‘കുട്ടാ… അച്ഛൻ്റെ കൂടെ വാ… നമുക്ക് ഒരു സ്ഥലം പോയിട്ട് വരാം. കുട്ടന് ഒരു സമ്മാനം അച്ഛൻ തരാം ” പദ്മനാഭൻ പറഞ്ഞു തീരും മുപ്പ ആര് വയസ്സുള്ള മകൻ അനന്തൻ ആവേശത്തോടെ ഓടിയടുത്തെത്തി…പിന്നെ ചോദ്യങ്ങളുടെ ഘോഷയത്ര ആയിരുന്നു… ‘എവിടേക്കാ അച്ഛാ.. എപ്പോഴാ…. എങ്ങനെയാ….നമ്മൾ പോകുന്നേ? ” വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞു അവർ പോകുമ്പോൾ അനന്തന്റെ കൗതകം കൂടിയത് ട്രെയിനിൽ ആണ് യാത്ര എന്ന് അച്ഛൻ പറഞ്ഞപ്പോഴാണ്. അച്ഛനും അവനും ഒന്നിച്ചുള്ള ആദ്യത്തെ യാത്ര. വൈകിട്ട് ട്രെയിനിൽ യാത്ര തുടങ്ങിയ ശേഷം ഇരുട്ട് വീഴും വരെ അവൻ ഉത്സാഹത്തോടെ കാഴ്ചകൾ കണ്ടു. അച്ഛൻ പറഞ്ഞത് പിറ്റേന്ന് രാവിലെ ആകുമ്പോഴാണ് ട്രെയിൻ ഇറങ്ങുക എന്നാണു… ട്രെയിൻ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കട്ടെ… തനിക്കു ഇങ്ങനെ പോയാൽ മതി, എങ്ങും ഇറങ്ങേണ്ടയെന്നു അനന്തൻ ഇടയ്ക്കു അച്ഛനോട് പറഞ്ഞു. അച്ഛൻ അത് കേട്ട് പൊട്ടിച്ചിരിച്ചും കൊണ്ട് അവൻ്റെ കവിളിൽ ഒരു ഉമ്മ വച്ചു.
‘കുട്ടാ… നമ്മൾ പോകുന്നിടത്തു ഒരുപാട് കാഴ്ചകൾ കാണാൻ ഉണ്ട്… ട്രെയിൻ ഇറങ്ങാതെ അതൊക്കെ കാണാൻ പറ്റില്ല… ഇപ്പൊ അമ്മ തന്ന ഭക്ഷണം കഴിച്ചിട്ട് കുട്ടൻ ഉറങ്ങിക്കൊ…നാളെ രാവിലെ എണീറ്റ് നമുക്കു ബാംഗ്ലൂർ ഇറങ്ങി കുറെ ചുറ്റിക്കറങ്ങാം.”
അച്ഛൻ രാവിലെ തന്നെ അനന്തനെ എഴുന്നേൽപ്പിച്ചു മുഖമൊക്കെ കഴുകി വൃത്തിയാക്കി വേഷം മാറ്റി എന്നിട്ടു ഒരു ചൂട് കാപ്പി വാങ്ങി കൊടുത്തു. അത് കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലം എത്തി എന്ന് പറഞ്ഞു. ഒരു തോളിൽ ബാഗും തൂകി പദ്മനാഭൻ അവനെയും കൂട്ടി സ്റ്റേഷനിലേക്ക് ഇറങ്ങി.
