സമയം 10 മണി കഴിഞ്ഞിട്ടുണ്ടാവും. താൻ ഇവിടെ വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയിട്ടുണ്ടാകും. വിമാനത്താവളത്തിൽ അറിവിങ് ഏരിയയിൽ കാത്തു നിൽക്കുന്നവരുടെ തിരക്കാണ്. അരമണിക്കൂർ കൂടി സമയം ഉണ്ട് അവൾക്ക് എത്താൻ. അഭിരാമി എന്ന അഭി. ഏതാണ്ട് പത്ത് വർഷങ്ങൾ എടുത്തിട്ടുണ്ടാകും ഇങ്ങനെയെങ്കിലും ഒന്ന് കണ്ടുമുട്ടാൻ. ബന്ധങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും ചങ്ങലകളിൽ ബന്ധിക്കപ്പെട്ടവർക്ക് സ്വന്തമായി മോഹിക്കുവാൻ ഉള്ള ആശകൾ പോലും എന്നോ കൈമോശം വന്നു പോയതാണല്ലോ. വിധി തന്ന ബന്ധങ്ങളുടെ കാരാഗ്രഹത്തിലെ ശിക്ഷാകാലാവധിയ്ക്കു ഇടയിലാണ് ഇടയിലാണ് അവിചാരിതമായി അവളെ പരിചയപ്പെടുന്നത്. ലോകത്തിന്റെ മറ്റൊരു കോണിൽ എന്നെപ്പോലെ അവളും ശിക്ഷ അനുഭവിക്കുകയാണ് എന്നത് ഒരിക്കൽപോലും അവളുടെ കഥ വായിച്ചവർക്ക് തോന്നുകയില്ല. എന്നോ ഒരിക്കൽ കഥകളുടെ മാന്ത്രികത സൃഷ്ടിക്കുവാനുള്ള കഴിവുകളെക്കുറിച്ച് സംസാരിച്ച ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങുന്നത് ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങുന്നത്. ഞങ്ങൾക്ക് ഇടയിൽ ഒരിക്കൽ പോലും വാക്കുകളുടെ ക്ഷാമകാലം ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് ഞങ്ങൾ നേരിൽ കാണുന്നത്. ഒരു പക്ഷെ ഒരു ദീർഘകാല പരിമിതികളുടെ ഘോഷയാത്രയ്ക്ക് ഇതോടെ തിരശ്ശീല വീഴുകയുമാവാം. ഒരിക്കൽ ഒരു ധൈര്യത്തിന്റെ പുറത്ത് തന്റെ കൂടെ ജീവിച്ചു കൂടെ എന്ന ചോദ്യത്തിന് മൗനം അല്ലാതെ മറ്റൊരു ഉത്തരവും അവൾക്കു ഉണ്ടായില്ല. എന്റെ ചോദ്യം പുറത്തു വന്നിട്ട് ഇപ്പോൾ ഒരു രണ്ടു മൂന്നു വർഷം എങ്കിലും ആയിട്ടുണ്ടാകും. വളരെ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം അവൾ തന്നെ വിളിച്ചു. “ഇനിയുള്ള കാലങ്ങൾ പൊലിഞ്ഞു പോയ മോഹങ്ങൾക്കു വേണ്ടി ആകട്ടേയെന്നു”. അതിന്റെ ആദ്യപടി എന്നോണം ആണ് ഇന്നത്തെ ഈ കണ്ടുമുട്ടൽ.
മധ്യവയസ് എന്നത് ഒരു വൈകിയ വേളയായി കരുതാൻ തരമില്ലെങ്കിൽ എന്റെ അടുക്കൽ നിന്ന് അവൾക്ക് ഇനി ഒരു മടക്കയാത്ര ഉണ്ടാകില്ല. മരണം വന്നു വിളിക്കും വരെ. അത് ശിവരാമന്റെ വാക്കാണ്. അവൾക്ക് വേണ്ടി അവൾ ഇനി ജീവിക്കുന്നത് കാണാൻ ഒരു മോഹം. എല്ലാം ഓർത്തു നോക്കുമ്പോൾ എന്നോ കൈവിട്ടു പോയ ജീവിതം വീണ്ടും ആരംഭിക്കാൻ പോകുന്ന പോലെയാണ്. ഉള്ളു നിറയെ അഭിയെ കാണാൻ പോകുന്നു എന്നത് യാഥാർത്ഥ്യം ആകാൻ പോകുന്നതിനുള്ള സന്തോഷവും പരിഭ്രമവും. അങ്ങനെ പറഞ്ഞറിയിക്കാൻ ആകാത്ത അനേകം വൈകാരിക നിമിഷങ്ങൾ ഉള്ളു നിറയുന്നതായി തോന്നി. അഭിയുടെ വിമാനം എത്തിയതായി അറിയിപ്പ് വന്നതോടുകൂടി ഹൃദയമിടിപ്പിന് ഒരു പത്തുവയസ്സുകാരന്റെ കൗതുകം
