഞങ്ങളുടെ യാമങ്ങളായിരുന്നു അവയൊക്കെ. പുലരും വരെ നിർബാധം കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. ഏതോ ഒരു നിമിഷത്തിൽ അവൾ ചോദിച്ചു :

“അധർവ്… ആയിരത്തിയൊന്നു രാവുകളിലെ പോലെ നിനക്കും എനിക്കുമിടയിൽ ഈ കഥകൾ പറഞ്ഞു തീർക്കാൻ എത്ര രാവുകൾ വേണ്ടി വരും ?”

അവളുടെ പല ചോദ്യങ്ങൾക്കും ഒരുപാട് അർഥങ്ങൾ ഉണ്ടാകാറുണ്ട്… അതുകൊണ്ടു തന്നെ അവയ്ക്കൊന്നും അവൾ എന്നിൽ നിന്നും ഉത്തരങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടു ഏതോ ഉൾവിളിയിൽ അവൾ പാടാൻ തുടങ്ങി 

“ആജ് ജാനേ ക്കി സിദ് ന കരോ…
യൂ ഹി പെഹ്‌ലു മെം ബേട്ടി രഹോ…
ആജ് ജാനേ ക്കി സിദ് ന കരോ…” 


അവൾ ഉള്ളിൽ തട്ടി ആ പാട്ടു അപ്പോൾ പാടിയത് എന്ന് അവളുടെ കണ്ണുകൾ വ്യക്തമാക്കി. അവൾക്കു ഒരുപാട് ഇഷ്ടമുള്ള ഈ ഗസൽ, ഫരീദാ ഖാനും പാടിയ ഒറിജിനൽ റെക്കോർഡ് ആണ് പ്രിയം. അവളുടെ ഓർമ്മകൾ ആഗതമാകുന്ന ഒട്ടുമിക്ക രാത്രികളിലും എനിക്ക് അഭയം തരുന്നതും ഈ പാട്ടു തന്നെയാണ്. കിഴക്കു വെള്ള വീണു തുടങ്ങിയപ്പോഴാണ് ഞങ്ങൾ കിടക്കയിൽ ശരണം തേടിയത്. പിന്നെ ഞാൻ ഉണർന്നപ്പോൾ അവൾ കിടക്ക വിട്ടു എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഉറക്കത്തിൽ എപ്പോഴോ നോക്കിയപ്പോൾ തന്റെ അരികിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ശാന്തമായി ചുരുണ്ടുകൂടി കിടന്നു ഉറങ്ങുന്നത് കണ്ടു. തന്റേതു എന്ന് ഒരിക്കലും അവകാശപ്പെടാൻ അർഹതയില്ലെങ്കിലും യാഥാർഥ്യങ്ങളുടെ മുഖങ്ങൾ ഉള്ള അന്നാ എന്നും ഞാൻ മാത്രം അറിയുന്ന അന്നാ തന്നെയാണ്. ബാഹ്യരൂപത്തിൽ ഇനിയും എന്തൊക്കെ മാറ്റങ്ങൾ തന്നെ അവൾക്കു ഉണ്ടായാലും ഇന്നലെ രാത്രി തൊട്ടു ഇന്ന് ഈ നിമിഷം വരെ കണ്ടത് മാത്രമാണ് അന്നയുടെ പിറുൽ. ഹാളിലെ മേശമേൽ അവൾ തിരക്കിട്ടു എന്തൊക്കെയോ ജോലിയിലാണ്. അധർവ് ചെന്ന് ഇരുന്നതും കുടിച്ചു കൊണ്ടിരുന്ന അവളുടെ കാപ്പിക്കപ്പ് അവനു നേരെ നീട്ടി. ഇന്ന് വൈകിട്ട് അവൾ തിരികെ പോവുകയാണ്: ഫ്രാങ്ക്ഫുർട്ടിലേക്ക്‌. അവളെ എയർപോർട്ടിൽ ഇറക്കാനുള്ള ചുമതല അവനാണ്. ഉച്ചയൂണിനു ശേഷമുള്ള വർത്തമാനങ്ങൾക്കു ഇടയിൽ അവളൊരു സമ്മാനപ്പൊതി നീട്ടി. അതിലൊരു വാച്ച് ഉണ്ടായിരുന്നു. അവൾ തന്നെ അതെടുത്തു അവന്റെ കയ്യിൽ കെട്ടിക്കൊടുത്തു.

“എന്നെക്കാൾ എത്രയോ മടങ്ങ് ആഴത്തിൽ നീ നമ്മുടെ അല്ലെങ്കിൽ എന്റെ ഓർമ്മകളെ സൂക്ഷിക്കുന്നു. ഈ വാച്ച് അലിഖിത നിമിഷങ്ങളുടെ സന്തോഷത്തെ എന്നും നിന്നിൽ ഒരു ഓർമ്മപ്പെടുതലായ് നിന്റെ കൂടെ ഉണ്ടാകും ” 


കാറിൽ അവൾ കൂടുതൽ സമയവും നിശ്ശബ്ദയായിരുന്നു. ഇടക്കുള്ള ദീർഘ നിശ്വാസങ്ങളിലൊക്കെയും വേർപാടിന്റെ നെടുവീർപ്പുകൾക്കു മോചനം എകിക്കൊണ്ടിരുന്നു. കാറിൽ നിന്നും ബാഗുകൾ ഇറക്കി വച്ചു കഴിഞ്ഞപ്പോൾ നിറഞ്ഞ മിഴികളോടെ അന്നാ ഹൃദ്യമായ് പുഞ്ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. 


“ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും അന്നാ എന്ന സ്പന്ദിക്കുന്ന ഓർമ്മകൾ അധർവിൽ ഉള്ള കാലം വരെ ഈ അന്നയ്ക്കും മരണമില്ല”.

ഇത്രയും മാത്രം പറഞ്ഞു കൊണ്ട് അടുത്ത ഓർമ്മക്കാലം വരും വരെ അവൾ യാത്ര തിരിച്ചു. 
ശുഭം

അവ്‌നി

IMG_4576

ദൈർഖ്യമേറിയ ഒരു മീറ്റിംഗിന് ഒടുവിൽ ക്യാബിനിൽ എത്തിയപ്പോഴാണ് ഫോണിൽ വന്ന തീരെ പ്രതീക്ഷിക്കാത്ത ഒരു മിസ്സ്ഡ് കോൾ കണ്ടത്. ദേവിക ചക്രബർത്തി, അവ്നിയുടെ അമ്മയുടേതായിരുന്നു ആ ഫോൺ കോൾ. ഞാൻ വിളിച്ചയുടനെ തന്നെ അമ്മ ഫോൺ എടുത്തു. ജോലിത്തിരക്ക് കാര്യമായി ഇല്ലെങ്കിൽ അവ്നിയുടെ അടുത്തേയ്ക്കു കുറച്ചു ദിവസത്തേയ്ക്ക് ഒന്ന് പോയി വരാൻ തനിക്കു ആകുമോ എന്ന് ആണ് അമ്മ തിരക്കിയത്. പ്രായം ആയതിനാൽ അമ്മ ഇപ്പൊ യാത്രകൾ ഒഴിവാക്കാറാണ് പതിവ്. പിന്നെ എല്ലാം ധിറുതിയിൽ ആയിരുന്നു, ഒന്നര ആഴ്ച ലീവിന് എഴുതിക്കൊടുത്ത്‌ ഒരു നീണ്ട വിമാന യാത്രയ്ക്കു തയ്യാറായി. അവ്നിയുടെ അടുത്തേയ്ക്കു എത്താൻ എനിക്ക് ഇരുപത്തിയേഴു മണിക്കൂറു സമയം എടുത്തു. ദുബായിൽ നിന്നും മനില അവിടെ നിന്നും തായ്പേയ് പിന്നെ അവിടുന്ന് ഹൊനോലുലു ഹവായ് എയർപോർട്ട്.

