മാളവിക

malavika

മാളവിക, അവൾ തനിക്കു ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇല്ല. ഒരുപക്ഷെ നിയമങ്ങൾ ഇല്ലാത്ത ഒരു ലോകത്തു അവൾ എനിക്ക് എല്ലാമാണ് എന്നത് രാത്രിയുടെ ഇരുട്ടുപോലെ സത്യമാണ്. അവളുടെ വരവ് ശരിക്കും ഈ മരുഭൂമിയിൽ എനിക്ക് ഒരു മരുപ്പച്ച തന്നെ ആയിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ഭൂതകാലങ്ങളുടെ കണക്കുകൾ ചീന്തിയെറിഞ്ഞു ഈ നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. എന്റെ കമ്പനിയിൽ ജോലിക്കു ചേരുമ്പോൾ ആരോടും മിണ്ടാത്ത പേടിച്ച പ്രകൃതം, നേരത്തെ ഓഫീസിൽ വരും എന്നും  വൈകി വീട്ടിൽ പോകും. എപ്പോ നോക്കിയാലും ജോലി തന്നെ. ആരോടും മുഖം കൊടുക്കില്ല. അധികം താമസിയാതെ എന്റെ ബിൽഡിങ്ങിൽ തന്നെയാണ് അവളുടെ ഫ്ലാറ്റും എന്ന് മനസിലായി. എന്നെ അറിയുന്നതായി തിരിച്ചറിയുന്ന കണ്ണുകൾ അവളിൽ നിന്നും എന്റെ നേർക്ക് ഉയർന്നിട്ടില്ല. എന്തോ വല്യ ഭാരം അവളുടെ തലയെ ഇപ്പോഴും ഭൂമിയിലേക്ക് തന്നെ താങ്ങി നിർത്തിയിരുന്നതുപോലെ.
ഏകദേശം രണ്ടു മാസങ്ങൾക്കു ഇപ്പുറം ഓഫീസിലേക്ക് പോകാൻ ഇറങ്ങും നേരം അവൾ ഫ്ലാറ്റിന്റെ മുൻപിൽ കാത്തു നിന്നതുപോലെ.

“ജിതൻ , ഈ ലീവ് ലെറ്റർ ഒന്ന് മാനേജർക്കു കൊടുക്കുമോ? എനിക്ക് തീരെ സുഖമില്ല, ഇന്ന് വരാൻ കഴിയില്ല.മാനേജരുടെ ഫോൺ സ്വിച്ചഡ് ഓഫ് ആണ്. അതാണ് ജിതന്റെ കയ്യിൽ തരാമെന്നു കരുതിയത്.”

ആരോടും മിണ്ടാതിരുന്നിട്ടും അവൾക്കു എല്ലാം വ്യക്‌തമായി അറിയുന്ന പോലെ. എന്റെ പേരും ഫ്ലാറ്റ് നമ്പർ പോലും. അന്നാണ് അവൾ ആദ്യമായ് എന്നോട് സംസാരിച്ചത്, പക്ഷെ അവളോട് എന്റെ മനസ്സ് സംസാരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്നത് അവളൊട്ടു  അറിഞ്ഞിരുന്നു ഇല്ല. ആർക്കും ഒരിക്കലും പിടിതരാത്ത അവളുടെ കണ്ണുകൾ, മഷി എഴുതാതെ കണ്ണട വച്ച് മറച്ച കണ്ണുകൾ, ഒരിക്കൽ പോലും വിടർത്തിയിടാത്ത ആ മുടിയിഴകളുടെ നീളം എത്രയെന്നു അറിയാൻ ഒരുപാട് ആകാംഷ തോന്നിയിട്ടുണ്ട്.  എപ്പോഴും ഫുൾസ്ലീവ് ഉള്ള അയഞ്ഞ വസ്ത്രങ്ങൾ മാത്രം  ധരിച്ച അവളെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. വൈകിട്ട് ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ അവൾക്കു എങ്ങനെ ഉണ്ട് എന്ന് തിരക്കിയാലോ എന്ന് ആലോചിച്ചതാണ് പിന്നെ വേണ്ടാന്നു കരുതി.