ഉള്ളതു പോലെയായി. പല വേഷത്തിലും ഭാവത്തിലും ഉള്ള ആളുകൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. എല്ലാ മുഖങ്ങളിലും അഭി ആണോ എന്ന് ധിറുതിയിൽ ശിവരാമൻ തിരക്കി തുടങ്ങി. ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും വല്ലാത്തൊരു ആശങ്ക. അത് നേരിയ തോതിൽ വർദ്ധിക്കാൻ തുടങ്ങിയത് പുറത്തേക്കുള്ള ആളുകളുടെ വരവ് നേർത്തു തുടങ്ങിയപ്പോഴാണ്. ബാഗേജ് എടുക്കാനോ മറ്റോ വൈകുന്നതാകും എന്ന് സ്വയം പറഞ്ഞു ഉള്ളിൽ ഉറഞ്ഞു തുടങ്ങിയ സംശയത്തിനെ നുള്ളി കളയാൻ തുടങ്ങി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ അടുത്ത വിമാനത്തിന്റെ അറിയിപ്പ് വന്നു. സുരക്ഷാ കാവൽക്കാർ മാത്രം അവശേഷിച്ചു എന്ന് ആയപ്പോൾ കയ്യിലെ ഫോണിൽ അവളുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. വെറുതെയാണ് ആ ശ്രമം എന്ന് ബോധ്യമായിരുന്നു ഫോൺ സ്വിച്ച് ഓഫ് ആകും എന്ന് അവൾ പറഞ്ഞിരുന്നു. “എന്തു സംഭവിച്ചു? എന്തേ അവൾ വന്നില്ല? ” പ്രത്യാശകളുടെ മേൽ ആശങ്കയുടെയും ആകുലതയുടെയും കല്ലു മഴ പെയ്തു തുടങ്ങിയതോടെ തിരിഞ്ഞ് പാർക്കിംഗ് ഏരിയയിലേക്ക് നടക്കാൻ തുടങ്ങി. ഉള്ളിലെ വർഷമേഘങ്ങൾക്ക് കണ്ണിൽ ഇടം നൽകാതിരിക്കാൻ ആയില്ല. ഒരു നിമിഷം ഒന്നു നിന്നു… വീണ്ടും ഫോണിലേക്ക് നോക്കി. ഇല്ല… പുതുതായി ഒന്നും തന്നെയില്ല.
തന്റെ പെട്ടെന്നുള്ള നിൽപ്പ് കണ്ടിട്ടാണോ എന്നറിയില്ല അരികിലൂടെ കടന്നു പോകാനൊരുങ്ങിയ ഒരു പർദ്ദയിട്ട സ്ത്രീ നിന്നിട്ടു “എന്തു പറ്റി? വെള്ളം വല്ലതും വീണോ? നിങ്ങൾ ഒക്കെ അല്ലെ ” എന്ന് ഇംഗ്ലീഷിൽ തിരക്കി കൊണ്ട് കുടിക്കാൻ വെള്ളം നീട്ടി. ഉരുണ്ടു കൂടി തുടങ്ങിയ കണ്ണുനീർ തുള്ളികൾ നിലത്തേയ്ക് തന്നെ ഗമിക്കട്ടെ എന്ന് നേർന്നു കൊണ്ട് തലകുനിച്ചു അവരോടു “നന്ദി… എനിക്ക് കുഴപ്പമൊന്നുമില്ല” എന്ന് എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു അവരെയും കടന്നു നടന്നു കഴിഞ്ഞപ്പോഴാണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്.
“എടൊ…. നായരേ….നില്ക്കടോ അവിടെ. പൊന്നു പോലെ നോക്കിക്കോളാം എന്ന് പറഞ്ഞിട്ട്… ഒന്നും അറിയാൻ പാടില്ലാത്ത ഒരു രാജ്യത്ത് വന്നിട്ട് ഒന്നു മൈൻഡ് പോലും ചെയ്യാതെ ഞാൻ തന്ന വെള്ളം പോലും കുടിക്കാതെ താനിത് എങ്ങോട്ടാ ഓടുന്നേ? “
തിരിഞ്ഞു നോക്കാതെ തന്നെ അറിയാം ആ പറഞ്ഞതൊക്കെ അഭി ആണെന്ന്. ചിരി നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞു നോക്കുമ്പോൾ കറുത്ത പർദ്ദയുടെ മൂടുപടത്തിന് ഉള്ളിൽ അഭിയുടെ പുഞ്ചിരിച്ച മുഖം. എന്തെങ്കിലും പറയും മുൻപ് അവൾ പറഞ്ഞു “അല്ലേലും പുന്നൂസ് ഡംബീസ് അടിക്കാറില്ല. വരൂന്ന് പറഞ്ഞാൽ… ദേ… ഇതു പോലെ വരും. എന്താടോ നായരേ… കുറച്ചു പേടിച്ചപോലെ ഉണ്ടല്ലോ? ” എന്ന് പറഞ്ഞു അവൾ ചിരിച്ചു. അപ്പോഴേക്കും ശിവരാമന്റെ മോഹങ്ങളിൽ മഴവില്ലിൻ നിറം വന്നു തുടങ്ങിയിരുന്നു. (ശുഭം)
#firespiritblog
Reblogged this on Nelsapy.
LikeLike