അവ്നി, അവൾ എന്നോ എന്നിൽ കയറിക്കൂടിയ ഭ്രാന്ത് ആണ് എന്ന് പറയുന്നതാവും ശരി. അവൾ മലയാളി ഐ എ എസ് ഓഫീസർ ദേവിക വർമയ്ക്കു ബംഗാളിയായ സുബോധ ചക്രബർത്തിയിൽ ഉണ്ടായ ഒറ്റസന്താനം. ഇപ്പോഴുള്ള അവളുടെ താമസം ഹവായ് ദ്വീപിലാണ്. എന്റെ ഇത്തവണത്തെ വരവ് അവൾക്കു അറിവുള്ളതല്ല. ആഴ്ചയിൽ ഒരിക്കൽ ഉള്ള വീഡിയോ കോളുകൾ ഒഴിച്ചാൽ അവളെ നേരിട്ട് കണ്ടിട്ട് ഒരു വർഷത്തിന് മേലെയായി. അവളിപ്പോൾ ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബിയോളജിയിൽ നിന്നും ഡോക്ടറേറ്റ് എടുക്കാനുള്ള അവസാന വർഷത്തിൽ ആണ്. കടലാമയുടെ പുനരധിവാസം സംബന്ധിച്ചും അവയുടെ ആവാസവ്യവസ്ഥയിൽ മാറ്റങ്ങളെ കുറിച്ചുമൊക്കെയാണ് അവളുടെ ഗവേഷണം. കടലാണ് അവളുടെ സിരകളിൽ എങ്കിൽ അവ്‌നി ആണ് എന്റെ സിരകളിൽ എന്നത് പോലെയാണ്. അവളുടെ സ്വപ്നങ്ങൾക്കിടയിൽ ഇപ്പോഴെന്റെ ദുർവാശികൾക്കു സ്ഥാനം കൊടുക്കാൻ എനിക്ക് ഇഷ്ടമല്ല. ഈ യാത്ര തികച്ചും അപ്രതീക്ഷിതമായാണ്… കാരണം അവളിപ്പോ ഭ്രാന്ത് പിടിച്ചപോലെ തിരക്കിൽ ആയിരിക്കുമെന്ന് പറഞ്ഞിരുന്നതാണ്, ജോലി സംബന്ധമായ അവളുടെ തിരക്കിൽ അവളെ അവളുടെ വഴിക്കു വിടുന്നത് തന്നെയാകും നല്ലതു എന്ന് തോന്നി. എയർപോർട്ടിൽ നിന്നും അവളുടെ അടുത്തേക്ക് വീണ്ടും ഒരു അരമണിക്കൂർ യാത്ര വേണ്ടി വന്നു.അവൾ താമസിച്ചിരുന്നത് കടൽത്തീരത്തിനോട് അടുത്തുള്ള ഒരു ചെറിയ കോട്ടജിൽ ആയിരുന്നു, അത് അവളുടെ ഗവേഷണ ജോലിക്കും എളുപ്പമായിരുന്നു. ഒറ്റക് അങ്ങനെ ഒരു കോട്ടേജിൽ അവൾക്കു താമസിക്കാൻ സൗകര്യം കിട്ടിയതിൽ എന്റെ അസൂയ അവളോട് പലതവണ ഞാൻ പറഞ്ഞിട്ടുമുണ്ട്. അധികം ആളും ബഹളവും ഇല്ലാതെ കടൽ കണ്ടുകൊണ്ട് ദിവസങ്ങൾ നീക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഇപ്പോൾ ഉള്ള ഐ റ്റി ജോലികൊണ്ടു എ സി ചുവരുകൾക്കുള്ളിൽ ആയുസ്സു ഇങ്ങനെ കേട്ട് പോകുന്നതിലും എത്രയോ ഭേദമാണ് അവ്‌നിയെ പോലെ കടലിന്റെ തീരത്തു ഉള്ള ശാന്തമായ ജീവിതം.  ഇത് അസ്‌വളോട് പരജാൽ അവൾക്കു ചിരിയാണ് വരിക. കാരണം തീസിസിലെ വർക്ക് ഒന്നും ആകാതെ വരുന്ന ഭ്രാന്ത് പിടിച്ച അവസ്ഥകളെ പറ്റിയൊക്കെ അവൾക്കു പറയാൻ കഥകൾ ഏറെയുണ്ട്. എന്നിരുന്നാലും അവൾക്കു ഇത് മാത്രമേ ചെയ്യാൻ ആഗ്രഹമുള്ളൂ.
ടാക്സി കാർ അവളുടെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയപ്പോൾ ആണ് ഓർമ്മകളുടെ പിൻവിളിയിൽ നിന്നും തനിക്കു തിരികെ വരാൻ ആയതു. ഇനി പെട്ടിയെടുത്തു പൂഴിമണലിൽ കൂടി സ്വല്പം നടക്കാനുണ്ട്. നേരം ഇപ്പൊ വെളുത്തു വരുന്നതേയുള്ളൂ ഏതാണ്ട് ആറു മാണി കഴിഞ്ഞിട്ടുണ്ടാകും. അവ്‌നി വീട്ടിൽ ഉണ്ടോ അതോ അവസാന ഘട്ട ഫീൽഡ് വർക്കിനായി പോയിട്ടുണ്ടാവുമോ എന്ന് അറിയില്ല. കോട്ടേജിന്റെ മുൻപിലുള്ള ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തു കതകു തുറന്നു അകത്തു കയറി. ഏതോ മരത്തടിയിൽ തീർത്തതാണ് ആ വീടിന്റെ ഭൂരിഭാഗവും. ഹാളിൽ ഒക്കെ നിറയെ പേപ്പറുകൾ ആലംകോലമായി കിടക്കുന്നു, പാതി ചെറിയ അകത്തെ മുറിയുടെ വാതിൽ കൂടി കട്ടിൽ അവ്‌നി കിടന്നു ഉറങ്ങുന്നതായി കണ്ടു.  ഉദിച്ചു വരുന്ന സൂര്യൻ അവളുടെ കിടപ്പുമുറിയുടെ അവസ്ഥ വ്യക്തമാക്കി. വെള്ള വിരിച്ച കിടക്കയിൽ കൊതുകുവലയ്ക്കുള്ളിലായ് അവ്‌നി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കമഴ്ന്നു കിടന്നു ഉറങ്ങുകയാണ്. വിരിപ്പിനു വെളിയിലായുള്ള കയ്യിലും കണങ്കാലിലും ഉള്ള അവളുടെ ടാറ്റൂകൾ ആ വെളിച്ചത്തിൽ കാണാം.  കിടക്കയുടെ മറുവശത്തുള്ള മേശമേൽ ലാപ്ടോപ്പ് ഇപ്പോഴും സ്ക്രീൻ ഓൺ ആയി തന്നെ ഇരിക്കുന്നു. ഏതൊക്കെയോ പേപ്പറുകളും ഫയലുകളും റഫറൻസ് ബുക്സുമൊക്കെ കുന്നുകൂടി കിടപ്പുണ്ട്. പോരാത്തതിന്  അങ്ങിങ്ങായി കുറച്ചു പിസ്സ പൊതികളും ബിയർ കുപ്പികളും വേറെ. ഈ ആഴ്ച അവൾക്കു തീസിസ് വയ്ക്കണം എന്ന് പറഞ്ഞിരുന്നു, പാവം അതിന്റെ ഓട്ടപ്പാച്ചിലിൽ ആകും.  ആള് നല്ലപോലെ വർക്കിന്റെ ടെൻഷനിൽ ആണെന്ന കാര്യം മുറിയുടെ അവസ്ഥയിൽ നിന്നും വ്യക്തമായി. യാത്ര ക്ഷീണത്തെക്കാളും അവളുടെ അടുത്ത് ഇങ്ങനെ ഒരു അവസരം കിട്ടി എത്താനായല്ലോ എന്ന സന്തോഷം ഉണ്ടെങ്കിലും ഉറങ്ങുന്ന അവളെ വിളിച്ചുണർത്താൻ എന്തുകൊണ്ടോ തോന്നിയില്ല. ഹാളിൽ തിരികെ പോയി പതിയെ ശബ്ദം ഉണ്ടാക്കാതെ പോയി കുളിച്ചു ഫ്രഷ് ആയി ഒരു കപ്പ് ചൂട് കാപ്പിയുമായി കോട്ടേജിന്റെ മുൻവശത്തെ പടിയിലിരുന്നു പ്രഭാതം കണ്ടു.
ഏതാണ്ട് എട്ടു മണി ആയപ്പോഴേക്കും തിരികെ അവളുടെ മുറിയിൽ ചെന്ന് നോക്കി , ഇന്ന് ശനിയാഴ്ചയാണ് ഡിപ്പാർട്മെന്റിൽ അവൾക്കു പോകേണ്ടി വരില്ലെന്ന് തോന്നുന്നു. എന്നാലും ഇനിയും അവളോട് മിണ്ടാതെ കണ്ട സന്തോഷം അടക്കാൻ വയ്യ… വിളിച്ചുണർത്താൻ എന്ന് തന്നെ നിരീച്ചു…
“അവീ… ” എന്നുള്ള തന്റെ നീട്ടിയ വിളികേട്ടു അവൾ ഹാളിലേക്ക് ഇറങ്ങി വന്നു. ഉറക്കചെവിടിൽ ആയതു കാരണം അവൾ തന്നെ തന്നെ ഒന്ന് നുള്ളി നോക്കി… അവളുടെ മുൻപിൽ നിൽക്കുന്ന താൻ സത്യമാണോ എന്ന് അറിയാൻ…
“ആദി… നീ ഇവിടെ ? എപ്പോ… എങ്ങനെ? ” ബാക്കി മുഴുമിക്കാതെ അവൾ വന്നു തന്നെ കെട്ടിപ്പിടിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി അവൾ മര്യാദയ്ക്കു അമ്മയോടോ അച്ഛനോടോ പോലും സംസാരിച്ചിട്ടില്ല. താൻ വിളിച്ചാലും അവളുടെ തിരക്കു കാരണം അധികനേരം മിണ്ടാൻ കഴിയാറില്ല. പോരെങ്കിൽ നാട്ടിലും ഇവിടെയും ഉള്ള സമയവ്യത്യാസം വേറെയും.  അവളുടെ അമ്മയുടെ ഉള്ളിലെ ആധിയെ പറ്റി പറയാൻ തോന്നിയില്ല. അതിൽ കാര്യമുണ്ടെന്നു ഒരു തോന്നൽ തനിക്കും ഉണ്ട് എന്നത് ആണ് സത്യം.
“എനിക്ക് നിന്നെ പെട്ടെന്ന് കാണണം എന്ന് തോന്നി…. അടുത്ത ഫ്ലൈറ്റ് പിടിച്ചു വന്നു.  ഈ ആഴ്ച അല്ലേ നിന്റെ തീസിസ് വയ്ക്കുന്നേ.. അപ്പൊ പിന്നെ നീ അത് വയ്ക്കും വരെ നിനക്ക് കൂട്ടിരിക്കാം എന്ന് കരുതി “
പിന്നീടുള്ള ഒരു ആഴ്ച അവളെ ഏറ്റവും അടുത്ത് നിന്ന് ജോലി ചെയ്യുന്നത് കാണാൻ ആണ് എനിക്ക് കഴിഞ്ഞത് … ഒരു യന്ത്രത്തെ പോലെ മണിക്കൂറുകളോളം അവൾ തീസിസ് എഴുത്തിൽ മുഴിയിരിക്കുന്നതു ആണ് എന്റെ കണ്മുന്പിലെ കാഴ്ച. ഇടക്ക് അവൾ ഡിപ്പാർട്മെന്റിൽ പോകും ഗൈഡിനെ കണ്ടു സംസാരിച്ചു തിരികെ വന്നു വീണ്ടും അതെയിരിപ്പു തുടരും. ഞാൻ വന്നതോടെ പുറത്തെ ഭക്ഷണം പാടെ ഒഴിവാക്കി . കഴിഞ്ഞ ദിവസം  അവൾക്കു പ്രിയപ്പെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു, ആ കുറുമ്പുള്ള  മുഖത്തെ സന്തോഷം കാണാൻ നല്ല ചേല് ആയിരുന്നു. അവൾ എഴുത്തിൽ മുഴുകിയിരുന്നതിനാൽ മിക്കവാറും സമയം എനിക്ക് ഒഴിവുള്ളതായിരുന്നു. വന്ന ശേഷം അവളുടെ അമ്മയോട് വിളിച്ചു വിവരങ്ങൾ ഒക്കെ പറഞ്ഞിരുന്നു. അപ്പോഴാണ് അമ്മക്ക് സമാധാനം ആയതു. അവ്‌നിയെ സംബന്ധിച്ചു ഈയൊരാഴ്ച അവൾക്കു വിലയേറിയതാണ്….
ഇടയ്ക്കു തടസം വരുമ്പോൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും എന്തോക്കെയോ ഇടയ്ക്കു പുലമ്പും അല്ലെങ്കിൽ കടൽ തീരത്തെയ്ക്ക്  പോകും എന്നിട്ടു കുറച്ചു നീന്തിയ ശേഷം തിരികെ വരും. വീണ്ടും എഴുതും … സ്ട്രെസ് കൂടിയാൽ ഒന്നോ രണ്ടോ ബിയർ അടിക്കും കൂടെ ഒരു സിഗരറ്റും. കൂടെ ഞാനും ഉണ്ടാവും…താമരയും ബുദ്ധനും വരച്ചിരിക്കുന്ന അവളുടെ പിന്കഴുത്തു ലേശം പെയിൻ ബാം ഇട്ടു തടവി കൊടുക്കും…   പഴയ തമാശകളും അബദ്ധങ്ങളും ഓർമ്മകൾ പുതുക്കുന്നത് അപ്പോഴാണ്. അങ്ങനെ ഒരു മണക്കൂര് അവൾ എന്റെ അടുത്ത് ഉണ്ടാവും…പിന്നീട് എന്റെ കവിളത്തു ഒരു ഉമ്മ നൽകിയിട്ടു അവൾ വീണ്ടും ജോലിയിൽ മുഴുകും … അത് കാണുമ്പോലെ ഊഹിക്കാം അവളുടെ അവസ്ഥ. മറ്റൊരു ലോകത്താണ് അവൾ എന്ന് പലപ്പോഴും തോന്നിപോകും, അവളുടെ ലക്ഷ്യബോധം വളരെ കരുത്തുറ്റതാണ് അതുകൊണ്ടു തോൽവി സമ്മതിക്കില്ല.  കഴിഞ്ഞ ദിവസം ഇടയ്ക്കു അവൾ ഇരുന്ന കസേരയിലെ രക്തക്കറ കണ്ടപ്പോഴാണ് അവൾ ആർത്തവവരവ് പോലും മറന്നുപോയതുപോലെ തോന്നി…ടൈപ്പ് ചെയ്തുകൊണ്ടിരുന്ന അവളുടെ ലാപ്‌ടോപ്പിന് മുകളിൽ തോർത്തും മെൻസ്ട്രുൽ കപ്പും കൊണ്ട് വച്ചിട്ട് ആണ് അവൾക്കു കാര്യം വ്യക്തമായത്. എണീറ്റ് പോയി വേഷം മാറി വന്ന അവളുടെ മേശയുടെ അടിയിൽ കാലു പൊക്കി വയ്ക്കാൻ പാകത്തിന് ഒരു സ്റ്റൂളും ഇട്ടു കുറച്ചു ഡ്രൈ ഫ്രുയ്ട്സും എടുത്തു വച്ചിരുന്നു.  അത് കണ്ട് ഒരു നിമിഷത്തേക്ക് കണ്ണ് നിറഞ്ഞ അവൾ വന്നു കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം തന്നു. എന്നിട്ടു ചിരിച്ചും കൊണ്ട് കാതിൽ ഇത്രമാത്രം പറഞ്ഞു
“ആദി…. ഈ കടം നീ ഈ കടൽ തീരം വിടും മുൻപ് ഞാൻ വീട്ടും”.
വെള്ളിയാഴ്ച രാവിലെ ആയപ്പോഴേക്കും അവൾ ഏതാണ്ട് എല്ലാ എഴുത്തു പണികളും തീർത്തു. ഞങ്ങൾ പ്രിന്റ് എടുത്തു ബൈൻഡ് ചെയ്ത തീസീസുകളുമായി ഡിപ്പാർട്മെന്റിലേക്കു പോയി. ഉച്ച തിരിഞ്ഞപ്പോഴേക്കും എല്ലാ ഫോർമാലിറ്റീസും തീർത്തു തീസിസ് ഏൽപ്പിച്ച ശേഷം ഞാൻ കോട്ടേജിലേക്കു തിരിച്ചു, വരുംവഴിക്കു ആകുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി എത്തിയപ്പോഴേക്കും ഏഴു മണി കഴിഞ്ഞിരുന്നു. അവളുടെ മുറിയൊക്കെ ഞാൻ ഈ ഒരു ആഴ്ച കൊണ്ട് ഏകദേശം ഒതുക്കി വച്ചിരുന്നു. തിരികെ എത്തിയപ്പോഴേക്കും അവൾ എന്റെ പഴയ അവ്‌നി ആകാൻ തുടങ്ങി കഴിഞ്ഞിരുന്നു…ഇടയ്ക്കു ഉള്ള കഴുത്തിന്റെ വേദന ഒഴിച്ചാൽ അവൾ വർത്തമാനം പറയാനും എന്റെ വിശേഷങ്ങൾ തിരക്കാനും തുടങ്ങി. ഇടക്ക് വീട്ടിൽ വിളിച്ചു തീസിസ് വച്ച കാര്യം പറഞ്ഞു. കഴിക്കാൻ ഉള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ കുളിച്ചു വേഷം മാറി എത്തി. സ്പീക്കർ കണക്ട് ചെയ്തു ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ വച്ചു എന്നിട്ടു മുറിയിലാകെ കുറെ മെഴുകുതിരികൾ കത്തിച്ചു… ഇടക്ക് എനിക്ക് വേണ്ട പാചക സാധനങ്ങൾ ഒക്കെ ഒരുക്കൂട്ടി തന്നു…
ആ രാത്രിയ്ക്കു മിഴിവേകാൻ കരുതി വച്ചിരുന്ന റെഡ് വൈൻ കൂടി എടുത്തു… ഓർമ്മകളെക്കാൾ അന്ന് അവൾക്കു പറയാൻ ഉണ്ടായിരുന്നത് അവൾക്കു വേണ്ടി കടൽ കടന്നു താൻ അവിടെ എത്തി എന്നതിനെ കുറിച്ച് ആയിരുന്നു. പാട്ടിനൊപ്പം ചെറിയ താളത്തിൽ അവളോടൊത്തു ചുവടു വയ്ക്കുമ്പോൾ അവ്‌നിയുടെ കണ്ണുകളിൽ കുഞ്ഞു രണ്ടു നീർമണികൾ ഉരുണ്ടു കൂടി കഴിഞ്ഞിരുന്നു. അവളുടെ സമത്വത്തിനു കാത്തു നില്കാതെ ആദി അവയെ സ്വന്തമാക്കി. വൈൻ കുപ്പിയുമെടുത്തു നിലാവുള്ള കടൽത്തീരത്തേക്കു അവൾ തന്റെ കൈപിടിച്ച് നടക്കുമ്പോൾ ഈ രാത്രി ഒരിക്കലും അവസാനിക്കാതെ ഇരുന്നെങ്ങിൽ എന്ന് തോന്നിപ്പോയി… തീരത്തോട് അടുത്ത് തന്നെ പാറക്കൂട്ടങ്ങൾ തീർത്ത ഒരു ചെറിയ തടാകം പോലെയാണ് തിര അടിച്ചാലും അവിടെ നീന്താൻ സൗകര്യമുണ്ട്. അവൾ ആധിയെ കൂടി നടന്നതും അങ്ങോട്ടേക്ക് ആയിരുന്നു. നിലാവും നക്ഷത്രങ്ങളും തീർത്ത രാത്രിയിൽ ഞങ്ങൾക്കു കൂട്ടായി കടലിന്റെ തിരകൾ മാത്രം…അവ്‌നി എന്ന ബുദ്ധിജീവിയിൽ നിന്നും എന്റെ ഭ്രാന്തി പെണ്ണായി മാറാൻ അവൾക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ… വേഗം ഉടുത്തിരുന്ന കഫ്‌താൻ തീരത്തേയ്ക് അഴിച്ചു വച്ച് അവൾ കടലിലേക്ക് ഇറങ്ങി… തിരയിലൂടെ വയ്ക്കുന്ന അവളുടെ ഒരു ചുവടിനും തിളങ്ങുന്ന നീല നിറത്തിൽ കടലിന്റെ ജൈവദീപ്തി എന്ന് വിളിക്കുന്ന കവര പൂത്തു നിൽപ്പുണ്ടായിരുന്നു. പണ്ടൊരിക്കൽ വീഡിയോ കോളിൽ  അവൾ തന്നെയാണ് തനിക്കു ഇത് കാട്ടി തന്നത്. ഇന്ന് അവളോടൊപ്പം ഈ രാത്രി … കടൽ ഈ കാഴ്ച കാത്തു വച്ചതോർത്തപ്പോൾ  ഒന്ന് കോരിത്തരിച്ചു… അവ്‌നിയുടെ വിളിക്കു കാത്തു നില്കാതെ തന്നെ ആദിയും നീന്താൻ ഇറങ്ങി…  കവര പൂത്ത കടലിനു സാക്ഷിയായി ആ രാത്രി തന്നിൽ അവ്‌നി മോഹങ്ങളുടെ കെട്ടഴിച്ചു വിട്ടു. രാത്രിയുടെ നാഴികകൾക്കോ വിനാഴികകൾക്കോ കണക്ക് വയ്ക്കാതെ ഉന്മാദത്തിന്റെ ഭ്രാന്തുകൾ ഇരുവരും മണൽ തരികളിൽ എഴുതിത്തീർത്തു.