പിറ്റേ ദിവസം മുതൽ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവളെ കാണാൻ തുടങ്ങി പൂർണമായും അല്ലെങ്കിലും ഒരു മന്ദഹാസം അത് കണ്ടു തുടങ്ങി. അസുഖം എന്താണെന്നു ഞാൻ ചോദിക്കാതെ വിട്ടു.  പിറ്റേ ആഴ്ച ഓഫീസിൽ വച്ച് തലകറങ്ങി വീണ മാളവികയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവിടെ നിന്നും അവൾ ഫ്ലാറ്റിലേക്ക് പോയി എന്നാണു സഹപ്രവർത്തകർ പറഞ്ഞു അറിയാൻ കഴിഞ്ഞത്. എന്തു ധൈര്യത്തിന് പുറത്തു ആണെന്ന് അറിയില്ല വൈകിട്ട് തിരികെ വരും വഴിക്കു അവളുടെ ഫ്ലാറ്റിന്റെ മുൻപിൽ പോയി കാളിങ് ബില്ലിൽ വിരൽ അമർത്തി. അല്പസമയം കഴിഞ്ഞു അവൾ തന്നെയാണ് വാതിൽ തുറന്നതു. അവൾ ആരെയും പ്രതീക്ഷിച്ചിരുന്നില്ല എന്നത് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ നിന്നും വ്യക്‌തമായിരുന്നു. പെട്ടെന്ന് അങ്ങനെ അവളെ കണ്ടപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നുള്ളതും ഞാൻ മറന്നുപോയി. അകത്തെ കടക്കാനോ അതോ പിന്നീട് വരാം എന്ന് പറഞ്ഞു സ്ഥലം വിടണോ എന്ന് അറിയാതെ ഞാൻ ഒന്ന് കുഴങ്ങി.

“മാളവിക, ഇപ്പൊ എങ്ങനെ ഉണ്ട് ആരോഗ്യം? എന്തേലും വാങ്ങിക്കൊണ്ടു വരണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാണ് ഞാൻ” എന്ന് പറഞ്ഞൊപ്പിച്ചു.

“ഇപ്പോൾ കുഴപ്പം ഒന്നുമില്ല, അത്യാവശ്യം സാധനങ്ങൾ ഒക്കെ ഉണ്ട്. ഒന്നും വേണ്ടാ” എന്ന് പറഞ്ഞു. അവൾകു കാര്യമായ എന്തൊ പ്രശനം ഉള്ളതായി വ്യക്‌തമായി, പക്ഷെ എങ്ങനെ ചോദിക്കും. രണ്ടു ദിവസത്തേക്ക് അവളെ ഓഫീസിൽ കണ്ടില്ല. മൂന്നാം ദിവസം പഴയപോലെ അവളെ കാണാൻ പോയി ഇത്തവണ അവളുടെ മുഖം കുറച്ചു ഭേദപെട്ടിരുന്നു. അകത്തെ വരാൻ ക്ഷണിച്ചു.
അവളുടെ ഫ്ലാറ്റ് മറ്റൊരു ലോകമാണ് എന്ന് തോന്നിപോയി നിറയെ ചെടികൾ ഒരുപാട് പുസ്തകങ്ങൾ. പുറത്തു നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത അത്രയും വീടിന്റെ നൈർമല്യം ഉള്ളയിടം എന്ന് തന്നെ പറയാം. ഇതൊക്കെ വച്ച് നോക്കുമ്പോ എന്റേത് മഹാബോറാണ് എന്നത് വാസ്തവം. വളരെ ലളിതമായ അകത്തളം, സോഫയിൽ ഇരിക്കാൻ പറഞ്ഞു, കാപ്പി എടുക്കാനായി അവൾ അകത്തേയ്ക്കു പോയി. മുൻപിലുള്ള മേശമേൽ ഒരു ബ്ലേഡ് തുറന്നു വച്ച നിലയിൽ കണ്ടപ്പോൾ ഉള്ളൊന്നു ആളി, ഈശ്വരാ…  ഇവൾ മരിക്കാൻ തുടങ്ങുകയായിരുന്നോ ?