പുതിയ സ്ഥലം… വലിയ സ്റ്റേഷൻ ഒക്കെ കണ്ടു അദ്ഭുതംപേറി അച്ഛനോടൊപ്പം അവർ നടന്നു ടാക്സി സ്റ്റാൻഡിലേക്ക് പോയി. അവിടെ നിന്നും അച്ഛൻ പറഞ്ഞു കൊടുത്ത സ്ഥലത്തേക്കു പോകും വഴി കമ്പിളി ഉടുപ്പ് നേരെയാക്കി തലയിൽ തൊപ്പി കൂടി വച്ച് അച്ഛൻ്റെ മടിയിൽ ഇരുന്ന അനന്തൻ പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു. കാർ ചെന്ന് നിന്നതു ഒരു വലിയ ഗേറ്റിനു മുൻപിലാണ്. പദ്മനാഭൻ ടാക്സിക്കാരന് കൂലി നൽകി പറഞ്ഞു അയച്ചു. ആ വലിയ ഗേറ്റിനു മുകളിലൂടെ പന്തൽപോലെ ഇളം വയലറ്റ് നിറത്തിലെ കോളാമ്പി പൂക്കൾ നിറഞ്ഞു നിന്നു. ഗേറ്റ് തുറന്നു അകത്തു കടക്കവേ അകത്തു നിന്നും ആരോ വീണ മീട്ടി പാടുന്നതായി കേട്ടു. കുറച്ചു ചുവടുകൾ കൂടി വീടിനോടു അടുത്തപ്പോൾ ‘കൃഷ്ണാ നീ ബേഗനെ’ എന്ന യമൻ കല്യാണി രാഗം ആണെന്നും പാടുന്നത് ദേവകി ആണെന്നും പദ്മനാഭന് മനസിലായി. അല്ലെങ്കിലും ആ വലിയ വീട്ടിൽ പാട്ടു പാടുന്ന ഒരാൾ മാത്രമേ ഉള്ളൂ അത് ദേവകിയാണ് അതെ സമയം അവളുടെ പാട്ടിന്റെ കേൾവിക്കാരനായി ഭർത്താവു പ്രണവും.
“ആരാ അച്ഛാ പാടുന്നേ ?” എന്ന അനന്തന്റെ ചോദ്യത്തിന് അവനെക്കൊണ്ട് തന്നെ പദ്മനാഭൻ കോളിംഗ് ബെൽ അടിപ്പിച്ചു എന്നിട്ടു പറയാം എന്ന് ആംഗ്യം കാട്ടി. സ്വല്പം കഴിഞ്ഞപ്പോഴേക്കും അകത്തെ പാട്ടു നിലച്ചു. സൗമ്യമായി ചിരിച്ചും കൊണ്ട് മുപ്പതുകളുടെ മദ്ധ്യേ എത്തിയ ഒരു സ്ത്രീരൂപം വാതിൽ തുറന്നു. വിരുന്നുകാര് തിരിച്ചറിഞ്ഞു അവർ ആദ്യം നോക്കിയത് കുഞ്ഞു അനന്തനെയാണ്.
“അല്ലാ… ആരായിത്… കുട്ടനോ? ” എന്ന് സന്തോഷത്തോടെ പറഞ്ഞുകൊണ്ട് അവരെ അകത്തേയ്ക്കു നയിച്ചു. പഴയതെങ്ങിലും ഒരുപാട് ഭംഗിയുള്ള അകത്തളം. പുറത്തും അകത്തുമായി ഒരുപാട് ചെടികൾ. താളത്തിന്റെ ഒരുവശത്തു വിലക്കു കത്തി നിൽക്കുന്ന പൂജാമുറി അവിടെ തന്നെ ഒരു ചെറിയ തട്ടിലായി ഒരു വീണ. മൊത്തത്തിൽ ആ വീടിനുള്ളിൽ ആകെ കുന്തിരിക്കത്തിന്റെ സുഗന്ധം വ്യാപിച്ചിരുന്നു. അനന്തന് പദ്മനാഭൻ ദേവകിയെ അച്ഛൻ്റെ സുഹൃത്തായി പരിചയപ്പെടുത്തി കൊടുത്തു. കുട്ടനെ അവൾ തോട്ടത്തിൽ കൊണ്ടുപോയി ചെടികൾ നനച്ചുകൊണ്ടു നിന്ന പ്രണവിന് പരിചയപ്പെടുത്തി കൊടുത്തു. അവിടെ ഉണ്ടായിരുന്ന ലവ് ബേർഡ്സിനെ കണ്ട അവൻ അന്തിച്ചു പോയി. അപ്പോഴേക്കും അവൻ്റെ അടുത്തേയ്ക്കു വാലാട്ടി