അനന്തൻ – പദ്മനാഭൻ

IMG_4012

‘കുട്ടാ… അച്ഛൻ്റെ കൂടെ വാ… നമുക്ക് ഒരു സ്ഥലം പോയിട്ട് വരാം. കുട്ടന് ഒരു സമ്മാനം അച്ഛൻ തരാം ” പദ്മനാഭൻ പറഞ്ഞു തീരും മുപ്പ ആര് വയസ്സുള്ള മകൻ അനന്തൻ ആവേശത്തോടെ ഓടിയടുത്തെത്തി…പിന്നെ ചോദ്യങ്ങളുടെ ഘോഷയത്ര ആയിരുന്നു…  ‘എവിടേക്കാ അച്ഛാ.. എപ്പോഴാ…. എങ്ങനെയാ….നമ്മൾ പോകുന്നേ? ” വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞു അവർ പോകുമ്പോൾ അനന്തന്റെ കൗതകം കൂടിയത് ട്രെയിനിൽ ആണ് യാത്ര എന്ന് അച്ഛൻ പറഞ്ഞപ്പോഴാണ്. അച്ഛനും അവനും ഒന്നിച്ചുള്ള ആദ്യത്തെ യാത്ര. വൈകിട്ട് ട്രെയിനിൽ യാത്ര തുടങ്ങിയ ശേഷം ഇരുട്ട് വീഴും വരെ അവൻ ഉത്സാഹത്തോടെ കാഴ്ചകൾ കണ്ടു. അച്ഛൻ പറഞ്ഞത് പിറ്റേന്ന് രാവിലെ ആകുമ്പോഴാണ് ട്രെയിൻ ഇറങ്ങുക എന്നാണു… ട്രെയിൻ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കട്ടെ… തനിക്കു ഇങ്ങനെ പോയാൽ മതി, എങ്ങും ഇറങ്ങേണ്ടയെന്നു അനന്തൻ ഇടയ്ക്കു അച്ഛനോട് പറഞ്ഞു. അച്ഛൻ അത് കേട്ട് പൊട്ടിച്ചിരിച്ചും കൊണ്ട് അവൻ്റെ   കവിളിൽ ഒരു ഉമ്മ വച്ചു.
‘കുട്ടാ… നമ്മൾ പോകുന്നിടത്തു ഒരുപാട് കാഴ്ചകൾ കാണാൻ ഉണ്ട്… ട്രെയിൻ ഇറങ്ങാതെ അതൊക്കെ കാണാൻ പറ്റില്ല… ഇപ്പൊ അമ്മ തന്ന ഭക്ഷണം കഴിച്ചിട്ട് കുട്ടൻ ഉറങ്ങിക്കൊ…നാളെ രാവിലെ എണീറ്റ് നമുക്കു ബാംഗ്ലൂർ ഇറങ്ങി കുറെ ചുറ്റിക്കറങ്ങാം.”
അച്ഛൻ രാവിലെ തന്നെ അനന്തനെ എഴുന്നേൽപ്പിച്ചു മുഖമൊക്കെ കഴുകി വൃത്തിയാക്കി വേഷം മാറ്റി എന്നിട്ടു ഒരു ചൂട് കാപ്പി വാങ്ങി കൊടുത്തു. അത് കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലം എത്തി എന്ന് പറഞ്ഞു. ഒരു തോളിൽ ബാഗും തൂകി പദ്മനാഭൻ അവനെയും കൂട്ടി സ്റ്റേഷനിലേക്ക് ഇറങ്ങി.
പുതിയ സ്ഥലം… വലിയ സ്റ്റേഷൻ ഒക്കെ കണ്ടു അദ്ഭുതംപേറി അച്ഛനോടൊപ്പം അവർ നടന്നു ടാക്സി സ്റ്റാൻഡിലേക്ക് പോയി. അവിടെ നിന്നും അച്ഛൻ പറഞ്ഞു കൊടുത്ത സ്ഥലത്തേക്കു പോകും വഴി കമ്പിളി ഉടുപ്പ് നേരെയാക്കി തലയിൽ തൊപ്പി കൂടി വച്ച് അച്ഛൻ്റെ മടിയിൽ ഇരുന്ന അനന്തൻ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു. കാർ ചെന്ന് നിന്നതു ഒരു വലിയ ഗേറ്റിനു മുൻപിലാണ്. പദ്മനാഭൻ ടാക്സിക്കാരന് കൂലി നൽകി പറഞ്ഞു അയച്ചു. ആ വലിയ ഗേറ്റിനു മുകളിലൂടെ പന്തൽപോലെ ഇളം വയലറ്റ് നിറത്തിലെ കോളാമ്പി പൂക്കൾ നിറഞ്ഞു നിന്നു. ഗേറ്റ് തുറന്നു അകത്തു കടക്കവേ അകത്തു നിന്നും ആരോ വീണ മീട്ടി പാടുന്നതായി കേട്ടു. കുറച്ചു ചുവടുകൾ കൂടി വീടിനോടു അടുത്തപ്പോൾ ‘കൃഷ്ണാ നീ ബേഗനെ’ എന്ന യമൻ കല്യാണി രാഗം ആണെന്നും പാടുന്നത് ദേവകി ആണെന്നും പദ്മനാഭന് മനസിലായി. അല്ലെങ്കിലും ആ വലിയ വീട്ടിൽ പാട്ടു പാടുന്ന ഒരാൾ മാത്രമേ ഉള്ളൂ അത് ദേവകിയാണ് അതെ സമയം അവളുടെ പാട്ടിന്റെ കേൾവിക്കാരനായി ഭർത്താവു പ്രണവും.
“ആരാ അച്ഛാ പാടുന്നേ ?” എന്ന അനന്തന്റെ ചോദ്യത്തിന് അവനെക്കൊണ്ട് തന്നെ പദ്മനാഭൻ കോളിംഗ് ബെൽ അടിപ്പിച്ചു എന്നിട്ടു പറയാം എന്ന് ആംഗ്യം കാട്ടി. സ്വല്പം കഴിഞ്ഞപ്പോഴേക്കും അകത്തെ പാട്ടു നിലച്ചു. സൗമ്യമായി ചിരിച്ചും കൊണ്ട് മുപ്പതുകളുടെ മദ്ധ്യേ എത്തിയ ഒരു സ്ത്രീരൂപം വാതിൽ തുറന്നു. വിരുന്നുകാര് തിരിച്ചറിഞ്ഞു അവർ ആദ്യം നോക്കിയത് കുഞ്ഞു അനന്തനെയാണ്.
“അല്ലാ… ആരായിത്… കുട്ടനോ? ” എന്ന് സന്തോഷത്തോടെ പറഞ്ഞുകൊണ്ട് അവരെ അകത്തേയ്ക്കു നയിച്ചു. പഴയതെങ്ങിലും ഒരുപാട് ഭംഗിയുള്ള അകത്തളം. പുറത്തും അകത്തുമായി ഒരുപാട് ചെടികൾ. താളത്തിന്റെ ഒരുവശത്തു വിലക്കു കത്തി നിൽക്കുന്ന പൂജാമുറി അവിടെ തന്നെ ഒരു ചെറിയ തട്ടിലായി ഒരു വീണ. മൊത്തത്തിൽ ആ വീടിനുള്ളിൽ ആകെ കുന്തിരിക്കത്തിന്റെ സുഗന്ധം വ്യാപിച്ചിരുന്നു. അനന്തന് പദ്മനാഭൻ ദേവകിയെ അച്ഛൻ്റെ സുഹൃത്തായി പരിചയപ്പെടുത്തി കൊടുത്തു. കുട്ടനെ അവൾ തോട്ടത്തിൽ കൊണ്ടുപോയി ചെടികൾ നനച്ചുകൊണ്ടു നിന്ന പ്രണവിന് പരിചയപ്പെടുത്തി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ലവ് ബേർഡ്സിനെ കണ്ട അവൻ അന്തിച്ചു പോയി. അപ്പോഴേക്കും അവൻ്റെ  അടുത്തേയ്ക്കു വാലാട്ടി എത്തിയ ലാബ്രഡോർ പട്ടിയെ കണ്ടു ആദ്യം ഒന്ന് പേടിച്ചെങ്കിലും ദേവകി അവനു അടുത്ത് നിർത്തി അതിനു മേൽ കൈവച്ചു പേടി മാറ്റി.  അവന്റെ ചിരി കണ്ടു പദ്മനാഭൻ അടക്കം എല്ലാരും ചിരിച്ചു. യാത്ര കഴിഞ്ഞു വന്ന അവർക്കു കുളിച്ചു വേഷം മാറി വരാൻ സൗകര്യം ഒരുക്കിയ മുറി കാട്ടി കൊടുത്ത ശേഷം ദേവകി അവർക്കായി പ്രാതൽ തയാറാക്കാൻ പോയി. കുളി കഴിഞ്ഞു എത്തിയ അനന്തന് ദേവകി ദോശയും ചമ്മന്തിയും കൊടുത്തു. എല്ലാവരും ഒന്നിച്ചാണ് ആഹാരം കഴിച്ചത്. ഇടക്ക് ദേവകി അവനോടു തിരക്കി എന്തു പറഞ്ഞാണ് അവൻ ട്രെയിനിൽ അച്ഛനോടൊപ്പം വന്നത് എന്ന്. അച്ഛൻ സമ്മാനം വാങ്ങി തരാം എന്ന് പറഞ്ഞതിന്റെ പേരിലും അച്ഛൻ്റെ  കൂടെ ട്രെയിനിൽ കയറി വരാനും ആണ് താൻ വന്നത് എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു പ്രണവ് ബാങ്കിലേക്ക് പോയതിനു, അവർ മൂന്ന് പേരും കൂടി അവിടെ അടുത്ത് കുറച്ചു ചുറ്റിക്കാനാണ് ഇറങ്ങി. ദേവകി ആണ് വണ്ടി ഓടിച്ചത്. ഉച്ചക്കുള്ള ഊണിനു ശേഷം ഒരു വലിയ ഐസ്ക്രീമും കഴിച്ചിട്ടാണ് അനന്തൻ തിരിച്ചു എത്തിയത്. വീടിൻ്റെ അകത്തു കയറി വാങ്ങിയ കളിപ്പാട്ടങ്ങൾ ഒക്കെ മുറിയിൽ വച്ചപ്പോഴേക്കും ദേവകി അനന്തനെ പൂന്തോത്തിലേക്കു  കൂടെ ചെല്ലാൻ വിളിച്ചു. പദ്മനാഭനെയും കൂട്ടി അനന്തൻ അവിടേയ്ക്കു വരുമ്പോൾ ദേവകി അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
‘കുട്ടാ… അച്ഛൻ കരുതി വച്ച സമ്മാനം കാണണ്ടെയ് നിനക്ക്? ദേവകിയുടെ ചോദ്യം കേട്ട് ഒന്നും മനസിലാകാതെ അവൻ അച്ഛനെ നോക്കി. അച്ഛനും അവനെ നോക്കി പുഞ്ചിരിച്ചും കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാമറ ഓണാക്കി എന്നിട്ടു ദേവകിയുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. അനന്തൻ അടുത്തേയ്ക്കു ചെന്നപ്പോൾ ദേവകി  അവൻ്റെ കുഞ്ഞു കയ്യും പിടിച്ചു അടുത്തുള്ള ഷെഡിലെയ്ക്കു നടന്നു. എന്നിട്ടു
അതിൻ്റെ  ഗ്രില്ല് തുറന്നു അകത്തേയ്ക്കു കയറി ചെന്നു, പുറകെ പദ്മനാഭനും ഉണ്ടായിരുന്നു. അവിടെ ഒരു കോണിൽ തടി കൊണ്ട് ചെറിയ ഉയരത്തിൽ അടച്ചു നിർത്തിയ സ്ഥലത്തു ഏതാനും ലാബ്രഡോർ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അവയുടെ ചെറിയ മൂളലുകൾ കേട്ട് സന്തോഷത്തോടെ അനന്തൻ അവിടേയ്ക്കു ഓടിച്ചെന്നു.
അവിടെ മുട്ട് മടക്കി ഇരുന്നതും രണ്ടു പട്ടികുട്ടികൾ അവൻ്റെ അടുത്തേയ്ക്കു കുണുങ്ങി കുണുങ്ങി അടുത്ത് എന്നിട്ടു കുഞ്ഞു വാൾ ആട്ടി അവൻ്റെ മടിയിൽ കയറാൻ തുടങ്ങി. അവയെ തലോടിക്കൊണ്ട് അനന്തൻ കുടുകുടെ ചിരിക്കാൻ തുടങ്ങി.
“കുട്ടാ… നിനക്ക് ഇഷ്ടമുള്ള ഒരു പട്ടികുട്ടിയെ എടുക്കൂ… അച്ഛൻ്റെ  സമ്മാനം ആണ് ” ദേവകി പറഞ്ഞു തീരും മുൻപേ  അനന്തൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി സന്തോഷം കൊണ്ട് അവനു കരച്ചിൽ അടക്കാനായില്ല. അവന്റെ പ്രതികരണം ക്യാമെറയിൽ എടുത്തുകൊണ്ടു നിന്ന പദ്മനാഭനെ ഓടി വന്നു അവൻ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു.
“എന്താ കുട്ടാ…  അച്ഛൻ്റെ സമ്മാനം ഇഷ്ടമായില്ലേ… ?”
കരച്ചിലിനിടയിൽ ഒരുപാട് ഇഷ്ടമായി എന്ന് അവൻ പറഞ്ഞൊപ്പിച്ചു എന്നിട്ടു അച്ഛൻ്റെ കവിളിൽ ചിരിച്ചും കണ്ണീരുകൊണ്ടും അവൻ ഉമ്മ കൊടുത്തു. എന്നിട്ടു തിരികെ നടന്നു ദേവകിയുടെ അരികിൽ ചെന്ന് പട്ടിക്കുട്ടികളെ തൊടാൻ തുടങ്ങി. അവന്റെ അടുത്ത് കളിച്ചതുകൊണ്ട് വന്ന പട്ടിക്കുട്ടികളിൽ ഏതു അവൻ വീട്ടിൽ കൊണ്ടുപോകും എന്ന് അവനും സംശയം ഉണ്ടായി. ഒടുവിൽ ദേവകി തന്നെ ഇളം തവിട്ടു നിറത്തിലുള്ള ഒരു പട്ടിക്കുട്ടിയെ എടുത്തു അവൻ്റെ കയ്യിൽ വച്ച് കൊടുത്തു.  അവൻ്റെ സന്തോഷത്തിനു അതിരുകൾ ഉണ്ടായിരുന്നില്ല.
“കുട്ടൻ തന്നെ ഇതിനു ഒരു പേര് കണ്ടുപിടിച്ചു ഇടണം. ഇനി തൊട്ടു കുട്ടന് കൂട്ടായി എന്നും ഇവാൻ ഉണ്ടാകും ” എന്ന് ദേവകി പറഞ്ഞു.
ചിരിച്ചും കൊണ്ട് അവൻ അച്ഛന് നേരെ നോക്കി…
“പേര് കണ്ടു പിടിക്കാൻ അച്ഛൻ സഹായിക്കാം കുട്ടാ… പക്ഷെ സമ്മാനം ശരിക്കും കുട്ടന് തന്നത് ദേവകി അല്ലേ… അപ്പൊ ആൻറ്റിക്കു താങ്ക്സ് പറയേണ്ടെയ് കുട്ടാ?” അച്ഛൻ പറഞ്ഞത് കേട്ടിട്ട് അനന്തൻ ദേവകിയെ നോക്കി താങ്ക്സ് പറഞ്ഞു.
“അയ്യേ… ഇത്രയും നല്ല പട്ടിക്കുട്ടിയെ കിട്ടിയിട്ട് ഇങ്ങനെയാ താങ്ക്സ് പറയുക… അത് പറ്റില്ലാ… എനിക്ക് ഈ താങ്ക്സ് വേണ്ട. പിന്നെ വേണെച്ചാൽ എനിക്ക് രണ്ടു കവിളിലും ഒരു ഉമ്മ തന്നാല് കുട്ടൻ പറഞ്ഞ താങ്ക്സ് എടുക്കാം” എന്ന് ദേവകി ചിരിച്ചും കൊണ്ട് പറഞ്ഞു. അനന്തന് അത് പൂർണ്ണ സമ്മതം ആയിരുന്നു താനും.
പട്ടിക്കുട്ടിയെ കിട്ടിയതും അനന്തൻ്റെ  സംശയങ്ങളുടെ ചുരുളുകൾ പദ്മനാഭന് മുൻപിൽ വീണ്ടും നിവരാണ് തുടങ്ങി. ” എങ്ങനെ നമ്മൾ പട്ടിക്കുട്ടിയെ കൊണ്ട് പോകും? ട്രെയിനിൽ കയറ്റാൻ പറ്റുമോ ? അതിനു എന്തു കഴിക്കാൻ കൊടുക്കും ? എങ്ങനെ കൊടുക്കും ? ” അങ്ങനെ ഒരു നീണ്ട നിരയിലെ ചോദ്യങ്ങൾ. അവന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അച്ഛൻ്റെ കയ്യിൽ ഉണ്ടെന്നു അവനും അറിയാമായിരുന്നു. അന്നത്തെ തന്നെ രാത്രി വണ്ടിക്കു പോകാൻ സ്റ്റേഷനിൽ കൊണ്ട് ദേവകി ആകുമ്പോഴും അനന്തന് ഉറക്കം വന്നില്ല. പട്ടികുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള ആകുലത ആ കുഞ്ഞു മുഖത്ത് വായിക്കാൻ ആകും. തൻ എങ്ങാനും ഉറങ്ങിപ്പോയാൽ ആരേലും അതിനെ കവർന്നു എടുക്കുമോ എന്നുവരെ അവൻ അച്ഛനോട് തിരക്കി. പോകും മുൻപ് അനന്തൻ്റെ  അമ്മയ്ക്ക് കൊടുക്കാൻ ആയി ദേവകി ഒരു പട്ടുസാരി സമ്മാനമായി ഏൽപ്പിച്ചു എന്നിട്ടു ദേവകി പറഞ്ഞു :
“പദ്മ…. നിൻ്റെ  കുട്ടന് നിഷ്കളങ്ക ബാല്യത്തിൻ്റെ ഒരു അനുഭവം മാത്രമാണ് ഞാൻ സമ്മാനിച്ചത്, അവനെ ഇവിടെ കൊണ്ട് വരാനും  അവൻ്റെ ലോകത്തെ സന്തോഷത്തിൽ എനിക്ക് പങ്കു ചെരാനും കഴിഞ്ഞതിൽ നിന്നോടുള്ള നന്ദി എനിക്ക് പറഞ്ഞാൽ തീരില്ല.”
യാത്ര അയപ്പിനു പൂർണ്ണവിരാമങ്ങൾ സൃഷ്ടിക്കാതിരിക്കാൻ വാക്കുകളെ കൂട്ട് പിടിക്കാതിരിക്കാൻ പദ്മനാഭനും ശ്രദ്ധിച്ചു. ട്രെയിനിൽ കയറി മകനെ കിടത്തുമ്പോൾ പ്ലാറ്റഫോമിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദേവകിയെ നോക്കി പദ്മനാഭൻ ചിരിച്ചു.  മകനെ യാത്രയ്ക്കു കൂട്ടി എങ്കിലും ആദ്യമായും ഒരുപക്ഷെ അവസാനമായും ദേവകിയെ തനിക്കു കാണാൻ കഴിഞ്ഞു എന്നതിൻ്റെ ഹൃദ്യമായ ഓർമ്മകൾ തനിക്കു ലഭിച്ചു എന്നതിൽ അയാൾ പരബ്രഹ്മത്തോട് നന്ദി പറയാൻ തുടങ്ങിയിരുന്നു.