കാപ്പിയുമായി മാളവിക വരുമ്പോൾ ഞാൻ ആ ബ്ലേഡിൽ നോക്കിയിക്കുന്നതു കണ്ടിട്ടാവും അവൾ പറഞ്ഞു

“എന്താ  ജിതൻ, ഞാൻ ആത്മഹത്യാ ചെയാൻ തുടങ്ങുകയായിരുന്നു എന്ന സംശയത്തിലാണോ? “
അവളുടെ ആ ചോദ്യത്തിനൊപ്പം പകുതി മുറിഞ്ഞ ഒരു ചിരിയും പിന്നോടിയായി ഉണ്ടായിരുന്നു. ഏതോ ഗദ്ഗദം ഉള്ളിലെക്ക് ഒതുക്കാൻ ഒരു നിമിഷമെടുത്തു അവൾ പറഞ്ഞു

“അങ്ങനെ കരുതി എങ്കിൽ ജിതന് തെറ്റിയില്ല, സംഭവം ശരിയാണ്. പക്ഷെ ഇന്നലെ ആണ് അങ്ങനെ ഒന്ന് തോന്നിയത് എന്ന് മാത്രം. ഇന്നിൽ ഇതിനു ഇനി സ്ഥാനമില്ല.”

എനിക്ക് എതിരായി കാപ്പിയുമായി അവൾ വന്നിരുന്നപ്പോഴാണ് അവളുടെ കൈകൾ ശ്രദ്ധിച്ചത്… ഇട്ടിരുന്നത് സ്ലീവെലെസ്സ് ആയിരുന്നതുകൊണ്ട് ആ കയ്യിലെ പാടുകൾ കാണാമായിരുന്നു… ആ പാടുകൾ അവളുടെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ആണെന്ന് അന്ന് അവൾ പറഞ്ഞു അറിഞ്ഞു. അധികനാൾ നീണ്ടു നിൽക്കാത്ത ദാമ്പത്യവും ഗാര്ഹികപീഡനത്തിന്റെ മേമ്പൊടിക്ക് ഭർതൃബലാസംഗവും മറ്റൊരു രാജ്യത്തേക്ക് ചെക്കേറാൻ മതിയായ കാരണങ്ങൾ തന്നെ ആയിരുന്നു. അതിജീവനത്തിനു വേണ്ടി ആത്മരക്ഷാർത്ഥമുള്ള പലായനം അതാണ് അവളെ ഈ ദേശത്തു എത്തിച്ചത്. കഷ്ടപ്പെട്ടു പഠിച്ചതിന്റെ ഗുണം ലഭിച്ചത് ഇവിടെ ജോലിക്കു കയറിയപ്പോഴാണ്. പക്ഷെ ഭൂതകാലന്റെ ഓർമ്മകൾ കഴുകി കളഞ്ഞാൽ  മതിയാകില്ല  എന്നത് കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ച് വ്യക്‌തമായി. ജീവനൊടുക്കുക എന്നത് തന്നെ ആയിരുന്നു അവളുടെ മുന്പിലെയും ആദ്യ പോംവഴി.   ഇന്നലെ വരെ അതായിരുന്നു മനസിലെ ചിന്ത, കരഞ്ഞു മടുത്തതിനാൽ ഇനി കണ്ണീരിനു സ്ഥാനമില്ല എന്ന് ഏതോ ഉൾവിളി പറഞ്ഞത് കൊണ്ടോ എന്തോ ഏതോ ധൈര്യത്തിൽ ആ കുഞ്ഞിനെ വളർത്താം എന്ന തീരുമാനത്തിൽ എത്തിച്ചു.