എത്തിയ ലാബ്രഡോർ പട്ടിയെ കണ്ടു ആദ്യം ഒന്ന് പേടിച്ചെങ്കിലും ദേവകി അവനു അടുത്ത് നിർത്തി അതിനു മേൽ കൈവച്ചു പേടി മാറ്റി. അവന്റെ ചിരി കണ്ടു പദ്മനാഭൻ അടക്കം എല്ലാരും ചിരിച്ചു. യാത്ര കഴിഞ്ഞു വന്ന അവർക്കു കുളിച്ചു വേഷം മാറി വരാൻ സൗകര്യം ഒരുക്കിയ മുറി കാട്ടി കൊടുത്ത ശേഷം ദേവകി അവർക്കായി പ്രാതൽ തയാറാക്കാൻ പോയി. കുളി കഴിഞ്ഞു എത്തിയ അനന്തന് ദേവകി ദോശയും ചമ്മന്തിയും കൊടുത്തു. എല്ലാവരും ഒന്നിച്ചാണ് ആഹാരം കഴിച്ചത്. ഇടക്ക് ദേവകി അവനോടു തിരക്കി എന്തു പറഞ്ഞാണ് അവൻ ട്രെയിനിൽ അച്ഛനോടൊപ്പം വന്നത് എന്ന്. അച്ഛൻ സമ്മാനം വാങ്ങി തരാം എന്ന് പറഞ്ഞതിന്റെ പേരിലും അച്ഛൻ്റെ കൂടെ ട്രെയിനിൽ കയറി വരാനും ആണ് താൻ വന്നത് എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു പ്രണവ് ബാങ്കിലേക്ക് പോയതിനു, അവർ മൂന്ന് പേരും കൂടി അവിടെ അടുത്ത് കുറച്ചു ചുറ്റിക്കാനാണ് ഇറങ്ങി. ദേവകി ആണ് വണ്ടി ഓടിച്ചത്. ഉച്ചക്കുള്ള ഊണിനു ശേഷം ഒരു വലിയ ഐസ്ക്രീമും കഴിച്ചിട്ടാണ് അനന്തൻ തിരിച്ചു എത്തിയത്. വീടിൻ്റെ അകത്തു കയറി വാങ്ങിയ കളിപ്പാട്ടങ്ങൾ ഒക്കെ മുറിയിൽ വച്ചപ്പോഴേക്കും ദേവകി അനന്തനെ പൂന്തോത്തിലേക്കു കൂടെ ചെല്ലാൻ വിളിച്ചു. പദ്മനാഭനെയും കൂട്ടി അനന്തൻ അവിടേയ്ക്കു വരുമ്പോൾ ദേവകി അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
‘കുട്ടാ… അച്ഛൻ കരുതി വച്ച സമ്മാനം കാണണ്ടെയ് നിനക്ക്? ദേവകിയുടെ ചോദ്യം കേട്ട് ഒന്നും മനസിലാകാതെ അവൻ അച്ഛനെ നോക്കി. അച്ഛനും അവനെ നോക്കി പുഞ്ചിരിച്ചും കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കാമറ ഓണാക്കി എന്നിട്ടു ദേവകിയുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. അനന്തൻ അടുത്തേയ്ക്കു ചെന്നപ്പോൾ ദേവകി അവൻ്റെ കുഞ്ഞു കയ്യും പിടിച്ചു അടുത്തുള്ള ഷെഡിലെയ്ക്കു നടന്നു. എന്നിട്ടു
അതിൻ്റെ ഗ്രില്ല് തുറന്നു അകത്തേയ്ക്കു കയറി ചെന്നു, പുറകെ പദ്മനാഭനും ഉണ്ടായിരുന്നു. അവിടെ ഒരു കോണിൽ തടി കൊണ്ട് ചെറിയ ഉയരത്തിൽ അടച്ചു നിർത്തിയ സ്ഥലത്തു ഏതാനും ലാബ്രഡോർ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അവയുടെ ചെറിയ മൂളലുകൾ കേട്ട് സന്തോഷത്തോടെ അനന്തൻ അവിടേയ്ക്കു ഓടിച്ചെന്നു.