നിഹാരിക

niharika

നേരം പുലരുന്നതേയുള്ളൂ, കാർപ്പത്തിയൻ മലനിരകളിലെ മഞ്ഞിൻ കമ്പളം നേർത്തു വരാൻ ഇനിയും ഒരുപാട് നേരം എടുക്കും. ഇവിടെ ശൈത്യ കാലം മാറിവരാൻ തുടങ്ങുന്നതേയുള്ളൂ. കുഞ്ഞുങ്ങൾ എഴുന്നേൽക്കാൻ ഇനിയും നേരമുണ്ട്. നിഹാരിക കാപ്പിയുമായി ബാല്കണിയിലെ ജനാലക്കൽ എത്തിയതും ഫോൺ തിരയണം എന്ന് തോന്നി. ഇടക്കാലമായി മൂടൽ മഞ്ഞു കാരണം ഒരു ആഴ്ച ഹിസ്റ്റോറിക്കൽ ഡിപ്പാർട്മെന്റ് അവധി പ്രഖ്യാപിച്ചതിനാൽ ജോലിക്കു ഒരു ആശ്വാസമുണ്ട്. എന്നിരുന്നാലും റിപോർട്ടുകൾ അയക്കാനും നോക്കാനായി ഇമെയിൽ സന്ദേശങ്ങൾക്കു അവധിയില്ലാത്തതു പോലെയാണ്. മറുപടി അയക്കാൻ അവധിക്കാലത്തും ബാധ്യതയില്ല എന്നതും ഒരു നേരാണ്.  ഇമൈലുകളുടെ കൂട്ടത്തിൽ പ്രതീക്ഷകൾക്കും അപ്പുറത്തു എന്നോ പൊലിഞ്ഞു പോയ ഒരു ലോകത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഒരു സന്ദേശം കണ്ടു.

വീണ്ടും ഒരു വ്യാഴവട്ടക്കാലം കടന്നു പോയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തലായിരുന്നു ആ മെയിൽ.
“Arriving on Wednesday night “- Adhithyan

മഞ്ഞിന്റെ കാഠിന്യം കണക്കിലെടുക്കാതെ ബാൽക്കണി കതകു തുറന്നു കോടമഞ്ഞിലേക്കു ഓർമ്മകളുടെ ഓർമ്മയെ ഒളുപ്പിച്ചു വയ്ക്കാൻ അവൾ ശ്രമിക്കുമ്പോലെ…നിഹാരികയുടെ സിരകളിൽ മഞ്ഞിന്റെ സൂചികളെക്കാൾ ലോകത്തിന്റെ മറ്റൊരു കോണിൽ ഉപേക്ഷിച്ച ഓർമ്മകളുടെ പ്രയാണം തുടങ്ങി കഴിഞ്ഞിരുന്നു. ബാൽക്കണി യിൽ നിന്നും മുറിയുടെ കോണിലെ കെട്ടുപോയ നെരിപ്പോടിനു അരികെ ചാരുകസേരയിൽ വന്നിരുന്നതും ബോധം ഒരു പതിനഞ്ചു കൊല്ലം പുറകോട്ടു പോയി കഴിഞ്ഞിരുന്നു. ഒരുപാട് പരീക്ഷണങ്ങൾക്കു ഒടുവിൽ ആണ് നിഹാരികയുടെ ജീവിതത്തിലേക്ക് മാധവ് സ്വപ്നങ്ങൾക്കു നിറക്കൂട്ട് നൽകി കടന്നു വന്നത്.

ഏഴു വര്ഷം നീണ്ടു നിന്ന നിറമുള്ള സ്വപ്നങ്ങൾ. പക്ഷെ ചിലപ്രണയങ്ങൾ അത്രമേൽ ദൈവത്തിനു പ്രിയപ്പെട്ടത് എന്ന് തോന്നിയത് കൊണ്ടാകും മാധവിനെ തിരികെ വിളിച്ചത്. മാധവിന്റെ നഷ്ടം ഒരിക്കലും നികത്താൻ ആകില്ല എന്ന തിരിച്ചറിവ് ആശുപത്രിയിൽ വച്ച് ഉടലെടുത്തത് കൊണ്ടാണ് നിഹാരിക തന്റെ ഡോക്ടറുടെ സഹായത്തിനു നിർബന്ധം പിടിച്ചിച്ചത്. മാധവിന്റെ ശരീരം പട്ടടയിൽ ഒടുങ്ങുമ്പോൾ ഉള്ളുരുകുന്ന വേദനയിലും മനസ്സിൽ അവൾ കുറിച്ചിട്ടത് അവൻ തന്ന ഓർമ്മകളെ പുനർജ്ജനിപ്പിക്കാൻ  ഡോക്ടർ മാത്യു എടുത്തുവച്ചു മാധവിന്റെ ശീതികരിച്ച ഭീജങ്ങളിൽ  അവളുടെ പ്രതീക്ഷകൾ അർപ്പിച്ചാണ്.

നഷ്ടങ്ങളിൽ നിന്ന് സ്വബോധം വീണ്ടെടുക്കാൻ പിന്നെയും വേണ്ടിവന്നു കാലതാമസം. മുംബൈ എന്ന മഹാനഗരത്തിനോട് മനസിന് മടുപ്പു തോന്നിയപ്പോഴാണ് റൊമാനിയൻ ഗവൺമെന്റിന്റെ ഹിസ്റ്റോറിക്കൽ ഡിപ്പാർട്മെന്റിലെ ഈ ജോലി കാണുന്നത്. ഓർമ്മകളുടെ നഗരത്തോട് വിടപറയും മുൻപ് ഓർമ്മകളുടെ നിധിയും സ്വയമേറി പോകാൻ തീരുമാനിച്ചത്. കൂടെ കൂട്ടിയത് മായ എന്ന പെൺകുട്ടിയെ മാത്രമാണ്, വീട്ടിൽ ഒരു സഹായത്തിനു എന്നോ എത്തിയ അവൾ ഇന്ന് തന്റെ കുട്ടികളുടെ സന്തതസഹചാരിയായി തീർന്നിരിക്കുന്നു. യാതൊരു പരിചയവും ഇല്ലാത്ത ഈ ദേശം ഇന്ന് തനിക്കു ഒരു നിറക്കൂട്ടുകളുടെ അകമ്പടിയില്ലാതെ ഒരു കുഞ്ഞു ലോകം സമ്മാനിച്ചു.  അവിടെ ഞാനും കുഞ്ഞുങ്ങളും മായയും ആയി ഒതുങ്ങി നിൽക്കുന്നു.

ഇത്രയും വര്ഷങ്ങള്ക്കിടയിൽ തന്റെ നിഴൽപോലെ കൂടെ നിന്നവരുടെ കൂട്ടത്തിൽ ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്ന മുഖങ്ങളിൽ ഒന്നാകും ആദിത്യൻ എന്ന ആദിയുടേത്. ചരിത്രാന്വേഷിക്കു പഴങ്കഥകൾക്കു ക്ഷാമം ഉണ്ടാകില്ല എന്ന് പറഞ്ഞപോലെയായിരുന്നു നിഹാരിക എഴുതിയ ഭ്രാന്തൻ കഥകളൊക്കെ ഓൺലൈൻ ബ്ലോഗിൽ പ്രസിദ്ധമാക്കാൻ തുടങ്ങിയത്. എന്നോ എപ്പോഴോ അവളുടെ വാക്കുകളോടു തുടങ്ങിയ അടുപ്പമാണ് പിന്നീട് ഇങ്ങോട്ടു അവളുടെ ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു മരുപ്പച്ചയായി തുടർന്നത്….. യുഗങ്ങൾ പോലെ അകലത്തു ജീവിക്കുമ്പോഴും വാക്കുകളുടെ, അനുഭവങ്ങളുടെ ഒക്കെ സമാനതകൾ അവർക്കിടയിൽ വേരുകളായി രൂപാന്തിരപ്പെട്ടിരുന്നു. മാധവുമായുള്ള വിവാഹം, അയാളുടെ വേർപാട്, വേരുകൾ ഇല്ലാത്ത ഈ ദേശത്തേക്കുള്ള അവളുടെ പലായനം അതിലൊക്കെ ഉപരി മാധവിന്റെ ഓർമകളുടെ ജീവിക്കുന്ന സാക്ഷിപത്രങ്ങളായി തന്റെ ഇരട്ട പെൺകുഞ്ഞുങ്ങളുടെ പിറവി, തനിച്ചാക്കി പോയ മാധവിനോടുള്ള ദേഷ്യവും സങ്കടവും ഒക്കെ കേട്ടിരുന്ന ആൾ….

ഒരിക്കൽ ഒരേയൊരു തവണ മാത്രം ഒരു കാര്യം പറഞ്ഞു:ജീവിതത്തിലേക്ക് ക്ഷണിക്കട്ടെ എന്ന്. അതിനു എത്ര സമയം വേണമെങ്കിലും എടുക്കാം…

തന്റെ നിറയുന്ന കണ്ണുകൾ വാക്കുകളിലെ വിള്ളലുകളും തിരിച്ചറിഞ്ഞിട്ടു എന്നോണം അയാൾ പറഞ്ഞു  ” ഇപ്പൊ വേണ്ടാ … ഒരു ഏഴു വര്ഷം കൂടി കഴിഞ്ഞു പറഞ്ഞാൽ മതി എന്ന് “.

അമ്മ എന്ന വികാരം ജീവിക്കുന്നതിനിടയിൽ സ്വന്തം ഒറ്റപ്പെടലിൽ നിന്ന് ഒളിച്ചോടാൻ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. അതിനുള്ള മാർഗം ജോലിയും കുഞ്ഞുങ്ങളും എഴുത്തിന്റെ ലോകവുമായി ഒതുങ്ങിയിരുന്നു. ഇത്രയും അകലെ ആയിരുന്നിട്ടും തന്നെയും കുഞ്ഞുങ്ങളെയും കാണാൻ വരുന്ന ആദിയോട് പറയാനുള്ള ഉത്തരം എന്തു എന്ന് ഇപ്പോഴും നിഹാരികക്ക് തിട്ടമുണ്ടായിരുന്നില്ല. പക്ഷെ നീണ്ട പതിനഞ്ചു വര്ഷങ്ങള്ക്കു ഒടുവിൽ ആദ്യമായി ആദിയെ കാണാൻ പോകുന്നു എന്ന് ഓർത്തപ്പോൾ നിഹാരികയുടെ ഉള്ളിലെവിടെയോ ഒരു കുഞ്ഞു സന്തോഷം മഴവില്ലു വിരിച്ചു.