എങ്ങനെ ഇത്ര ലളിതയായി അവൾ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ സാധൂകരിച്ചുകൊണ്ടു തന്റെ മുന്പിലിരിക്കുന്നു എന്നത് എത്ര ആലോചിച്ചിട്ടും വ്യക്‌തമായില്ല. ജീവിക്കാനുള്ള അവളുടെ മോഹങ്ങളാകാം അതിനുള്ള അവളുടെ പിൻബലം. ഉള്ളിൽ അവളോടു തോന്നിയ ഇഷ്ടത്തിന് ഒരു ഇമ്മിണി വല്യ ബഹുമാനം കൂടി തുള്ളിയായി വീണു. ഒരു പരിചയവുമില്ലാത്ത എന്നോട് ധൈര്യത്തോടെ സംസാരിക്കാൻ  തുടങ്ങിയ അവളോട് ഉള്ള ആത്മബന്ധം എനിക്ക് അന്ന് അവിടെ തുടങ്ങി. പിറ്റേ ദിവസം മുതൽ അവൾ ഓഫീസിൽ വന്നു തുടങ്ങി.മിക്കവാറും ഒരുമിച്ചു സംസാരിച്ചു ആണ് യാത്ര. ഞങ്ങളുടെ ഇടയിൽ സൂര്യന് താഴെ ഉള്ള സകലതും വിഷയങ്ങളായിരുന്നു. ശാരീരിക മാറ്റങ്ങൾ ഒന്നും തന്നെ അവൾക്കു ഒരു പ്രശ്‌നമേ ആയിരുന്നില്ല.
മനോബലം എന്താണ് എന്ന് അവളെ നോക്കിയാൽ വ്യക്തം ആയിട്ട് അറിയാം. മറ്റു ജോലിക്കാർ എല്ലാവരും ആ നാട്ടുകാർ ആണ്. ആരും അവളെ കുറ്റപ്പെടുത്തുകയോ എന്തിനു വാക്കുകൊണ്ട് പോലും നോവിക്കുകയോ ചെയ്തില്ല. ഒരുപക്ഷെ ഈ ദേശത്തിന്റെ പ്രത്യേകത ആകാം; ഗർഭിണികളോടുള്ള ഈ നല്ല മനോഭാവം.
ആഴ്ചകൾ കടന്നു പോകുന്നതിനൊപ്പം ഞങ്ങളുടെ ഇടയിൽ ഒരു ആത്മബന്ധം ധൃഢമാവുകയായിരുന്നു. ബാല്യത്തിൽ കളഞ്ഞുപോയ ഒരു സൗഹൃദംപോലെ.

അവളായിട്ടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഹോസ്പിറ്റലിൽ പോകുമ്പോൾ പോലും.എല്ലാം അറിഞ്ഞു ചെയ്യാൻ ശ്രമിക്കുമ്പോലെ എല്ലാം ഒറ്റക് ചെയ്യും, ആരോടും ഒരു പരാതിയുമില്ല. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകും വഴി ആണ് അവളുടെ കാലുകളിലെ മാറ്റം ശ്രദ്ധിക്കുന്നത്, ആകെ നീര് വച്ചിട്ടുണ്ട് ചെരുപ്പിന്റെ വള്ളികൾ ആ കാലുകൾ വീർപ്പുമുട്ടിക്കുംപോലെ തോന്നി. അവളോട് അത് പറയാനോ അതോ മറ്റു എന്ധെങ്കിലും മാർഗം നോക്കണോ എന്ന് ആലോചിച്ചു. ഓഫീസിലെ ഇസബെല്ലാ എന്ന സഹപ്രവർത്തകയ്ക് ഒരു മെസ്സേജ് അയച്ചു അവൾ അറിയാതെ. ചെല്ലുമ്പോൾ അവളുടെ സീറ്റിനു താഴെ ഒരു ഉയർന്ന സ്റ്റൂൾ കൂടി വച്ചിട്ടുണ്ട് പോരാത്തതിന് ഒരു ജോഡി അയഞ്ഞ ചെരുപ്പുകളും. അത് കണ്ടമാത്രയിൽ ഒരുപക്ഷെ അവൾ ഗണിച്ചു അറിഞ്ഞിട്ടുണ്ടാകും ഞാൻ ആണ് അതിനു പിന്നിൽ എന്ന്, ഇസബെല്ലയോടു നന്ദി പറയുമ്പോൾ അവൾ നോക്കിയത് എന്നെയാണ്. പരസ്പരം ഒന്ന് ചിരിച്ചു. വൈകിട്ട് അവളെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് ചെന്ന് ആകിയിട്ടേ ഞാൻ എന്റെ ഫ്ലാറ്റിലേക്ക് പോകൂ. പറയാതെ തന്നെ എന്റെ ഉള്ളു അവൾക്കു അറിയാമായിരുന്നു പക്ഷെ അറിഞ്ഞതായി അവൾ ഒരിക്കലും ഭാവിച്ചില്ല . അത് ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്‌തമായിരുന്നു