അവിടെ മുട്ട് മടക്കി ഇരുന്നതും രണ്ടു പട്ടികുട്ടികൾ അവൻ്റെ അടുത്തേയ്ക്കു കുണുങ്ങി കുണുങ്ങി അടുത്ത് എന്നിട്ടു കുഞ്ഞു വാൾ ആട്ടി അവൻ്റെ മടിയിൽ കയറാൻ തുടങ്ങി. അവയെ തലോടിക്കൊണ്ട് അനന്തൻ കുടുകുടെ ചിരിക്കാൻ തുടങ്ങി.
“കുട്ടാ… നിനക്ക് ഇഷ്ടമുള്ള ഒരു പട്ടികുട്ടിയെ എടുക്കൂ… അച്ഛൻ്റെ സമ്മാനം ആണ് ” ദേവകി പറഞ്ഞു തീരും മുൻപേ അനന്തൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി സന്തോഷം കൊണ്ട് അവനു കരച്ചിൽ അടക്കാനായില്ല. അവന്റെ പ്രതികരണം ക്യാമെറയിൽ എടുത്തുകൊണ്ടു നിന്ന പദ്മനാഭനെ ഓടി വന്നു അവൻ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു.
“എന്താ കുട്ടാ… അച്ഛൻ്റെ സമ്മാനം ഇഷ്ടമായില്ലേ… ?”
കരച്ചിലിനിടയിൽ ഒരുപാട് ഇഷ്ടമായി എന്ന് അവൻ പറഞ്ഞൊപ്പിച്ചു എന്നിട്ടു അച്ഛൻ്റെ കവിളിൽ ചിരിച്ചും കണ്ണീരുകൊണ്ടും അവൻ ഉമ്മ കൊടുത്തു. എന്നിട്ടു തിരികെ നടന്നു ദേവകിയുടെ അരികിൽ ചെന്ന് പട്ടിക്കുട്ടികളെ തൊടാൻ തുടങ്ങി. അവന്റെ അടുത്ത് കളിച്ചതുകൊണ്ട് വന്ന പട്ടിക്കുട്ടികളിൽ ഏതു അവൻ വീട്ടിൽ കൊണ്ടുപോകും എന്ന് അവനും സംശയം ഉണ്ടായി. ഒടുവിൽ ദേവകി തന്നെ ഇളം തവിട്ടു നിറത്തിലുള്ള ഒരു പട്ടിക്കുട്ടിയെ എടുത്തു അവൻ്റെ കയ്യിൽ വച്ച് കൊടുത്തു. അവൻ്റെ സന്തോഷത്തിനു അതിരുകൾ ഉണ്ടായിരുന്നില്ല.
“കുട്ടൻ തന്നെ ഇതിനു ഒരു പേര് കണ്ടുപിടിച്ചു ഇടണം. ഇനി തൊട്ടു കുട്ടന് കൂട്ടായി എന്നും ഇവാൻ ഉണ്ടാകും ” എന്ന് ദേവകി പറഞ്ഞു.
ചിരിച്ചും കൊണ്ട് അവൻ അച്ഛന് നേരെ നോക്കി…
“പേര് കണ്ടു പിടിക്കാൻ അച്ഛൻ സഹായിക്കാം കുട്ടാ… പക്ഷെ സമ്മാനം ശരിക്കും കുട്ടന് തന്നത് ദേവകി അല്ലേ… അപ്പൊ ആൻറ്റിക്കു താങ്ക്സ് പറയേണ്ടെയ് കുട്ടാ?” അച്ഛൻ പറഞ്ഞത് കേട്ടിട്ട് അനന്തൻ ദേവകിയെ നോക്കി താങ്ക്സ് പറഞ്ഞു.
“അയ്യേ… ഇത്രയും നല്ല പട്ടിക്കുട്ടിയെ കിട്ടിയിട്ട് ഇങ്ങനെയാ താങ്ക്സ് പറയുക… അത് പറ്റില്ലാ… എനിക്ക് ഈ താങ്ക്സ് വേണ്ട. പിന്നെ വേണെച്ചാൽ എനിക്ക് രണ്ടു കവിളിലും ഒരു ഉമ്മ തന്നാല് കുട്ടൻ പറഞ്ഞ താങ്ക്സ് എടുക്കാം” എന്ന് ദേവകി ചിരിച്ചും കൊണ്ട് പറഞ്ഞു. അനന്തന് അത് പൂർണ്ണ സമ്മതം ആയിരുന്നു താനും.
പട്ടിക്കുട്ടിയെ കിട്ടിയതും അനന്തൻ്റെ സംശയങ്ങളുടെ ചുരുളുകൾ പദ്മനാഭന് മുൻപിൽ വീണ്ടും നിവരാണ് തുടങ്ങി. ” എങ്ങനെ നമ്മൾ പട്ടിക്കുട്ടിയെ കൊണ്ട് പോകും? ട്രെയിനിൽ കയറ്റാൻ പറ്റുമോ ? അതിനു എന്തു കഴിക്കാൻ കൊടുക്കും ? എങ്ങനെ കൊടുക്കും ? ” അങ്ങനെ ഒരു നീണ്ട നിരയിലെ ചോദ്യങ്ങൾ. അവന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അച്ഛൻ്റെ കയ്യിൽ ഉണ്ടെന്നു അവനും അറിയാമായിരുന്നു. അന്നത്തെ തന്നെ രാത്രി വണ്ടിക്കു പോകാൻ സ്റ്റേഷനിൽ കൊണ്ട് ദേവകി ആകുമ്പോഴും അനന്തന് ഉറക്കം വന്നില്ല. പട്ടികുട്ടിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാനുള്ള ആകുലത ആ കുഞ്ഞു മുഖത്ത് വായിക്കാൻ ആകും. തൻ എങ്ങാനും ഉറങ്ങിപ്പോയാൽ ആരേലും അതിനെ കവർന്നു എടുക്കുമോ എന്നുവരെ അവൻ അച്ഛനോട് തിരക്കി. പോകും മുൻപ് അനന്തൻ്റെ അമ്മയ്ക്ക് കൊടുക്കാൻ ആയി ദേവകി ഒരു പട്ടുസാരി സമ്മാനമായി ഏൽപ്പിച്ചു എന്നിട്ടു ദേവകി പറഞ്ഞു :
“പദ്മ…. നിൻ്റെ കുട്ടന് നിഷ്കളങ്ക ബാല്യത്തിൻ്റെ ഒരു അനുഭവം മാത്രമാണ് ഞാൻ സമ്മാനിച്ചത്, അവനെ ഇവിടെ കൊണ്ട് വരാനും അവൻ്റെ ലോകത്തെ സന്തോഷത്തിൽ എനിക്ക് പങ്കു ചെരാനും കഴിഞ്ഞതിൽ നിന്നോടുള്ള നന്ദി എനിക്ക് പറഞ്ഞാൽ തീരില്ല.”
യാത്ര അയപ്പിനു പൂർണ്ണവിരാമങ്ങൾ സൃഷ്ടിക്കാതിരിക്കാൻ വാക്കുകളെ കൂട്ട് പിടിക്കാതിരിക്കാൻ പദ്മനാഭനും ശ്രദ്ധിച്ചു. ട്രെയിനിൽ കയറി മകനെ കിടത്തുമ്പോൾ പ്ലാറ്റഫോമിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദേവകിയെ നോക്കി പദ്മനാഭൻ ചിരിച്ചു. മകനെ യാത്രയ്ക്കു കൂട്ടി എങ്കിലും ആദ്യമായും ഒരുപക്ഷെ അവസാനമായും ദേവകിയെ തനിക്കു കാണാൻ കഴിഞ്ഞു എന്നതിൻ്റെ ഹൃദ്യമായ ഓർമ്മകൾ തനിക്കു ലഭിച്ചു എന്നതിൽ അയാൾ പരബ്രഹ്മത്തോട് നന്ദി പറയാൻ തുടങ്ങിയിരുന്നു.