അഭിരാമി

IMG_4625

സമയം 10 മണി കഴിഞ്ഞിട്ടുണ്ടാവും. താൻ ഇവിടെ വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയിട്ടുണ്ടാകും. വിമാനത്താവളത്തിൽ അറിവിങ്  ഏരിയയിൽ കാത്തു നിൽക്കുന്നവരുടെ തിരക്കാണ്. അരമണിക്കൂർ കൂടി സമയം ഉണ്ട് അവൾക്ക് എത്താൻ. അഭിരാമി എന്ന അഭി. ഏതാണ്ട് പത്ത് വർഷങ്ങൾ എടുത്തിട്ടുണ്ടാകും ഇങ്ങനെയെങ്കിലും ഒന്ന് കണ്ടുമുട്ടാൻ. ബന്ധങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും ചങ്ങലകളിൽ ബന്ധിക്കപ്പെട്ടവർക്ക് സ്വന്തമായി മോഹിക്കുവാൻ ഉള്ള ആശകൾ പോലും എന്നോ കൈമോശം വന്നു പോയതാണല്ലോ. വിധി തന്ന ബന്ധങ്ങളുടെ കാരാഗ്രഹത്തിലെ ശിക്ഷാകാലാവധിയ്ക്കു ഇടയിലാണ് ഇടയിലാണ് അവിചാരിതമായി അവളെ പരിചയപ്പെടുന്നത്. ലോകത്തിന്റെ മറ്റൊരു കോണിൽ എന്നെപ്പോലെ അവളും ശിക്ഷ അനുഭവിക്കുകയാണ് എന്നത്  ഒരിക്കൽപോലും അവളുടെ കഥ വായിച്ചവർക്ക് തോന്നുകയില്ല. എന്നോ ഒരിക്കൽ കഥകളുടെ മാന്ത്രികത സൃഷ്ടിക്കുവാനുള്ള കഴിവുകളെക്കുറിച്ച് സംസാരിച്ച ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങുന്നത് ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങുന്നത്. ഞങ്ങൾക്ക് ഇടയിൽ ഒരിക്കൽ പോലും വാക്കുകളുടെ ക്ഷാമകാലം ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ഞങ്ങൾ നേരിൽ കാണുന്നത്. ഒരു പക്ഷെ ഒരു ദീർഘകാല പരിമിതികളുടെ ഘോഷയാത്രയ്ക്ക് ഇതോടെ തിരശ്ശീല വീഴുകയുമാവാം. ഒരിക്കൽ ഒരു ധൈര്യത്തിന്റെ പുറത്ത് തന്റെ കൂടെ ജീവിച്ചു കൂടെ എന്ന ചോദ്യത്തിന് മൗനം അല്ലാതെ മറ്റൊരു ഉത്തരവും അവൾക്കു ഉണ്ടായില്ല. എന്റെ ചോദ്യം പുറത്തു വന്നിട്ട്  ഇപ്പോൾ ഒരു രണ്ടു മൂന്നു വർഷം എങ്കിലും ആയിട്ടുണ്ടാകും. വളരെ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം അവൾ തന്നെ വിളിച്ചു. “ഇനിയുള്ള കാലങ്ങൾ പൊലിഞ്ഞു പോയ മോഹങ്ങൾക്കു വേണ്ടി ആകട്ടേയെന്നു”. അതിന്റെ ആദ്യപടി എന്നോണം  ആണ് ഇന്നത്തെ ഈ കണ്ടുമുട്ടൽ.

മധ്യവയസ് എന്നത് ഒരു വൈകിയ വേളയായി കരുതാൻ തരമില്ലെങ്കിൽ എന്റെ അടുക്കൽ നിന്ന് അവൾക്ക് ഇനി ഒരു മടക്കയാത്ര ഉണ്ടാകില്ല. മരണം വന്നു വിളിക്കും വരെ. അത് ശിവരാമന്റെ വാക്കാണ്. അവൾക്ക് വേണ്ടി അവൾ ഇനി ജീവിക്കുന്നത് കാണാൻ ഒരു മോഹം. എല്ലാം ഓർത്തു നോക്കുമ്പോൾ എന്നോ കൈവിട്ടു പോയ ജീവിതം വീണ്ടും ആരംഭിക്കാൻ പോകുന്ന പോലെയാണ്. ഉള്ളു നിറയെ അഭിയെ കാണാൻ പോകുന്നു എന്നത് യാഥാർത്ഥ്യം ആകാൻ പോകുന്നതിനുള്ള സന്തോഷവും പരിഭ്രമവും. അങ്ങനെ പറഞ്ഞറിയിക്കാൻ ആകാത്ത അനേകം വൈകാരിക നിമിഷങ്ങൾ ഉള്ളു നിറയുന്നതായി തോന്നി. അഭിയുടെ വിമാനം എത്തിയതായി അറിയിപ്പ് വന്നതോടുകൂടി ഹൃദയമിടിപ്പിന് ഒരു പത്തുവയസ്സുകാരന്റെ കൗതുകം

ഉള്ളതു പോലെയായി. പല വേഷത്തിലും ഭാവത്തിലും ഉള്ള ആളുകൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. എല്ലാ മുഖങ്ങളിലും അഭി ആണോ എന്ന് ധിറുതിയിൽ ശിവരാമൻ തിരക്കി തുടങ്ങി. ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും വല്ലാത്തൊരു ആശങ്ക. അത് നേരിയ തോതിൽ വർദ്ധിക്കാൻ തുടങ്ങിയത്  പുറത്തേക്കുള്ള ആളുകളുടെ വരവ് നേർത്തു തുടങ്ങിയപ്പോഴാണ്. ബാഗേജ് എടുക്കാനോ മറ്റോ വൈകുന്നതാകും എന്ന് സ്വയം പറഞ്ഞു ഉള്ളിൽ ഉറഞ്ഞു തുടങ്ങിയ സംശയത്തിനെ നുള്ളി കളയാൻ തുടങ്ങി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ അടുത്ത വിമാനത്തിന്റെ അറിയിപ്പ് വന്നു. സുരക്ഷാ കാവൽക്കാർ മാത്രം അവശേഷിച്ചു എന്ന് ആയപ്പോൾ കയ്യിലെ ഫോണിൽ അവളുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. വെറുതെയാണ് ആ ശ്രമം എന്ന് ബോധ്യമായിരുന്നു ഫോൺ സ്വിച്ച് ഓഫ് ആകും എന്ന് അവൾ പറഞ്ഞിരുന്നു. “എന്തു  സംഭവിച്ചു? എന്തേ അവൾ വന്നില്ല? ” പ്രത്യാശകളുടെ മേൽ ആശങ്കയുടെയും ആകുലതയുടെയും കല്ലു മഴ പെയ്തു തുടങ്ങിയതോടെ തിരിഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് നടക്കാൻ തുടങ്ങി. ഉള്ളിലെ വർഷമേഘങ്ങൾക്ക് കണ്ണിൽ ഇടം നൽകാതിരിക്കാൻ ആയില്ല. ഒരു നിമിഷം ഒന്നു നിന്നു… വീണ്ടും ഫോണിലേക്ക് നോക്കി. ഇല്ല… പുതുതായി ഒന്നും തന്നെയില്ല.

തന്റെ പെട്ടെന്നുള്ള നിൽപ്പ് കണ്ടിട്ടാണോ എന്നറിയില്ല അരികിലൂടെ കടന്നു പോകാനൊരുങ്ങിയ ഒരു പർദ്ദയിട്ട സ്ത്രീ നിന്നിട്ടു “എന്തു പറ്റി? വെള്ളം  വല്ലതും വീണോ? നിങ്ങൾ ഒക്കെ അല്ലെ ” എന്ന് ഇംഗ്ലീഷിൽ തിരക്കി കൊണ്ട് കുടിക്കാൻ വെള്ളം നീട്ടി. ഉരുണ്ടു കൂടി തുടങ്ങിയ കണ്ണുനീർ തുള്ളികൾ നിലത്തേയ്ക് തന്നെ ഗമിക്കട്ടെ എന്ന് നേർന്നു കൊണ്ട് തലകുനിച്ചു അവരോടു “നന്ദി… എനിക്ക് കുഴപ്പമൊന്നുമില്ല” എന്ന് എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു അവരെയും കടന്നു നടന്നു കഴിഞ്ഞപ്പോഴാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്.

“എടൊ…. നായരേ….നില്ക്കടോ അവിടെ. പൊന്നു പോലെ നോക്കിക്കോളാം എന്ന് പറഞ്ഞിട്ട്… ഒന്നും അറിയാൻ പാടില്ലാത്ത ഒരു രാജ്യത്ത് വന്നിട്ട് ഒന്നു മൈൻഡ് പോലും ചെയ്യാതെ ഞാൻ തന്ന വെള്ളം പോലും കുടിക്കാതെ താനിത്  എങ്ങോട്ടാ ഓടുന്നേ? “

തിരിഞ്ഞു നോക്കാതെ തന്നെ അറിയാം ആ പറഞ്ഞതൊക്കെ അഭി  ആണെന്ന്. ചിരി നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞു നോക്കുമ്പോൾ കറുത്ത പർദ്ദയുടെ മൂടുപടത്തിന്  ഉള്ളിൽ അഭിയുടെ പുഞ്ചിരിച്ച മുഖം. എന്തെങ്കിലും പറയും മുൻപ് അവൾ പറഞ്ഞു “അല്ലേലും പുന്നൂസ് ഡംബീസ് അടിക്കാറില്ല. വരൂന്ന് പറഞ്ഞാൽ… ദേ… ഇതു പോലെ വരും. എന്താടോ നായരേ… കുറച്ചു പേടിച്ചപോലെ ഉണ്ടല്ലോ? ” എന്ന് പറഞ്ഞു അവൾ ചിരിച്ചു. അപ്പോഴേക്കും ശിവരാമന്റെ മോഹങ്ങളിൽ മഴവില്ലിൻ നിറം വന്നു തുടങ്ങിയിരുന്നു. (ശുഭം)