ഒരിക്കൽ അവൾ ഒരു ആവശ്യം പറഞ്ഞു
“ജിതൻ, നാളെ വിഷു ആണ് ഓഫീസും അവധിയല്ലേ. അന്നേക്ക് ഇത്തിരി കണി ഒരുക്കി തരുമോ എനിക്ക്.”

ആദ്യമായി ഒരു കാര്യം എന്നോട് ചോദിക്കാൻ അവൾ മടി കാണിച്ചില്ല എന്നത് തന്നെ വല്യ കാര്യം. അവളുടെ ജീവിതത്തിലെ ഇത്രയും ചെറിയ ഒരു ആഗ്രഹം ഭംഗിയായി സാധിച്ചു കൊടുക്കണം എന്ന് തന്നെ തോന്നി. അപ്പോൾ തന്നെ പോയി  വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി ഒരു സദ്യ തന്നെ ആയിക്കോട്ടെ എന്ന് കരുതി.  അവളുടെ ഫ്ളാറ്റിലെ ഹാളിന്റെ ഒരു കോണിൽ ഒരു കുഞ്ഞു വിലക്കു വയ്ക്കുന്ന സ്ഥലമുണ്ട്. എന്റെ മുറിയിലെ കൃഷ്ണ വിഗ്രഹം അവിടെ കൊണ്ട് വന്നു വച്ച് രാത്രിയിൽ അലങ്കരിച്ചു. അന്ന് അവിടെ ഉള്ള ഗസ്റ്റ് ബെഡ്‌റൂമിൽ കിടന്നോളാൻ അവൾ പറഞ്ഞു, പുലർച്ചെ വിളിച്ചുണർത്തി അവൾക്കു കണിയൊരുക്കിയത് കാട്ടിക്കൊടുത്തു. കണികണ്ട് വന്ന അവൾക്കു കൊടുക്കാനായി ഞാൻ കൈനീട്ടം കരുതിയിരുന്നു ഒരു പൊൻ നാണയം. വാങ്ങുമ്പോൾ ഏറ്റവും മനോഹരമായ ആ കണ്ണുകൾ നിറഞ്ഞിരുന്നു വാക്കുകൾ തേടുമ്പോൾ അവളുടെ മൗനങ്ങളും. ഉയർന്നു വന്ന മൗനം ഇല്ലാതെ ആകാൻ ഫ്ലാസ്കിലെ കാപ്പി പകർന്നു കൊടുത്തു.

“ജിതൻ, തിരിച്ചു ഞാൻ എന്താ കൈനീട്ടം തരിക ?”
അവളുടെ ഈ ചോദ്യത്തിന് ഒരു നിമിഷം ആലോച്ചിട്ടാണ് ഞാൻ മറുപടി കൊടുത്ത്

“മാളവിക, കുഞ്ഞു വരും വരെ നിന്നെ ഞാൻ നോക്കിക്കോട്ടെ … ഒരു കുഞ്ഞിനെ പോലെ ?”