#firespiritblog

നിയതി

IMG_4126

ഈ നഗരത്തിൽ ദത്തന് ഒരേയൊരു താവളമേയുള്ളൂ… അത് ഒഹായൊ യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് അടുത്തായുള്ള ഇംഗ്ലീഷ് പ്രൊഫസർ ആയ നിയതി സുബ്ബലക്ഷ്മി എന്ന എന്റെ സ്വന്തം സുബ്ബമ്മാളിന്റെ ഫ്ലാറ്റ് ആണ്. ഓരോ ആറു മാസം കൂടുമ്പോഴും ഒരു കണ്ടുമുട്ടൽ…അത് ലോകത്തിന്റെ ഏതു കോണിൽ വീണെങ്കിലും ആകാം. ഏകദേശം ഒരു വർഷത്തിന് ശേഷം ആണ് ഇങ്ങോട്ടേക്കു വരുന്നത്. യൂണിവേഴ്സിറ്റിയ്ക്കു ഇപ്പോൾ സെമസ്റ്റർ ബ്രേക്ക് ആണ്. അതുകൊണ്ടു അടുത്ത ഒരു മാസം സുബ്ബമ്മാൾക്ക് അവധിയാണ്…ഇനിയുള്ള നാല് ആഴ്ചകൾ ഞങ്ങളുടെ ലോകത്തു ഒരു ഒളിവ്ഹ് താമസം ആണെന്ന് പറയുന്നതാവും ശരി. ജെറ്റ് ലാഗ് ഉണ്ടെങ്കിലും അവളുടെ ഫ്ലാറ്റിൽ എത്തിയ ഉടനെ മനം കുളിർക്കുന്ന കാഴ്ച ഉണ്ടാവുമെന്ന് അവൾ പറഞ്ഞിരുന്നു എങ്കിലും ഇത്രയും കാര്യമായ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഫ്ലാറ്റിന്റെ ഒരു താക്കോൽ കയ്യിൽ ഉണ്ടായിരുന്നതിനാൽ അകത്തു കടക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല. അവൾക്കു ഇന്ന് കൂടി യൂണിവേഴ്സിറ്റിയിൽ പോകേണ്ടിയിരുന്നതു കൊണ്ട് വരുമ്പോൾ കാണാൻ ആയില്ല.
ഹാളിൽ തന്നെ അവളുടെ സ്വാഗത കുറിപ്പ് കയ്യിൽ കിട്ടി : “നീ ഓർമ്മകളിലേക്കു ഒരു യാത്ര നടത്തി തിരികെ എത്തുമ്പോഴേക്കും സുബ്ബമ്മാൾ നിന്റെ അരികിൽ എത്തിയിരിക്കും”. ആ ചെറിയ സ്റ്റിക്കി നോട്ട് ഒട്ടിച്ചു വച്ചിരുന്നതു ഒരു വിസ്‌കിയുടെ കുപ്പിമേൽ ആയിരുന്നു.  “ദി ലാസ്‌റ് ഡ്രോപ്: ഫൈനെസ്റ് ഏജ്ഡ് 1960 ബ്ലെൻഡഡ്‌ സ്കോച്ച് വിസ്‌ക്കി, സ്കോട്ലൻഡ്”… ദത്തന്റെ വസ്ത്രങ്ങൾ എല്ലാം തന്നെ കിടക്കയിൽ അവൾ എടുത്തു വച്ചിരുന്നു. കുളിച്ചു വേഷം മാറി അടുക്കളയിൽ കയറി ഒരു വൺ സൈഡ് ഓംലെറ്റ് ഉണ്ടാക്കി ഹാളിലേക്ക് തിരികെ വരുമ്പോഴാണ് അവിടെ അലമാരിയിൽ അവളുടെ കുരുത്തക്കേടിന്റെ തെളിവ് ഭംഗിയായി നിരത്തി വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.പലതരം മദ്യങ്ങളുടെ ശേഖരം…പല രാജ്യങ്ങളിലായി യാത്ര ചെയുമ്പോൾ വാങ്ങിക്കുന്നവയാണ്, അവയിൽ മിക്കതും തുറന്നിട്ടുകൂടിയില്ല. അല്ലെങ്കിലും ദത്തൻ എന്ന മുല്ലപ്പൂമ്പൊടി ഏറ്റ ശേഷമാണ് സുബ്ബമ്മാൾ ദത്തന്റെ ഗന്ധമായ വിസ്‌കിയെ പ്രണയിച്ചു തുടങ്ങിയത്. ഏഴുവർഷങ്ങൾ പിന്നിടുമ്പോൾ നിയമങ്ങൾ ഇല്ലാത്ത ലോകത്തെ ദത്തന്റെതായി കഴിഞ്ഞിരുന്നു അവളും. ചില്ലു അലമാരയിൽ ഏറ്റവും കൗതുകം തോന്നുന്നത് അതിലെ വിസ്‌ക്കി ജിൻ വോഡ്ക എന്നിവയിലെ ഓരോ  മദ്യത്തിന്റെയും പേരുകളാണ്… വിസ്‌കിയിൽ : ദി ബൽവാനിയെ (സ്കോട്ലൻഡ്), ജാക്ക് ഡാനിയേഴ്‌സ് ( യു എസ്സ് ), മങ്കി ഷോൾഡേഴ്സ് (കെന്റക്കി), ദി ഡെവിൾസ് റിവർ, ദി ഡബ്ലിനേഴ്‌സ്….ജിന്നിൽ : നൊ റിട്ടേൺസ്, മാൻലി സ്പിരിറ്സ്, ഫോർ പില്ലെഴ്സ്….വോഡ്കയിൽ അബ്‌സൊല്യൂട്ട് ആംബർ എന്നിങ്ങനെ നീണ്ടു പോകുന്ന പേരുകൾ.
താൻ എത്തി എന്ന സന്ദേശം അയച്ചതിനു അവളുടെ ചിയേർസ് എന്ന  കൊണ്ട് ഓൺ ദി റോക്ക്സ് നാല് റൌണ്ട് അടിച്ച ശേഷം അവളുടെ അഥവാ ഞങ്ങളുടെ മുറിയിൽ പോയി ഒരു ഉറക്കം കഴിഞ്ഞപ്പോഴേക്കും അവൾ എത്തി കഴിഞ്ഞിരുന്നു. കമഴ്ന്നു കിടന്നു ഉറങ്ങിയാ ദത്തന്റെ കവിളിൽ കടിച്ചും കൊണ്ടാണ് അവൾ തന്റെ വരവ് അറിയിച്ചത്. ഒരാഴ്ചത്തേയ്ക്കുള്ള ഭക്ഷണ സാധനങ്ങൾ എന്നത്തേയും പോലെ അവൾ   വാങ്ങി വച്ചിരുന്നു… മുൻവശത്തെ വാതിൽ പോയി താഴിടുമ്പോൾ ഇനിയുള്ള ഒരാഴ്ച കാലത്തേയ്ക്ക് പുറംലോകവുമായി അവരെ ബന്ധിപ്പിച്ചിരുന്നത് അടുക്കള വശത്തെ മതിൽ കെട്ടി തിരിച്ച ചെറിയ ഒരു തോട്ടമായിരുന്നു. രാത്രിയുടെ നീലിമയിൽ നിന്ന് സൂര്യന്റെ ആദ്യകിരങ്ങൾ ഏറ്റുവാങ്ങുന്ന പകലുകളും അവർ ഒരു പുതപ്പിന്റെ ചൂടേറ്റു ആരംഭിച്ചത് അവിടെ നിന്നായിരുന്നു.  ദത്തൻ എന്നും നിയതി എന്നും പേരായ രണ്ടു എഴുത്തുകാർ എന്ന ലേബൽ മാത്രം…അപ്പോഴവർക്കിടയിൽ നിയമങ്ങൾ ഇല്ലാത്ത ലോകത്തെ പേരിടാത്ത പ്രണയവും.
കുറച്ചു സമയങ്ങൾക്കു ശേഷം കിടക്ക വിട്ടു എഴുന്നേറ്റ ദത്തനെ കാത്തു നിറയെ മെഴുകുതിരിയുടെ വെളിച്ചത്തു ജാസ് സംഗീതത്തിന്റെ അകമ്പടിയിൽ കുളിമുറിയിലെ ബാത്ടബ്ബിൽ ഒരേയൊരു ഗ്ലാസിൽ ഓൺ ദി റോക്ക്സ് ജാക്ക് ഡാനിയേഴ്‌സുമായി സുബ്ബമ്മാളിനെയാണ്. ഒരുമിച്ചൊരു കുളി… അതിലുപരി നഗ്നതയേക്കാൾ സാമിപ്യത്തിനു പൊന്നും വിലകൊടുത്തു കാത്തിരുന്നതിന്റെ പരിസമാപ്തി… മെഴുകുതിരികൾ പൊന്നുപൂശിയ സുബ്ബാമ്മാൾ ടബ്ബിലേക്കു ഇറങ്ങിയിരുന്ന ദത്തന്റെ നെഞ്ചിലേക്ക് ചാരുന്നുണ്ടാകും. ദത്തന്റെ ആദ്യ പെഗ്… അത് സുബ്ബമ്മാളിന്റെ ഒരു കവിൾ വിസ്‌കിയിൽ നിന്നും പകരുന്നതോടെ ആരംഭിക്കുന്നു… അവൾ തന്നെ തുടങ്ങി വൈകും ഇളം തവിട്ടു നിറത്തിലുള്ള മോർ എന്ന ബ്രാൻഡിന്റെ ഫിൽറ്റർ സിഗരറ്റും. ഒഴുകുന്ന സംഗീതത്തിനൊപ്പം പ്രണയവും വിരഹവും കാമവും ഒക്കെ ആ അരങ്ങിൽ വന്നുപോകും… പിന്നീട് ലജ്ജ എന്ന മൂടുപടം കുളിമുറിയിൽ ഉപേക്ഷിച്ചു നഗ്നതയെ അംഗീകരിച്ചു മുറിയിലേക്ക് കയറുമ്പോൾ ഇരുവരുടെയും ഉള്ളിൽ തങ്ങളാൽ എഴുതപ്പെടേണ്ട അടുത്ത കഥകൾ ഉല്പത്തിയായിട്ടുണ്ടാവും. വേഴ്ചയുടെ ക്ഷീണം തളർത്താത്ത ചില നേരങ്ങളിൽ കിടക്ക വിടുന്ന നിയതി എന്ന എഴുത്തുകാരി മറ്റൊരു ലോകത്തു വാക്കുകൾ കൊണ്ട് നടന്നകലുന്നത് കിടക്കയിൽ കിടന്നു ദത്താനുള്ള കാഴ്ചയാണ്. ചിലപ്പോൾ വരിതെറ്റി കുടുക്കുകൾ ഇട്ട അവന്റെ ഷ്രറ്റാകും അല്ലെങ്കിൽ അവന്റെ മുണ്ടാകും മാറാപ്പ് ചുറ്റിയിട്ടുണ്ടാവുക മറ്റുചിലപ്പോൾ ഒരു പുതപ്പിനടിയിൽ ദത്തന്റെ ചൂട് പാട്ടി പെന്സില് കൊണ്ട് അവൾ ചെറിയ കടലാസ്സു കഷണങ്ങളിൽ പോലും കഥ മെനയുന്നുണ്ടാവും. ഇടയ്ക്കു ബലമായി അവളെ ഈ ലോകത്തേയ്ക്ക് തിരികെ കൂട്ടികൊണ്ടു വരാനായി ദത്തൻ അവളുടെ ചുണ്ടുകളോട് ശ്വാസം കടം വാങ്ങാറുണ്ടായിരുന്നു.  കടം തിരികെ വാങ്ങാൻ ആയി സുബ്ബമ്മാളിന് ദത്തനോടൊപ്പം രാത്രിയുടെ അന്ത്യയാമത്തിൽ പൂന്തോട്ടത്തിൽ നക്ഷത്രങ്ങളുടെയും നഗ്നതയുടെയും കണക്കെടുപ്പ് നടത്തേണ്ടിയും വന്നു എന്നത് അവർക്കിടയിൽ നിയതമായിരുന്നു.

മാളവിക

malavika

മാളവിക, അവൾ തനിക്കു ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇല്ല. ഒരുപക്ഷെ നിയമങ്ങൾ ഇല്ലാത്ത ഒരു ലോകത്തു അവൾ എനിക്ക് എല്ലാമാണ് എന്നത് രാത്രിയുടെ ഇരുട്ടുപോലെ സത്യമാണ്. അവളുടെ വരവ് ശരിക്കും ഈ മരുഭൂമിയിൽ എനിക്ക് ഒരു മരുപ്പച്ച തന്നെ ആയിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ഭൂതകാലങ്ങളുടെ കണക്കുകൾ ചീന്തിയെറിഞ്ഞു ഈ നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. എന്റെ കമ്പനിയിൽ ജോലിക്കു ചേരുമ്പോൾ ആരോടും മിണ്ടാത്ത പേടിച്ച പ്രകൃതം, നേരത്തെ ഓഫീസിൽ വരും എന്നും  വൈകി വീട്ടിൽ പോകും. എപ്പോ നോക്കിയാലും ജോലി തന്നെ. ആരോടും മുഖം കൊടുക്കില്ല. അധികം താമസിയാതെ എന്റെ ബിൽഡിങ്ങിൽ തന്നെയാണ് അവളുടെ ഫ്ലാറ്റും എന്ന് മനസിലായി. എന്നെ അറിയുന്നതായി തിരിച്ചറിയുന്ന കണ്ണുകൾ അവളിൽ നിന്നും എന്റെ നേർക്ക് ഉയർന്നിട്ടില്ല. എന്തോ വല്യ ഭാരം അവളുടെ തലയെ ഇപ്പോഴും ഭൂമിയിലേക്ക് തന്നെ താങ്ങി നിർത്തിയിരുന്നതുപോലെ.
ഏകദേശം രണ്ടു മാസങ്ങൾക്കു ഇപ്പുറം ഓഫീസിലേക്ക് പോകാൻ ഇറങ്ങും നേരം അവൾ ഫ്ലാറ്റിന്റെ മുൻപിൽ കാത്തു നിന്നതുപോലെ.

“ജിതൻ , ഈ ലീവ് ലെറ്റർ ഒന്ന് മാനേജർക്കു കൊടുക്കുമോ? എനിക്ക് തീരെ സുഖമില്ല, ഇന്ന് വരാൻ കഴിയില്ല.മാനേജരുടെ ഫോൺ സ്വിച്ചഡ് ഓഫ് ആണ്. അതാണ് ജിതന്റെ കയ്യിൽ തരാമെന്നു കരുതിയത്.”

ആരോടും മിണ്ടാതിരുന്നിട്ടും അവൾക്കു എല്ലാം വ്യക്‌തമായി അറിയുന്ന പോലെ. എന്റെ പേരും ഫ്ലാറ്റ് നമ്പർ പോലും. അന്നാണ് അവൾ ആദ്യമായ് എന്നോട് സംസാരിച്ചത്, പക്ഷെ അവളോട് എന്റെ മനസ്സ് സംസാരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്നത് അവളൊട്ടു  അറിഞ്ഞിരുന്നു ഇല്ല. ആർക്കും ഒരിക്കലും പിടിതരാത്ത അവളുടെ കണ്ണുകൾ, മഷി എഴുതാതെ കണ്ണട വച്ച് മറച്ച കണ്ണുകൾ, ഒരിക്കൽ പോലും വിടർത്തിയിടാത്ത ആ മുടിയിഴകളുടെ നീളം എത്രയെന്നു അറിയാൻ ഒരുപാട് ആകാംഷ തോന്നിയിട്ടുണ്ട്.  എപ്പോഴും ഫുൾസ്ലീവ് ഉള്ള അയഞ്ഞ വസ്ത്രങ്ങൾ മാത്രം  ധരിച്ച അവളെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. വൈകിട്ട് ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ അവൾക്കു എങ്ങനെ ഉണ്ട് എന്ന് തിരക്കിയാലോ എന്ന് ആലോചിച്ചതാണ് പിന്നെ വേണ്ടാന്നു കരുതി.

പിറ്റേ ദിവസം മുതൽ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവളെ കാണാൻ തുടങ്ങി പൂർണമായും അല്ലെങ്കിലും ഒരു മന്ദഹാസം അത് കണ്ടു തുടങ്ങി. അസുഖം എന്താണെന്നു ഞാൻ ചോദിക്കാതെ വിട്ടു.  പിറ്റേ ആഴ്ച ഓഫീസിൽ വച്ച് തലകറങ്ങി വീണ മാളവികയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവിടെ നിന്നും അവൾ ഫ്ലാറ്റിലേക്ക് പോയി എന്നാണു സഹപ്രവർത്തകർ പറഞ്ഞു അറിയാൻ കഴിഞ്ഞത്. എന്തു ധൈര്യത്തിന് പുറത്തു ആണെന്ന് അറിയില്ല വൈകിട്ട് തിരികെ വരും വഴിക്കു അവളുടെ ഫ്ലാറ്റിന്റെ മുൻപിൽ പോയി കാളിങ് ബില്ലിൽ വിരൽ അമർത്തി. അല്പസമയം കഴിഞ്ഞു അവൾ തന്നെയാണ് വാതിൽ തുറന്നതു. അവൾ ആരെയും പ്രതീക്ഷിച്ചിരുന്നില്ല എന്നത് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ നിന്നും വ്യക്‌തമായിരുന്നു. പെട്ടെന്ന് അങ്ങനെ അവളെ കണ്ടപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നുള്ളതും ഞാൻ മറന്നുപോയി. അകത്തെ കടക്കാനോ അതോ പിന്നീട് വരാം എന്ന് പറഞ്ഞു സ്ഥലം വിടണോ എന്ന് അറിയാതെ ഞാൻ ഒന്ന് കുഴങ്ങി.

“മാളവിക, ഇപ്പൊ എങ്ങനെ ഉണ്ട് ആരോഗ്യം? എന്തേലും വാങ്ങിക്കൊണ്ടു വരണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാണ് ഞാൻ” എന്ന് പറഞ്ഞൊപ്പിച്ചു.

“ഇപ്പോൾ കുഴപ്പം ഒന്നുമില്ല, അത്യാവശ്യം സാധനങ്ങൾ ഒക്കെ ഉണ്ട്. ഒന്നും വേണ്ടാ” എന്ന് പറഞ്ഞു. അവൾകു കാര്യമായ എന്തൊ പ്രശനം ഉള്ളതായി വ്യക്‌തമായി, പക്ഷെ എങ്ങനെ ചോദിക്കും. രണ്ടു ദിവസത്തേക്ക് അവളെ ഓഫീസിൽ കണ്ടില്ല. മൂന്നാം ദിവസം പഴയപോലെ അവളെ കാണാൻ പോയി ഇത്തവണ അവളുടെ മുഖം കുറച്ചു ഭേദപെട്ടിരുന്നു. അകത്തെ വരാൻ ക്ഷണിച്ചു.
അവളുടെ ഫ്ലാറ്റ് മറ്റൊരു ലോകമാണ് എന്ന് തോന്നിപോയി നിറയെ ചെടികൾ ഒരുപാട് പുസ്തകങ്ങൾ. പുറത്തു നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത അത്രയും വീടിന്റെ നൈർമല്യം ഉള്ളയിടം എന്ന് തന്നെ പറയാം. ഇതൊക്കെ വച്ച് നോക്കുമ്പോ എന്റേത് മഹാബോറാണ് എന്നത് വാസ്തവം. വളരെ ലളിതമായ അകത്തളം, സോഫയിൽ ഇരിക്കാൻ പറഞ്ഞു, കാപ്പി എടുക്കാനായി അവൾ അകത്തേയ്ക്കു പോയി. മുൻപിലുള്ള മേശമേൽ ഒരു ബ്ലേഡ് തുറന്നു വച്ച നിലയിൽ കണ്ടപ്പോൾ ഉള്ളൊന്നു ആളി, ഈശ്വരാ…  ഇവൾ മരിക്കാൻ തുടങ്ങുകയായിരുന്നോ ?