ആ ചോദ്യം അവളെ തെല്ലൊന്നു അമ്പരപ്പിച്ചു. ജിതൻ അങ്ങനെ ചോദിക്കാനുള്ള കാരണം അവൾക്കു വ്യക്‌തമല്ലെങ്കിലും തലേന്ന് രാത്രി ഉറക്കത്തിലും അവളുടെ ഭൂതകാലം അവളെ വേട്ടയാടുന്നത് ഞെട്ടലോടെ കണ്ടു നിന്നതു കൊണ്ടായിരുന്നു. ആ നേരത്തു അവളെ ഒരു കുഞ്ഞിനെ പോലെ മാറോടു അടക്കിപ്പിടിച്ചു ഇനിയൊന്നു കൊണ്ടും പേടിക്കേണ്ടാ എന്ന് പറയണം എന്ന് തോന്നിപോയി. പുറമെ എത്ര ധൈര്യം അഭിനയിച്ചാലും അവൾ ഒറ്റയ്ക്കാണ് എന്നത് അവളെ ഇന്നും വേട്ടയാടുന്നുണ്ട്.  ഇവിടെ വന്ന ശേഷം അവൾക്കു നാടിനോട് ഒരു ബന്ധവുമില്ല. കുഞ്ഞിനെ കുറിച്ചും അവളുടെയോ ഭർത്താവിന്റെയോ വീട്ടുകാർക്ക് അറിയില്ല.
ജിതനുള്ള ആ വിഷുകൈനീട്ടം സമ്മതിക്കാതെ ഇരിക്കാൻ മാളവികയ്ക്കും ആയില്ല.
” ശരി, സമ്മതിച്ചു ”    എന്ന് പറയുമ്പോൾ അവളുടെ കാണുകൾക്കു തിളങ്ങാതെയിരിക്കാൻ ആയില്ല.