കാപ്പിയുമായി മാളവിക വരുമ്പോൾ ഞാൻ ആ ബ്ലേഡിൽ നോക്കിയിക്കുന്നതു കണ്ടിട്ടാവും അവൾ പറഞ്ഞു

“എന്താ  ജിതൻ, ഞാൻ ആത്മഹത്യാ ചെയാൻ തുടങ്ങുകയായിരുന്നു എന്ന സംശയത്തിലാണോ? “
അവളുടെ ആ ചോദ്യത്തിനൊപ്പം പകുതി മുറിഞ്ഞ ഒരു ചിരിയും പിന്നോടിയായി ഉണ്ടായിരുന്നു. ഏതോ ഗദ്ഗദം ഉള്ളിലെക്ക് ഒതുക്കാൻ ഒരു നിമിഷമെടുത്തു അവൾ പറഞ്ഞു

“അങ്ങനെ കരുതി എങ്കിൽ ജിതന് തെറ്റിയില്ല, സംഭവം ശരിയാണ്. പക്ഷെ ഇന്നലെ ആണ് അങ്ങനെ ഒന്ന് തോന്നിയത് എന്ന് മാത്രം. ഇന്നിൽ ഇതിനു ഇനി സ്ഥാനമില്ല.”

എനിക്ക് എതിരായി കാപ്പിയുമായി അവൾ വന്നിരുന്നപ്പോഴാണ് അവളുടെ കൈകൾ ശ്രദ്ധിച്ചത്… ഇട്ടിരുന്നത് സ്ലീവെലെസ്സ് ആയിരുന്നതുകൊണ്ട് ആ കയ്യിലെ പാടുകൾ കാണാമായിരുന്നു… ആ പാടുകൾ അവളുടെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ആണെന്ന് അന്ന് അവൾ പറഞ്ഞു അറിഞ്ഞു. അധികനാൾ നീണ്ടു നിൽക്കാത്ത ദാമ്പത്യവും ഗാര്ഹികപീഡനത്തിന്റെ മേമ്പൊടിക്ക് ഭർതൃബലാസംഗവും മറ്റൊരു രാജ്യത്തേക്ക് ചെക്കേറാൻ മതിയായ കാരണങ്ങൾ തന്നെ ആയിരുന്നു. അതിജീവനത്തിനു വേണ്ടി ആത്മരക്ഷാർത്ഥമുള്ള പലായനം അതാണ് അവളെ ഈ ദേശത്തു എത്തിച്ചത്. കഷ്ടപ്പെട്ടു പഠിച്ചതിന്റെ ഗുണം ലഭിച്ചത് ഇവിടെ ജോലിക്കു കയറിയപ്പോഴാണ്. പക്ഷെ ഭൂതകാലന്റെ ഓർമ്മകൾ കഴുകി കളഞ്ഞാൽ  മതിയാകില്ല  എന്നത് കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ച് വ്യക്‌തമായി. ജീവനൊടുക്കുക എന്നത് തന്നെ ആയിരുന്നു അവളുടെ മുന്പിലെയും ആദ്യ പോംവഴി.   ഇന്നലെ വരെ അതായിരുന്നു മനസിലെ ചിന്ത, കരഞ്ഞു മടുത്തതിനാൽ ഇനി കണ്ണീരിനു സ്ഥാനമില്ല എന്ന് ഏതോ ഉൾവിളി പറഞ്ഞത് കൊണ്ടോ എന്തോ ഏതോ ധൈര്യത്തിൽ ആ കുഞ്ഞിനെ വളർത്താം എന്ന തീരുമാനത്തിൽ എത്തിച്ചു.

എങ്ങനെ ഇത്ര ലളിതയായി അവൾ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ സാധൂകരിച്ചുകൊണ്ടു തന്റെ മുന്പിലിരിക്കുന്നു എന്നത് എത്ര ആലോചിച്ചിട്ടും വ്യക്‌തമായില്ല. ജീവിക്കാനുള്ള അവളുടെ മോഹങ്ങളാകാം അതിനുള്ള അവളുടെ പിൻബലം. ഉള്ളിൽ അവളോടു തോന്നിയ ഇഷ്ടത്തിന് ഒരു ഇമ്മിണി വല്യ ബഹുമാനം കൂടി തുള്ളിയായി വീണു. ഒരു പരിചയവുമില്ലാത്ത എന്നോട് ധൈര്യത്തോടെ സംസാരിക്കാൻ  തുടങ്ങിയ അവളോട് ഉള്ള ആത്മബന്ധം എനിക്ക് അന്ന് അവിടെ തുടങ്ങി. പിറ്റേ ദിവസം മുതൽ അവൾ ഓഫീസിൽ വന്നു തുടങ്ങി.മിക്കവാറും ഒരുമിച്ചു സംസാരിച്ചു ആണ് യാത്ര. ഞങ്ങളുടെ ഇടയിൽ സൂര്യന് താഴെ ഉള്ള സകലതും വിഷയങ്ങളായിരുന്നു. ശാരീരിക മാറ്റങ്ങൾ ഒന്നും തന്നെ അവൾക്കു ഒരു പ്രശ്‌നമേ ആയിരുന്നില്ല.
മനോബലം എന്താണ് എന്ന് അവളെ നോക്കിയാൽ വ്യക്തം ആയിട്ട് അറിയാം. മറ്റു ജോലിക്കാർ എല്ലാവരും ആ നാട്ടുകാർ ആണ്. ആരും അവളെ കുറ്റപ്പെടുത്തുകയോ എന്തിനു വാക്കുകൊണ്ട് പോലും നോവിക്കുകയോ ചെയ്തില്ല. ഒരുപക്ഷെ ഈ ദേശത്തിന്റെ പ്രത്യേകത ആകാം; ഗർഭിണികളോടുള്ള ഈ നല്ല മനോഭാവം.
ആഴ്ചകൾ കടന്നു പോകുന്നതിനൊപ്പം ഞങ്ങളുടെ ഇടയിൽ ഒരു ആത്മബന്ധം ധൃഢമാവുകയായിരുന്നു. ബാല്യത്തിൽ കളഞ്ഞുപോയ ഒരു സൗഹൃദംപോലെ.

അവളായിട്ടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഹോസ്പിറ്റലിൽ പോകുമ്പോൾ പോലും.എല്ലാം അറിഞ്ഞു ചെയ്യാൻ ശ്രമിക്കുമ്പോലെ എല്ലാം ഒറ്റക് ചെയ്യും, ആരോടും ഒരു പരാതിയുമില്ല. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകും വഴി ആണ് അവളുടെ കാലുകളിലെ മാറ്റം ശ്രദ്ധിക്കുന്നത്, ആകെ നീര് വച്ചിട്ടുണ്ട് ചെരുപ്പിന്റെ വള്ളികൾ ആ കാലുകൾ വീർപ്പുമുട്ടിക്കുംപോലെ തോന്നി. അവളോട് അത് പറയാനോ അതോ മറ്റു എന്ധെങ്കിലും മാർഗം നോക്കണോ എന്ന് ആലോചിച്ചു. ഓഫീസിലെ ഇസബെല്ലാ എന്ന സഹപ്രവർത്തകയ്ക് ഒരു മെസ്സേജ് അയച്ചു അവൾ അറിയാതെ. ചെല്ലുമ്പോൾ അവളുടെ സീറ്റിനു താഴെ ഒരു ഉയർന്ന സ്റ്റൂൾ കൂടി വച്ചിട്ടുണ്ട് പോരാത്തതിന് ഒരു ജോഡി അയഞ്ഞ ചെരുപ്പുകളും. അത് കണ്ടമാത്രയിൽ ഒരുപക്ഷെ അവൾ ഗണിച്ചു അറിഞ്ഞിട്ടുണ്ടാകും ഞാൻ ആണ് അതിനു പിന്നിൽ എന്ന്, ഇസബെല്ലയോടു നന്ദി പറയുമ്പോൾ അവൾ നോക്കിയത് എന്നെയാണ്. പരസ്പരം ഒന്ന് ചിരിച്ചു. വൈകിട്ട് അവളെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് ചെന്ന് ആകിയിട്ടേ ഞാൻ എന്റെ ഫ്ലാറ്റിലേക്ക് പോകൂ. പറയാതെ തന്നെ എന്റെ ഉള്ളു അവൾക്കു അറിയാമായിരുന്നു പക്ഷെ അറിഞ്ഞതായി അവൾ ഒരിക്കലും ഭാവിച്ചില്ല . അത് ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്‌തമായിരുന്നു

ഒരിക്കൽ അവൾ ഒരു ആവശ്യം പറഞ്ഞു
“ജിതൻ, നാളെ വിഷു ആണ് ഓഫീസും അവധിയല്ലേ. അന്നേക്ക് ഇത്തിരി കണി ഒരുക്കി തരുമോ എനിക്ക്.”

ആദ്യമായി ഒരു കാര്യം എന്നോട് ചോദിക്കാൻ അവൾ മടി കാണിച്ചില്ല എന്നത് തന്നെ വല്യ കാര്യം. അവളുടെ ജീവിതത്തിലെ ഇത്രയും ചെറിയ ഒരു ആഗ്രഹം ഭംഗിയായി സാധിച്ചു കൊടുക്കണം എന്ന് തന്നെ തോന്നി. അപ്പോൾ തന്നെ പോയി  വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി ഒരു സദ്യ തന്നെ ആയിക്കോട്ടെ എന്ന് കരുതി.  അവളുടെ ഫ്ളാറ്റിലെ ഹാളിന്റെ ഒരു കോണിൽ ഒരു കുഞ്ഞു വിലക്കു വയ്ക്കുന്ന സ്ഥലമുണ്ട്. എന്റെ മുറിയിലെ കൃഷ്ണ വിഗ്രഹം അവിടെ കൊണ്ട് വന്നു വച്ച് രാത്രിയിൽ അലങ്കരിച്ചു. അന്ന് അവിടെ ഉള്ള ഗസ്റ്റ് ബെഡ്‌റൂമിൽ കിടന്നോളാൻ അവൾ പറഞ്ഞു, പുലർച്ചെ വിളിച്ചുണർത്തി അവൾക്കു കണിയൊരുക്കിയത് കാട്ടിക്കൊടുത്തു. കണികണ്ട് വന്ന അവൾക്കു കൊടുക്കാനായി ഞാൻ കൈനീട്ടം കരുതിയിരുന്നു ഒരു പൊൻ നാണയം. വാങ്ങുമ്പോൾ ഏറ്റവും മനോഹരമായ ആ കണ്ണുകൾ നിറഞ്ഞിരുന്നു വാക്കുകൾ തേടുമ്പോൾ അവളുടെ മൗനങ്ങളും. ഉയർന്നു വന്ന മൗനം ഇല്ലാതെ ആകാൻ ഫ്ലാസ്കിലെ കാപ്പി പകർന്നു കൊടുത്തു.

“ജിതൻ, തിരിച്ചു ഞാൻ എന്താ കൈനീട്ടം തരിക ?”
അവളുടെ ഈ ചോദ്യത്തിന് ഒരു നിമിഷം ആലോച്ചിട്ടാണ് ഞാൻ മറുപടി കൊടുത്ത്

“മാളവിക, കുഞ്ഞു വരും വരെ നിന്നെ ഞാൻ നോക്കിക്കോട്ടെ … ഒരു കുഞ്ഞിനെ പോലെ ?”

ആ ചോദ്യം അവളെ തെല്ലൊന്നു അമ്പരപ്പിച്ചു. ജിതൻ അങ്ങനെ ചോദിക്കാനുള്ള കാരണം അവൾക്കു വ്യക്‌തമല്ലെങ്കിലും തലേന്ന് രാത്രി ഉറക്കത്തിലും അവളുടെ ഭൂതകാലം അവളെ വേട്ടയാടുന്നത് ഞെട്ടലോടെ കണ്ടു നിന്നതു കൊണ്ടായിരുന്നു. ആ നേരത്തു അവളെ ഒരു കുഞ്ഞിനെ പോലെ മാറോടു അടക്കിപ്പിടിച്ചു ഇനിയൊന്നു കൊണ്ടും പേടിക്കേണ്ടാ എന്ന് പറയണം എന്ന് തോന്നിപോയി. പുറമെ എത്ര ധൈര്യം അഭിനയിച്ചാലും അവൾ ഒറ്റയ്ക്കാണ് എന്നത് അവളെ ഇന്നും വേട്ടയാടുന്നുണ്ട്.  ഇവിടെ വന്ന ശേഷം അവൾക്കു നാടിനോട് ഒരു ബന്ധവുമില്ല. കുഞ്ഞിനെ കുറിച്ചും അവളുടെയോ ഭർത്താവിന്റെയോ വീട്ടുകാർക്ക് അറിയില്ല.
ജിതനുള്ള ആ വിഷുകൈനീട്ടം സമ്മതിക്കാതെ ഇരിക്കാൻ മാളവികയ്ക്കും ആയില്ല.
” ശരി, സമ്മതിച്ചു ”    എന്ന് പറയുമ്പോൾ അവളുടെ കാണുകൾക്കു തിളങ്ങാതെയിരിക്കാൻ ആയില്ല.