“എന്നാൽ ഇന്ന് തൊട്ടു നമ്മൾ എന്നും രാവിലെ കുറച്ചു നേരം പാർക്കിൽ നടക്കാൻ പോകും….”
പിന്നീടുള്ള അഞ്ചു മിനിറ്റ് മാളവിക ഗര്ഭകാലത്തു ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു ജിതൻ മാളവികയെ ധര്മസങ്കടത്തിൽ ആക്കി. എന്തോ ഓർത്തപ്പോൾ പെട്ടെന്ന് ജിതൻ പോയി കുറച്ചു എണ്ണ ചൂടാക്കി കൊണ്ട് വന്നു, അവളുടെ സമ്മതമോ ജാള്യതയോ ഒന്നും കണ്ടതായി ഭവിക്കാൻ മിനക്കെടാതെ നീരുവച്ച കാൽപാദങ്ങൾ അവൻ എണ്ണയിട്ടു കൊടുത്തു. ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകളിൽ ആണ് കാഴ്ച ഉടക്കിയത്. വാക്കുകൾ തിരയുന്ന അവളെ വിലക്കി. നീ അർഹിക്കുന്നതൊക്കെയും കിട്ടാൻ ഞാൻ ഒരു നിമിത്തം ആകുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി
കുളിച്ചു സെറ്റുമുണ്ട് ഉടുത്തു വന്ന അവളോട് ഒരു നുള്ളൂ കണ്മഷിയും ഒരു പൊട്ടും കൂടി കുറവുണ്ട് എന്ന് ഓർമപ്പെടുത്തി. മാഞ്ഞു തുടങ്ങി എങ്കിലും ആ കൈകളിലെ മുറിപ്പാടുകൾ ഒരു കുത്തിനോവിക്കൽ പോലെ ആണെന്ന് ജിതനു തോന്നി. വിഷുവിന്റെ സദ്യക്ക് വേണ്ടുന്നതെല്ലാം ഒരുമിച്ചാണ് ചെയ്തത്. പായസം ഒക്കെ കഴിച്ചു ഉറക്കം തൂങ്ങി അവൾക്കു ഏതോ ഉൾവിളിപോലെ സോഫയിൽ ഇരുന്ന ജിതന്റെ മടിയിൽ തലവച്ചു കിടന്നോട്ടെ എന്ന് ചോദിച്ചു. മരിച്ചുപോയ അമ്മയുടെ ഓർമ്മ വന്നതാണ് അവൾക്കു എന്ന് മനസിലായി. കറുത്ത മുടിയിഴകളിലൂടെ വിരലോടിക്കവേ മാളവിക മെല്ലെ ഉറക്കത്തിലേക്കു വീണു പോയി, പക്ഷെ ഏതോ ഒരു ദുർനിമിത്തം പോലെ സ്വപ്നം കണ്ടു ഞെട്ടിയ അവളുടെ കൈയ്യിൽ ജിതൻ പിടിച്ചു വച്ചു . ഒന്ന് കണ്ണ് തുറന്നു നോക്കിയാ ശേഷം മാളവിക  വീണ്ടും ഉറങ്ങി. കഴിഞ്ഞ ഒരു മാസമായി മാളവിക മറ്റേർണിറ്റി ലീവിൽ ആണ്. ഇതുവരെ എല്ലാം നോർമൽ ആണ്. ഇപ്പൊഴൊക്കെ അവളുടെ അടുത്ത് ചെല്ലുമ്പോൾ തന്നോടു പറയാൻ കുഞ്ഞിന്റെ വിശേഷങ്ങൾ അല്ലെങ്കിൽ വായിച്ച പുസ്തകത്തിലെ കഥകൾ ഉണ്ടാകും.വീർത്ത വയറോട് കൂടി അവൾ കഷ്ടപ്പെട്ട് നടക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്. പക്ഷെ അവൾ ഇപ്പോൾ മറ്റൊരു ലോകത്താണ്; സമാധാനത്തിന്റെ. വന്നതിൽ നിന്നും എത്രയോ മാറ്റമാണ് അവൾക്കു ഇന്ന്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൂടി തന്നിട്ടുണ്ട് കയ്യിൽ. മാളവികയുടെ യാത്രയിൽ പാതി വഴിയിൽ വച്ചാണ് തൻ്റെ യാത്ര തുടങ്ങുന്നത്. ഇനിയും അതിനു ഒരു പേര് ഇടുകയോ അതിരുകൾ അളന്നു കുറിയ്ക്കുവാനോ മുതിർന്നിട്ടില്ല. ഒരു സ്ത്രീക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നത് പോലെ അല്ലെങ്കിലും പരിമിതികൾക്കു മീതെ അവളോടൊപ്പം ഉണ്ടാകുവാൻ ജിതൻ തന്നാൽ ആവും വിധം ശ്രമിച്ചു.
ഒരു അവധി ദിവസം വീട്ടിൽ വച്ച് പെട്ടെന്ന് വേദന കൂടി തന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൾ  വേദന കടിച്ചമർത്തി ” ജിതൻ ഐ തിങ്ക്,മൈ വാട്ടർ ജസ്റ്റ് ബ്രോക്ക് ” എന്ന് പറഞ്ഞൊപ്പിച്ചു. പിന്നെയൊക്കെ ഒരു സ്ക്രീനിലെ ഓടുന്ന സിനിമ പോലെ ആയിരുന്നു. മിന്നൽ പിണരു പോലെ ഇടയ്ക്കു വന്നു പോകുന്ന അവളുടെ വേദന കണ്ട് നിൽക്കാൻ അല്ലാതെ തനിക്കു ഒന്നും ആയില്ല. കുറച്ചു മണിക്കൂറുകൾക്കു ശേഷം ലേബർ റൂമിനു വെളിയിൽ തന്റെ കയ്യിലേക്ക് ഒരു കുരുന്നു ജീവനെ വച്ച് തന്നിട്ട് അച്ഛൻ ആയതിനുള്ള അഭിനന്ദനങൾ പറഞ്ഞതൊന്നും ജിതൻ കേൾക്കുക ഉണ്ടായില്ല.  ഏതോ മുന്ജന്മ സുകൃതം പോലെ ഉള്ളിൽ സന്തോഷം തിരതല്ലി തന്റെ കയ്യിലെ ആ കുഞ്ഞു നിധിയെ കണ്ടിട്ട് .