“എന്നാൽ ഇന്ന് തൊട്ടു നമ്മൾ എന്നും രാവിലെ കുറച്ചു നേരം പാർക്കിൽ നടക്കാൻ പോകും….”
പിന്നീടുള്ള അഞ്ചു മിനിറ്റ് മാളവിക ഗര്ഭകാലത്തു ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു ജിതൻ മാളവികയെ ധര്മസങ്കടത്തിൽ ആക്കി. എന്തോ ഓർത്തപ്പോൾ പെട്ടെന്ന് ജിതൻ പോയി കുറച്ചു എണ്ണ ചൂടാക്കി കൊണ്ട് വന്നു, അവളുടെ സമ്മതമോ ജാള്യതയോ ഒന്നും കണ്ടതായി ഭവിക്കാൻ മിനക്കെടാതെ നീരുവച്ച കാൽപാദങ്ങൾ അവൻ എണ്ണയിട്ടു കൊടുത്തു. ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകളിൽ ആണ് കാഴ്ച ഉടക്കിയത്. വാക്കുകൾ തിരയുന്ന അവളെ വിലക്കി. നീ അർഹിക്കുന്നതൊക്കെയും കിട്ടാൻ ഞാൻ ഒരു നിമിത്തം ആകുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി
കുളിച്ചു സെറ്റുമുണ്ട് ഉടുത്തു വന്ന അവളോട് ഒരു നുള്ളൂ കണ്മഷിയും ഒരു പൊട്ടും കൂടി കുറവുണ്ട് എന്ന് ഓർമപ്പെടുത്തി. മാഞ്ഞു തുടങ്ങി എങ്കിലും ആ കൈകളിലെ മുറിപ്പാടുകൾ ഒരു കുത്തിനോവിക്കൽ പോലെ ആണെന്ന് ജിതനു തോന്നി. വിഷുവിന്റെ സദ്യക്ക് വേണ്ടുന്നതെല്ലാം ഒരുമിച്ചാണ് ചെയ്തത്. പായസം ഒക്കെ കഴിച്ചു ഉറക്കം തൂങ്ങി അവൾക്കു ഏതോ ഉൾവിളിപോലെ സോഫയിൽ ഇരുന്ന ജിതന്റെ മടിയിൽ തലവച്ചു കിടന്നോട്ടെ എന്ന് ചോദിച്ചു. മരിച്ചുപോയ അമ്മയുടെ ഓർമ്മ വന്നതാണ് അവൾക്കു എന്ന് മനസിലായി. കറുത്ത മുടിയിഴകളിലൂടെ വിരലോടിക്കവേ മാളവിക മെല്ലെ ഉറക്കത്തിലേക്കു വീണു പോയി, പക്ഷെ ഏതോ ഒരു ദുർനിമിത്തം പോലെ സ്വപ്നം കണ്ടു ഞെട്ടിയ അവളുടെ കൈയ്യിൽ ജിതൻ പിടിച്ചു വച്ചു . ഒന്ന് കണ്ണ് തുറന്നു നോക്കിയാ ശേഷം മാളവിക  വീണ്ടും ഉറങ്ങി. കഴിഞ്ഞ ഒരു മാസമായി മാളവിക മറ്റേർണിറ്റി ലീവിൽ ആണ്. ഇതുവരെ എല്ലാം നോർമൽ ആണ്. ഇപ്പൊഴൊക്കെ അവളുടെ അടുത്ത് ചെല്ലുമ്പോൾ തന്നോടു പറയാൻ കുഞ്ഞിന്റെ വിശേഷങ്ങൾ അല്ലെങ്കിൽ വായിച്ച പുസ്തകത്തിലെ കഥകൾ ഉണ്ടാകും.വീർത്ത വയറോട് കൂടി അവൾ കഷ്ടപ്പെട്ട് നടക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്. പക്ഷെ അവൾ ഇപ്പോൾ മറ്റൊരു ലോകത്താണ്; സമാധാനത്തിന്റെ. വന്നതിൽ നിന്നും എത്രയോ മാറ്റമാണ് അവൾക്കു ഇന്ന്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൂടി തന്നിട്ടുണ്ട് കയ്യിൽ. മാളവികയുടെ യാത്രയിൽ പാതി വഴിയിൽ വച്ചാണ് തൻ്റെ യാത്ര തുടങ്ങുന്നത്. ഇനിയും അതിനു ഒരു പേര് ഇടുകയോ അതിരുകൾ അളന്നു കുറിയ്ക്കുവാനോ മുതിർന്നിട്ടില്ല. ഒരു സ്ത്രീക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നത് പോലെ അല്ലെങ്കിലും പരിമിതികൾക്കു മീതെ അവളോടൊപ്പം ഉണ്ടാകുവാൻ ജിതൻ തന്നാൽ ആവും വിധം ശ്രമിച്ചു.
ഒരു അവധി ദിവസം വീട്ടിൽ വച്ച് പെട്ടെന്ന് വേദന കൂടി തന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൾ  വേദന കടിച്ചമർത്തി ” ജിതൻ ഐ തിങ്ക്,മൈ വാട്ടർ ജസ്റ്റ് ബ്രോക്ക് ” എന്ന് പറഞ്ഞൊപ്പിച്ചു. പിന്നെയൊക്കെ ഒരു സ്ക്രീനിലെ ഓടുന്ന സിനിമ പോലെ ആയിരുന്നു. മിന്നൽ പിണരു പോലെ ഇടയ്ക്കു വന്നു പോകുന്ന അവളുടെ വേദന കണ്ട് നിൽക്കാൻ അല്ലാതെ തനിക്കു ഒന്നും ആയില്ല. കുറച്ചു മണിക്കൂറുകൾക്കു ശേഷം ലേബർ റൂമിനു വെളിയിൽ തന്റെ കയ്യിലേക്ക് ഒരു കുരുന്നു ജീവനെ വച്ച് തന്നിട്ട് അച്ഛൻ ആയതിനുള്ള അഭിനന്ദനങൾ പറഞ്ഞതൊന്നും ജിതൻ കേൾക്കുക ഉണ്ടായില്ല.  ഏതോ മുന്ജന്മ സുകൃതം പോലെ ഉള്ളിൽ സന്തോഷം തിരതല്ലി തന്റെ കയ്യിലെ ആ കുഞ്ഞു നിധിയെ കണ്ടിട്ട് .

ഭാമ

bhaama

ഭാമ

ഒറ്റപ്പെടലിനെ ബഹളങ്ങൾക്ക്  ഒരു അറുതി വരുത്താന്‍ എന്ന വണ്ണം അവൾ ആ കടൽത്തീരത്തേക്ക് നടന്നു. പൈൻ മരങ്ങള്‍ക്ക് ഇടയിലൂടെ ഉച്ച തിരിഞ്ഞ് വെയിൽ കാഞ്ഞ് തീരത്തേക്ക് ഇറങ്ങി നടന്നു. ശനിയാഴ്ച ആണെങ്കിലും വൈകിട്ട് 5 മണി വരെ ഈ ഭാഗത്ത് തിരക്ക് നന്നേ കുറവായിരിക്കും. അതിനാലാണ് ഈ സമയം നോക്കി അവൾ ഇവിടേക്ക് വരാറ്. ഇളം നീല നിറമുള്ള പരുത്തി സാരിയുടുത്തു വള്ളി ചെരുപ്പുകള്‍ അഴിച്ചു ഇടതു കൈയ്യിൽ പിടിച്ച് തിരകളെ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ അവൾ ആ നീല നിറമുള്ള ആകാശത്തിന്റെയും കടലിന്റെയും പ്രതിബിംബമാണ് എന്ന് തോന്നിപ്പോകും. കുറച്ചു ദൂരം നടന്ന ശേഷം അവൾ സ്ഥിരം ഇരിക്കാറുള്ള പൈൻ മരച്ചുവട് ലക്ഷ്യമാക്കി നടന്നു. താൻ ഇരിക്കാറുള്ള സ്ഥലത്ത് മധ്യ വയസ്സ് കടന്ന ഒരാൾ ഇരിക്കുന്നത് കണ്ടു ഭാമ പെട്ടെന്ന് ഒന്ന് അമ്പരന്നു. കഴിഞ്ഞ കുറേ മാസങ്ങളായി താൻ വരുമ്പോൾ ഒന്നും അവിടെ ആരും ഉണ്ടാകാറില്ല. അവിടെ ഇരിക്കുന്ന അയാളോട് തെല്ലൊരു കുണ്ഡിതം തോന്നി. പെട്ടെന്ന് തന്നെ അങ്ങനെയൊരു ചിന്ത തന്നെ ശരിയായില്ല, കടൽ ആരുടേയും സ്വന്തമല്ലല്ലോ എന്ന ബോധ്യത്തിലും അയാളോട് അനിഷ്ടം തോന്നിയതിൽ ജാള്യതയും കൊണ്ട് കുറച്ച് അകലെ മാറിയിരുന്നു തിര എണ്ണാൻ തുടങ്ങി.

ആ നാട്ടിലേക്ക് സ്ഥലം മാറ്റമായി വന്നിട്ട് ഏതാണ്ട് ഒരു വർഷം ആകുന്നു. സ്കൂളിന് അടുത്ത് തന്നെയുള്ള ഒരു ചെറിയ വാടക വീട്ടിലാണ് മധ്യവയസ്സിൽ കയറി തുടങ്ങിയ ഭാമയുടെ ഏകാന്തവാസം. തായ്‌വഴിയിലെ ശേഷിച്ച ഒരു വയസായ അമ്മായി പിന്നെ ഒരുപാട് പുസ്തകങ്ങളും അത് തന്നെയാണ് അവളുടെ ലോകം. വായിക്കാൻ കയ്യിൽ കരുതിയിരുന്ന പുസ്തകത്തെ പോലും മറന്നു കൊണ്ട് ചിന്തകളിൽ ആണ്ടുപോയ ഭാമ തനിക്ക് അടുത്തായി കേട്ട് മുരടനക്കം ആദ്യമൊന്നും കേൾക്കുകയുണ്ടായി ഇല്ല.

പിന്നീട് ഒരു ഞെട്ടലോടെ തനിക്ക് അഭിമുഖമായി വന്ന ആ മുഖവും ആ ശബ്ദവും ഭാമയെ ബോധത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എനിക്ക് അധികം അകലെയല്ലാതെ മര ചുവട്ടിലിരുന്ന അയാളാണ് തന്റെ മുൻപിൽ. “വിരോധം തോന്നില്ലെങ്കിലും ഞാനൊരു കാര്യം ചോദിച്ചോട്ടെ? ” എന്നു മുഖവര പറഞ്ഞു കൊണ്ടു അയാൾ സ്വയം പരിചയപ്പെടുത്തി. “ഞാൻ ആദിത്യൻ…. ഒരു ഫോട്ടോഗ്രാഫർ ആണ്. ഞാൻ ഒരു പ്രോജക്ട് ഭാഗമായി കുറച്ചു ചിത്രങ്ങൾ എടുക്കാൻ വന്നതാണ്. കുറച്ചു നേരമായി ഞാൻ നിങ്ങളെ തന്നെ ശ്രദ്ധിക്കുന്നു. അപ്പോഴാണ് പൂഴിമണലിൽ പകുതി താണ നിങ്ങളുടെ പാദങ്ങൾ കണ്ടത്. നിങ്ങളുടെ പാദങ്ങൾ മാത്രം ഞാൻ ഒരു ചിത്രം എടുത്തോട്ടെ? നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ മാത്രം.” ഒരു നിമിഷം വേണ്ടി വന്നു ഭാമയ്ക്ക് അയാൾ പറഞ്ഞത് മനസ്സിലാക്കാൻ. അയാൾ അവളുടെ മറുപടിക്കായി കാത്തു നിന്നു. അവൾ ശരി എന്ന അർത്ഥത്തിൽ തലയാട്ടി. ബാഗിൽ നിന്നും ക്യാമറ എടുത്തു ലെൻസ്‌ ഘടിപ്പിച്ചു. ഒന്നും ചെയ്യേണ്ട പാദങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് അയാൾ പറഞ്ഞു. ആദിത്യൻ പല ആംഗിളിലിൽ ചിത്രങ്ങൾ എടുക്കുന്നതില്‍ മുഴുകി. അയാളെ ഭാമ അങ്ങനെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. എന്നിട്ട് അവൾ സ്വന്തം കാൽപാദങ്ങളിൽ നോക്കി. അവൾ കണ്ടത് പ്രായാധിക്യത്ത്തെ സ്വീകരിച്ചു തുടങ്ങി എന്നതിന് തെളിവായി ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു പാദങ്ങളാണ്. ചെരുപ്പ് ഇട്ടു നടന്നതിന്റെ തഴമ്പും പാടുകളും സൗമ്യത വിട്ടു തുടങ്ങിയ നഖങ്ങളും. അതൊന്നും കണക്കിലെടുക്കാതെ ഏറെ ഋതുക്കൾക്കു മുൻപായി അണിയിക്കപ്പെട്ട നൂറു മണികൾ ഉള്ള വെള്ളികൊലുസ്സുകൾ പാദങ്ങളെ ഇന്നും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.

“തീരെ അപ്രതീക്ഷിതമാണ് ആണ് ഈ പ്രായത്തിലുള്ള നിങ്ങളെപ്പോലുള്ള ഒരു സ്ത്രീയുടെ കാലുകളിൽ ഇത്രയും മനോഹരമായി കൊലുസുകൾ. ഇത് ആരുടെയെങ്കിലും സമ്മാനമാണോ? “

അപ്രതീക്ഷിതമായ ആ ചോദ്യം അവളെ  ചിന്തകളുടെ ഊരാക്കുടുക്കിൽ നിന്നും വലിച്ചു പുറത്തിട്ടു. ഒരു നിമിഷം ആ കൊലുസ്സുകളിലേക്കു നോക്കിയിട്ട് അവൾ അതേ എന്ന് തലയാട്ടി. കുറച്ചുനേരത്തെ സംഭാഷണ ശ്രമങ്ങൾക്കു ശേഷം ആദിത്യൻ വിടവാങ്ങി. അടുത്ത ആഴ്ച ഇവിടെ വരികയാണെങ്കിൽ ചിത്രത്തിന്റെ പകർപ്പ് നൽകാം എന്ന ഓർമ്മപ്പെടുത്തലോടെ അയാൾ പോയി. നടന്നകലുന്ന ആദിത്യനൊപ്പം അവളുടെ ദൃഷ്ടികൾ തീരത്തെ തൊടുന്ന തിരകളിൽ എത്തി. “നിയമങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് പ്രണയാഗ്നിയിൽ ഉരുകിയൊലിക്കണമെന്നു ഭ്രാന്തൻ സ്വപ്നങ്ങളുടെ കാവൽക്കാരനായ ദേവന്റെ ഓർമ്മകളായിരുന്നു തന്റെ കാലിൽ അവൻ അണിയിച്ചു തന്ന ആ നൂറുമണിയുള്ള വെള്ളിക്കൊലുസ്സുകൾ. നിയമങ്ങൾ ഇല്ലാത്ത ദേവലോകത്തേയ്ക്കു അവൻ ഒറ്റയ്ക്ക് മടങ്ങിയെങ്കിലും പ്രണയത്തിന്റെ അഗ്നിപ്രതീക്ഷകളുമായി ഭാമ ഇന്നും കാത്തിരിക്കുന്നു….ഭ്രാന്തമായ്‌ വീണ്ടുമൊരിക്കൽ ദേവന്റെ പ്രണയത്തിനായി!” (ശുഭം)

#firespiritblog

a journey begins……..

Adobe 99U

A resource for the creative career

Sreeraj Mandamkulathil Photogrphy

by sreeraj mandamkulathil

Esperance7

Wordsmith

Munch666nath's Blog

Just another WordPress.com site

Paperbacks Publishing House

Re-Telling Stories

paperbacks blogs

Re Telling Stories

Kavitha Nair

കഥയില്ലാക്കവിതകൾ ..

Note Stories

of a Mind-blogger

Avial

A mix of thoughts

krishnapriya22013

Light+Love :-)

Writer's Choice

Blog filled with the Breathings of my heart

Ashique Ali

Green Ash

Aiswarya kombilath

Come and find who I am

%d bloggers like this: