മാളവിക

malavika

മാളവിക, അവൾ തനിക്കു ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ഇല്ല. ഒരുപക്ഷെ നിയമങ്ങൾ ഇല്ലാത്ത ഒരു ലോകത്തു അവൾ എനിക്ക് എല്ലാമാണ് എന്നത് രാത്രിയുടെ ഇരുട്ടുപോലെ സത്യമാണ്. അവളുടെ വരവ് ശരിക്കും ഈ മരുഭൂമിയിൽ എനിക്ക് ഒരു മരുപ്പച്ച തന്നെ ആയിരുന്നു. അവളെ സംബന്ധിച്ചിടത്തോളം ഭൂതകാലങ്ങളുടെ കണക്കുകൾ ചീന്തിയെറിഞ്ഞു ഈ നാട്ടിലേക്ക് ഒരു ഒളിച്ചോട്ടം തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. എന്റെ കമ്പനിയിൽ ജോലിക്കു ചേരുമ്പോൾ ആരോടും മിണ്ടാത്ത പേടിച്ച പ്രകൃതം, നേരത്തെ ഓഫീസിൽ വരും എന്നും  വൈകി വീട്ടിൽ പോകും. എപ്പോ നോക്കിയാലും ജോലി തന്നെ. ആരോടും മുഖം കൊടുക്കില്ല. അധികം താമസിയാതെ എന്റെ ബിൽഡിങ്ങിൽ തന്നെയാണ് അവളുടെ ഫ്ലാറ്റും എന്ന് മനസിലായി. എന്നെ അറിയുന്നതായി തിരിച്ചറിയുന്ന കണ്ണുകൾ അവളിൽ നിന്നും എന്റെ നേർക്ക് ഉയർന്നിട്ടില്ല. എന്തോ വല്യ ഭാരം അവളുടെ തലയെ ഇപ്പോഴും ഭൂമിയിലേക്ക് തന്നെ താങ്ങി നിർത്തിയിരുന്നതുപോലെ.
ഏകദേശം രണ്ടു മാസങ്ങൾക്കു ഇപ്പുറം ഓഫീസിലേക്ക് പോകാൻ ഇറങ്ങും നേരം അവൾ ഫ്ലാറ്റിന്റെ മുൻപിൽ കാത്തു നിന്നതുപോലെ.

“ജിതൻ , ഈ ലീവ് ലെറ്റർ ഒന്ന് മാനേജർക്കു കൊടുക്കുമോ? എനിക്ക് തീരെ സുഖമില്ല, ഇന്ന് വരാൻ കഴിയില്ല.മാനേജരുടെ ഫോൺ സ്വിച്ചഡ് ഓഫ് ആണ്. അതാണ് ജിതന്റെ കയ്യിൽ തരാമെന്നു കരുതിയത്.”

ആരോടും മിണ്ടാതിരുന്നിട്ടും അവൾക്കു എല്ലാം വ്യക്‌തമായി അറിയുന്ന പോലെ. എന്റെ പേരും ഫ്ലാറ്റ് നമ്പർ പോലും. അന്നാണ് അവൾ ആദ്യമായ് എന്നോട് സംസാരിച്ചത്, പക്ഷെ അവളോട് എന്റെ മനസ്സ് സംസാരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി എന്നത് അവളൊട്ടു  അറിഞ്ഞിരുന്നു ഇല്ല. ആർക്കും ഒരിക്കലും പിടിതരാത്ത അവളുടെ കണ്ണുകൾ, മഷി എഴുതാതെ കണ്ണട വച്ച് മറച്ച കണ്ണുകൾ, ഒരിക്കൽ പോലും വിടർത്തിയിടാത്ത ആ മുടിയിഴകളുടെ നീളം എത്രയെന്നു അറിയാൻ ഒരുപാട് ആകാംഷ തോന്നിയിട്ടുണ്ട്.  എപ്പോഴും ഫുൾസ്ലീവ് ഉള്ള അയഞ്ഞ വസ്ത്രങ്ങൾ മാത്രം  ധരിച്ച അവളെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. വൈകിട്ട് ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ അവൾക്കു എങ്ങനെ ഉണ്ട് എന്ന് തിരക്കിയാലോ എന്ന് ആലോചിച്ചതാണ് പിന്നെ വേണ്ടാന്നു കരുതി.

പിറ്റേ ദിവസം മുതൽ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവളെ കാണാൻ തുടങ്ങി പൂർണമായും അല്ലെങ്കിലും ഒരു മന്ദഹാസം അത് കണ്ടു തുടങ്ങി. അസുഖം എന്താണെന്നു ഞാൻ ചോദിക്കാതെ വിട്ടു.  പിറ്റേ ആഴ്ച ഓഫീസിൽ വച്ച് തലകറങ്ങി വീണ മാളവികയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.അവിടെ നിന്നും അവൾ ഫ്ലാറ്റിലേക്ക് പോയി എന്നാണു സഹപ്രവർത്തകർ പറഞ്ഞു അറിയാൻ കഴിഞ്ഞത്. എന്തു ധൈര്യത്തിന് പുറത്തു ആണെന്ന് അറിയില്ല വൈകിട്ട് തിരികെ വരും വഴിക്കു അവളുടെ ഫ്ലാറ്റിന്റെ മുൻപിൽ പോയി കാളിങ് ബില്ലിൽ വിരൽ അമർത്തി. അല്പസമയം കഴിഞ്ഞു അവൾ തന്നെയാണ് വാതിൽ തുറന്നതു. അവൾ ആരെയും പ്രതീക്ഷിച്ചിരുന്നില്ല എന്നത് കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ നിന്നും വ്യക്‌തമായിരുന്നു. പെട്ടെന്ന് അങ്ങനെ അവളെ കണ്ടപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നുള്ളതും ഞാൻ മറന്നുപോയി. അകത്തെ കടക്കാനോ അതോ പിന്നീട് വരാം എന്ന് പറഞ്ഞു സ്ഥലം വിടണോ എന്ന് അറിയാതെ ഞാൻ ഒന്ന് കുഴങ്ങി.

“മാളവിക, ഇപ്പൊ എങ്ങനെ ഉണ്ട് ആരോഗ്യം? എന്തേലും വാങ്ങിക്കൊണ്ടു വരണോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാണ് ഞാൻ” എന്ന് പറഞ്ഞൊപ്പിച്ചു.

“ഇപ്പോൾ കുഴപ്പം ഒന്നുമില്ല, അത്യാവശ്യം സാധനങ്ങൾ ഒക്കെ ഉണ്ട്. ഒന്നും വേണ്ടാ” എന്ന് പറഞ്ഞു. അവൾകു കാര്യമായ എന്തൊ പ്രശനം ഉള്ളതായി വ്യക്‌തമായി, പക്ഷെ എങ്ങനെ ചോദിക്കും. രണ്ടു ദിവസത്തേക്ക് അവളെ ഓഫീസിൽ കണ്ടില്ല. മൂന്നാം ദിവസം പഴയപോലെ അവളെ കാണാൻ പോയി ഇത്തവണ അവളുടെ മുഖം കുറച്ചു ഭേദപെട്ടിരുന്നു. അകത്തെ വരാൻ ക്ഷണിച്ചു.
അവളുടെ ഫ്ലാറ്റ് മറ്റൊരു ലോകമാണ് എന്ന് തോന്നിപോയി നിറയെ ചെടികൾ ഒരുപാട് പുസ്തകങ്ങൾ. പുറത്തു നിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ ആകാത്ത അത്രയും വീടിന്റെ നൈർമല്യം ഉള്ളയിടം എന്ന് തന്നെ പറയാം. ഇതൊക്കെ വച്ച് നോക്കുമ്പോ എന്റേത് മഹാബോറാണ് എന്നത് വാസ്തവം. വളരെ ലളിതമായ അകത്തളം, സോഫയിൽ ഇരിക്കാൻ പറഞ്ഞു, കാപ്പി എടുക്കാനായി അവൾ അകത്തേയ്ക്കു പോയി. മുൻപിലുള്ള മേശമേൽ ഒരു ബ്ലേഡ് തുറന്നു വച്ച നിലയിൽ കണ്ടപ്പോൾ ഉള്ളൊന്നു ആളി, ഈശ്വരാ…  ഇവൾ മരിക്കാൻ തുടങ്ങുകയായിരുന്നോ ?

കാപ്പിയുമായി മാളവിക വരുമ്പോൾ ഞാൻ ആ ബ്ലേഡിൽ നോക്കിയിക്കുന്നതു കണ്ടിട്ടാവും അവൾ പറഞ്ഞു

“എന്താ  ജിതൻ, ഞാൻ ആത്മഹത്യാ ചെയാൻ തുടങ്ങുകയായിരുന്നു എന്ന സംശയത്തിലാണോ? “
അവളുടെ ആ ചോദ്യത്തിനൊപ്പം പകുതി മുറിഞ്ഞ ഒരു ചിരിയും പിന്നോടിയായി ഉണ്ടായിരുന്നു. ഏതോ ഗദ്ഗദം ഉള്ളിലെക്ക് ഒതുക്കാൻ ഒരു നിമിഷമെടുത്തു അവൾ പറഞ്ഞു

“അങ്ങനെ കരുതി എങ്കിൽ ജിതന് തെറ്റിയില്ല, സംഭവം ശരിയാണ്. പക്ഷെ ഇന്നലെ ആണ് അങ്ങനെ ഒന്ന് തോന്നിയത് എന്ന് മാത്രം. ഇന്നിൽ ഇതിനു ഇനി സ്ഥാനമില്ല.”

എനിക്ക് എതിരായി കാപ്പിയുമായി അവൾ വന്നിരുന്നപ്പോഴാണ് അവളുടെ കൈകൾ ശ്രദ്ധിച്ചത്… ഇട്ടിരുന്നത് സ്ലീവെലെസ്സ് ആയിരുന്നതുകൊണ്ട് ആ കയ്യിലെ പാടുകൾ കാണാമായിരുന്നു… ആ പാടുകൾ അവളുടെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ ആണെന്ന് അന്ന് അവൾ പറഞ്ഞു അറിഞ്ഞു. അധികനാൾ നീണ്ടു നിൽക്കാത്ത ദാമ്പത്യവും ഗാര്ഹികപീഡനത്തിന്റെ മേമ്പൊടിക്ക് ഭർതൃബലാസംഗവും മറ്റൊരു രാജ്യത്തേക്ക് ചെക്കേറാൻ മതിയായ കാരണങ്ങൾ തന്നെ ആയിരുന്നു. അതിജീവനത്തിനു വേണ്ടി ആത്മരക്ഷാർത്ഥമുള്ള പലായനം അതാണ് അവളെ ഈ ദേശത്തു എത്തിച്ചത്. കഷ്ടപ്പെട്ടു പഠിച്ചതിന്റെ ഗുണം ലഭിച്ചത് ഇവിടെ ജോലിക്കു കയറിയപ്പോഴാണ്. പക്ഷെ ഭൂതകാലന്റെ ഓർമ്മകൾ കഴുകി കളഞ്ഞാൽ  മതിയാകില്ല  എന്നത് കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ച് വ്യക്‌തമായി. ജീവനൊടുക്കുക എന്നത് തന്നെ ആയിരുന്നു അവളുടെ മുന്പിലെയും ആദ്യ പോംവഴി.   ഇന്നലെ വരെ അതായിരുന്നു മനസിലെ ചിന്ത, കരഞ്ഞു മടുത്തതിനാൽ ഇനി കണ്ണീരിനു സ്ഥാനമില്ല എന്ന് ഏതോ ഉൾവിളി പറഞ്ഞത് കൊണ്ടോ എന്തോ ഏതോ ധൈര്യത്തിൽ ആ കുഞ്ഞിനെ വളർത്താം എന്ന തീരുമാനത്തിൽ എത്തിച്ചു.

എങ്ങനെ ഇത്ര ലളിതയായി അവൾ തന്റെ ജീവിതത്തിലെ ദുരന്തങ്ങളെ സാധൂകരിച്ചുകൊണ്ടു തന്റെ മുന്പിലിരിക്കുന്നു എന്നത് എത്ര ആലോചിച്ചിട്ടും വ്യക്‌തമായില്ല. ജീവിക്കാനുള്ള അവളുടെ മോഹങ്ങളാകാം അതിനുള്ള അവളുടെ പിൻബലം. ഉള്ളിൽ അവളോടു തോന്നിയ ഇഷ്ടത്തിന് ഒരു ഇമ്മിണി വല്യ ബഹുമാനം കൂടി തുള്ളിയായി വീണു. ഒരു പരിചയവുമില്ലാത്ത എന്നോട് ധൈര്യത്തോടെ സംസാരിക്കാൻ  തുടങ്ങിയ അവളോട് ഉള്ള ആത്മബന്ധം എനിക്ക് അന്ന് അവിടെ തുടങ്ങി. പിറ്റേ ദിവസം മുതൽ അവൾ ഓഫീസിൽ വന്നു തുടങ്ങി.മിക്കവാറും ഒരുമിച്ചു സംസാരിച്ചു ആണ് യാത്ര. ഞങ്ങളുടെ ഇടയിൽ സൂര്യന് താഴെ ഉള്ള സകലതും വിഷയങ്ങളായിരുന്നു. ശാരീരിക മാറ്റങ്ങൾ ഒന്നും തന്നെ അവൾക്കു ഒരു പ്രശ്‌നമേ ആയിരുന്നില്ല.
മനോബലം എന്താണ് എന്ന് അവളെ നോക്കിയാൽ വ്യക്തം ആയിട്ട് അറിയാം. മറ്റു ജോലിക്കാർ എല്ലാവരും ആ നാട്ടുകാർ ആണ്. ആരും അവളെ കുറ്റപ്പെടുത്തുകയോ എന്തിനു വാക്കുകൊണ്ട് പോലും നോവിക്കുകയോ ചെയ്തില്ല. ഒരുപക്ഷെ ഈ ദേശത്തിന്റെ പ്രത്യേകത ആകാം; ഗർഭിണികളോടുള്ള ഈ നല്ല മനോഭാവം.
ആഴ്ചകൾ കടന്നു പോകുന്നതിനൊപ്പം ഞങ്ങളുടെ ഇടയിൽ ഒരു ആത്മബന്ധം ധൃഢമാവുകയായിരുന്നു. ബാല്യത്തിൽ കളഞ്ഞുപോയ ഒരു സൗഹൃദംപോലെ.

അവളായിട്ടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഹോസ്പിറ്റലിൽ പോകുമ്പോൾ പോലും.എല്ലാം അറിഞ്ഞു ചെയ്യാൻ ശ്രമിക്കുമ്പോലെ എല്ലാം ഒറ്റക് ചെയ്യും, ആരോടും ഒരു പരാതിയുമില്ല. ഒരു ദിവസം രാവിലെ ഓഫീസിലേക്ക് പോകും വഴി ആണ് അവളുടെ കാലുകളിലെ മാറ്റം ശ്രദ്ധിക്കുന്നത്, ആകെ നീര് വച്ചിട്ടുണ്ട് ചെരുപ്പിന്റെ വള്ളികൾ ആ കാലുകൾ വീർപ്പുമുട്ടിക്കുംപോലെ തോന്നി. അവളോട് അത് പറയാനോ അതോ മറ്റു എന്ധെങ്കിലും മാർഗം നോക്കണോ എന്ന് ആലോചിച്ചു. ഓഫീസിലെ ഇസബെല്ലാ എന്ന സഹപ്രവർത്തകയ്ക് ഒരു മെസ്സേജ് അയച്ചു അവൾ അറിയാതെ. ചെല്ലുമ്പോൾ അവളുടെ സീറ്റിനു താഴെ ഒരു ഉയർന്ന സ്റ്റൂൾ കൂടി വച്ചിട്ടുണ്ട് പോരാത്തതിന് ഒരു ജോഡി അയഞ്ഞ ചെരുപ്പുകളും. അത് കണ്ടമാത്രയിൽ ഒരുപക്ഷെ അവൾ ഗണിച്ചു അറിഞ്ഞിട്ടുണ്ടാകും ഞാൻ ആണ് അതിനു പിന്നിൽ എന്ന്, ഇസബെല്ലയോടു നന്ദി പറയുമ്പോൾ അവൾ നോക്കിയത് എന്നെയാണ്. പരസ്പരം ഒന്ന് ചിരിച്ചു. വൈകിട്ട് അവളെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് ചെന്ന് ആകിയിട്ടേ ഞാൻ എന്റെ ഫ്ലാറ്റിലേക്ക് പോകൂ. പറയാതെ തന്നെ എന്റെ ഉള്ളു അവൾക്കു അറിയാമായിരുന്നു പക്ഷെ അറിഞ്ഞതായി അവൾ ഒരിക്കലും ഭാവിച്ചില്ല . അത് ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്‌തമായിരുന്നു

ഒരിക്കൽ അവൾ ഒരു ആവശ്യം പറഞ്ഞു
“ജിതൻ, നാളെ വിഷു ആണ് ഓഫീസും അവധിയല്ലേ. അന്നേക്ക് ഇത്തിരി കണി ഒരുക്കി തരുമോ എനിക്ക്.”

ആദ്യമായി ഒരു കാര്യം എന്നോട് ചോദിക്കാൻ അവൾ മടി കാണിച്ചില്ല എന്നത് തന്നെ വല്യ കാര്യം. അവളുടെ ജീവിതത്തിലെ ഇത്രയും ചെറിയ ഒരു ആഗ്രഹം ഭംഗിയായി സാധിച്ചു കൊടുക്കണം എന്ന് തന്നെ തോന്നി. അപ്പോൾ തന്നെ പോയി  വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി ഒരു സദ്യ തന്നെ ആയിക്കോട്ടെ എന്ന് കരുതി.  അവളുടെ ഫ്ളാറ്റിലെ ഹാളിന്റെ ഒരു കോണിൽ ഒരു കുഞ്ഞു വിലക്കു വയ്ക്കുന്ന സ്ഥലമുണ്ട്. എന്റെ മുറിയിലെ കൃഷ്ണ വിഗ്രഹം അവിടെ കൊണ്ട് വന്നു വച്ച് രാത്രിയിൽ അലങ്കരിച്ചു. അന്ന് അവിടെ ഉള്ള ഗസ്റ്റ് ബെഡ്‌റൂമിൽ കിടന്നോളാൻ അവൾ പറഞ്ഞു, പുലർച്ചെ വിളിച്ചുണർത്തി അവൾക്കു കണിയൊരുക്കിയത് കാട്ടിക്കൊടുത്തു. കണികണ്ട് വന്ന അവൾക്കു കൊടുക്കാനായി ഞാൻ കൈനീട്ടം കരുതിയിരുന്നു ഒരു പൊൻ നാണയം. വാങ്ങുമ്പോൾ ഏറ്റവും മനോഹരമായ ആ കണ്ണുകൾ നിറഞ്ഞിരുന്നു വാക്കുകൾ തേടുമ്പോൾ അവളുടെ മൗനങ്ങളും. ഉയർന്നു വന്ന മൗനം ഇല്ലാതെ ആകാൻ ഫ്ലാസ്കിലെ കാപ്പി പകർന്നു കൊടുത്തു.

“ജിതൻ, തിരിച്ചു ഞാൻ എന്താ കൈനീട്ടം തരിക ?”
അവളുടെ ഈ ചോദ്യത്തിന് ഒരു നിമിഷം ആലോച്ചിട്ടാണ് ഞാൻ മറുപടി കൊടുത്ത്

“മാളവിക, കുഞ്ഞു വരും വരെ നിന്നെ ഞാൻ നോക്കിക്കോട്ടെ … ഒരു കുഞ്ഞിനെ പോലെ ?”

ആ ചോദ്യം അവളെ തെല്ലൊന്നു അമ്പരപ്പിച്ചു. ജിതൻ അങ്ങനെ ചോദിക്കാനുള്ള കാരണം അവൾക്കു വ്യക്‌തമല്ലെങ്കിലും തലേന്ന് രാത്രി ഉറക്കത്തിലും അവളുടെ ഭൂതകാലം അവളെ വേട്ടയാടുന്നത് ഞെട്ടലോടെ കണ്ടു നിന്നതു കൊണ്ടായിരുന്നു. ആ നേരത്തു അവളെ ഒരു കുഞ്ഞിനെ പോലെ മാറോടു അടക്കിപ്പിടിച്ചു ഇനിയൊന്നു കൊണ്ടും പേടിക്കേണ്ടാ എന്ന് പറയണം എന്ന് തോന്നിപോയി. പുറമെ എത്ര ധൈര്യം അഭിനയിച്ചാലും അവൾ ഒറ്റയ്ക്കാണ് എന്നത് അവളെ ഇന്നും വേട്ടയാടുന്നുണ്ട്.  ഇവിടെ വന്ന ശേഷം അവൾക്കു നാടിനോട് ഒരു ബന്ധവുമില്ല. കുഞ്ഞിനെ കുറിച്ചും അവളുടെയോ ഭർത്താവിന്റെയോ വീട്ടുകാർക്ക് അറിയില്ല.
ജിതനുള്ള ആ വിഷുകൈനീട്ടം സമ്മതിക്കാതെ ഇരിക്കാൻ മാളവികയ്ക്കും ആയില്ല.
” ശരി, സമ്മതിച്ചു ”    എന്ന് പറയുമ്പോൾ അവളുടെ കാണുകൾക്കു തിളങ്ങാതെയിരിക്കാൻ ആയില്ല.

“എന്നാൽ ഇന്ന് തൊട്ടു നമ്മൾ എന്നും രാവിലെ കുറച്ചു നേരം പാർക്കിൽ നടക്കാൻ പോകും….”
പിന്നീടുള്ള അഞ്ചു മിനിറ്റ് മാളവിക ഗര്ഭകാലത്തു ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു ജിതൻ മാളവികയെ ധര്മസങ്കടത്തിൽ ആക്കി. എന്തോ ഓർത്തപ്പോൾ പെട്ടെന്ന് ജിതൻ പോയി കുറച്ചു എണ്ണ ചൂടാക്കി കൊണ്ട് വന്നു, അവളുടെ സമ്മതമോ ജാള്യതയോ ഒന്നും കണ്ടതായി ഭവിക്കാൻ മിനക്കെടാതെ നീരുവച്ച കാൽപാദങ്ങൾ അവൻ എണ്ണയിട്ടു കൊടുത്തു. ഏതോ ഒരു നിമിഷത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകളിൽ ആണ് കാഴ്ച ഉടക്കിയത്. വാക്കുകൾ തിരയുന്ന അവളെ വിലക്കി. നീ അർഹിക്കുന്നതൊക്കെയും കിട്ടാൻ ഞാൻ ഒരു നിമിത്തം ആകുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി
കുളിച്ചു സെറ്റുമുണ്ട് ഉടുത്തു വന്ന അവളോട് ഒരു നുള്ളൂ കണ്മഷിയും ഒരു പൊട്ടും കൂടി കുറവുണ്ട് എന്ന് ഓർമപ്പെടുത്തി. മാഞ്ഞു തുടങ്ങി എങ്കിലും ആ കൈകളിലെ മുറിപ്പാടുകൾ ഒരു കുത്തിനോവിക്കൽ പോലെ ആണെന്ന് ജിതനു തോന്നി. വിഷുവിന്റെ സദ്യക്ക് വേണ്ടുന്നതെല്ലാം ഒരുമിച്ചാണ് ചെയ്തത്. പായസം ഒക്കെ കഴിച്ചു ഉറക്കം തൂങ്ങി അവൾക്കു ഏതോ ഉൾവിളിപോലെ സോഫയിൽ ഇരുന്ന ജിതന്റെ മടിയിൽ തലവച്ചു കിടന്നോട്ടെ എന്ന് ചോദിച്ചു. മരിച്ചുപോയ അമ്മയുടെ ഓർമ്മ വന്നതാണ് അവൾക്കു എന്ന് മനസിലായി. കറുത്ത മുടിയിഴകളിലൂടെ വിരലോടിക്കവേ മാളവിക മെല്ലെ ഉറക്കത്തിലേക്കു വീണു പോയി, പക്ഷെ ഏതോ ഒരു ദുർനിമിത്തം പോലെ സ്വപ്നം കണ്ടു ഞെട്ടിയ അവളുടെ കൈയ്യിൽ ജിതൻ പിടിച്ചു വച്ചു . ഒന്ന് കണ്ണ് തുറന്നു നോക്കിയാ ശേഷം മാളവിക  വീണ്ടും ഉറങ്ങി. കഴിഞ്ഞ ഒരു മാസമായി മാളവിക മറ്റേർണിറ്റി ലീവിൽ ആണ്. ഇതുവരെ എല്ലാം നോർമൽ ആണ്. ഇപ്പൊഴൊക്കെ അവളുടെ അടുത്ത് ചെല്ലുമ്പോൾ തന്നോടു പറയാൻ കുഞ്ഞിന്റെ വിശേഷങ്ങൾ അല്ലെങ്കിൽ വായിച്ച പുസ്തകത്തിലെ കഥകൾ ഉണ്ടാകും.വീർത്ത വയറോട് കൂടി അവൾ കഷ്ടപ്പെട്ട് നടക്കുന്നത് കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്. പക്ഷെ അവൾ ഇപ്പോൾ മറ്റൊരു ലോകത്താണ്; സമാധാനത്തിന്റെ. വന്നതിൽ നിന്നും എത്രയോ മാറ്റമാണ് അവൾക്കു ഇന്ന്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൂടി തന്നിട്ടുണ്ട് കയ്യിൽ. മാളവികയുടെ യാത്രയിൽ പാതി വഴിയിൽ വച്ചാണ് തൻ്റെ യാത്ര തുടങ്ങുന്നത്. ഇനിയും അതിനു ഒരു പേര് ഇടുകയോ അതിരുകൾ അളന്നു കുറിയ്ക്കുവാനോ മുതിർന്നിട്ടില്ല. ഒരു സ്ത്രീക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നത് പോലെ അല്ലെങ്കിലും പരിമിതികൾക്കു മീതെ അവളോടൊപ്പം ഉണ്ടാകുവാൻ ജിതൻ തന്നാൽ ആവും വിധം ശ്രമിച്ചു.
ഒരു അവധി ദിവസം വീട്ടിൽ വച്ച് പെട്ടെന്ന് വേദന കൂടി തന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൾ  വേദന കടിച്ചമർത്തി ” ജിതൻ ഐ തിങ്ക്,മൈ വാട്ടർ ജസ്റ്റ് ബ്രോക്ക് ” എന്ന് പറഞ്ഞൊപ്പിച്ചു. പിന്നെയൊക്കെ ഒരു സ്ക്രീനിലെ ഓടുന്ന സിനിമ പോലെ ആയിരുന്നു. മിന്നൽ പിണരു പോലെ ഇടയ്ക്കു വന്നു പോകുന്ന അവളുടെ വേദന കണ്ട് നിൽക്കാൻ അല്ലാതെ തനിക്കു ഒന്നും ആയില്ല. കുറച്ചു മണിക്കൂറുകൾക്കു ശേഷം ലേബർ റൂമിനു വെളിയിൽ തന്റെ കയ്യിലേക്ക് ഒരു കുരുന്നു ജീവനെ വച്ച് തന്നിട്ട് അച്ഛൻ ആയതിനുള്ള അഭിനന്ദനങൾ പറഞ്ഞതൊന്നും ജിതൻ കേൾക്കുക ഉണ്ടായില്ല.  ഏതോ മുന്ജന്മ സുകൃതം പോലെ ഉള്ളിൽ സന്തോഷം തിരതല്ലി തന്റെ കയ്യിലെ ആ കുഞ്ഞു നിധിയെ കണ്ടിട്ട് .

ഭാമ

bhaama

ഭാമ

ഒറ്റപ്പെടലിനെ ബഹളങ്ങൾക്ക്  ഒരു അറുതി വരുത്താന്‍ എന്ന വണ്ണം അവൾ ആ കടൽത്തീരത്തേക്ക് നടന്നു. പൈൻ മരങ്ങള്‍ക്ക് ഇടയിലൂടെ ഉച്ച തിരിഞ്ഞ് വെയിൽ കാഞ്ഞ് തീരത്തേക്ക് ഇറങ്ങി നടന്നു. ശനിയാഴ്ച ആണെങ്കിലും വൈകിട്ട് 5 മണി വരെ ഈ ഭാഗത്ത് തിരക്ക് നന്നേ കുറവായിരിക്കും. അതിനാലാണ് ഈ സമയം നോക്കി അവൾ ഇവിടേക്ക് വരാറ്. ഇളം നീല നിറമുള്ള പരുത്തി സാരിയുടുത്തു വള്ളി ചെരുപ്പുകള്‍ അഴിച്ചു ഇടതു കൈയ്യിൽ പിടിച്ച് തിരകളെ തഴുകി മുന്നോട്ടു നടക്കുമ്പോള്‍ അവൾ ആ നീല നിറമുള്ള ആകാശത്തിന്റെയും കടലിന്റെയും പ്രതിബിംബമാണ് എന്ന് തോന്നിപ്പോകും. കുറച്ചു ദൂരം നടന്ന ശേഷം അവൾ സ്ഥിരം ഇരിക്കാറുള്ള പൈൻ മരച്ചുവട് ലക്ഷ്യമാക്കി നടന്നു. താൻ ഇരിക്കാറുള്ള സ്ഥലത്ത് മധ്യ വയസ്സ് കടന്ന ഒരാൾ ഇരിക്കുന്നത് കണ്ടു ഭാമ പെട്ടെന്ന് ഒന്ന് അമ്പരന്നു. കഴിഞ്ഞ കുറേ മാസങ്ങളായി താൻ വരുമ്പോൾ ഒന്നും അവിടെ ആരും ഉണ്ടാകാറില്ല. അവിടെ ഇരിക്കുന്ന അയാളോട് തെല്ലൊരു കുണ്ഡിതം തോന്നി. പെട്ടെന്ന് തന്നെ അങ്ങനെയൊരു ചിന്ത തന്നെ ശരിയായില്ല, കടൽ ആരുടേയും സ്വന്തമല്ലല്ലോ എന്ന ബോധ്യത്തിലും അയാളോട് അനിഷ്ടം തോന്നിയതിൽ ജാള്യതയും കൊണ്ട് കുറച്ച് അകലെ മാറിയിരുന്നു തിര എണ്ണാൻ തുടങ്ങി.

ആ നാട്ടിലേക്ക് സ്ഥലം മാറ്റമായി വന്നിട്ട് ഏതാണ്ട് ഒരു വർഷം ആകുന്നു. സ്കൂളിന് അടുത്ത് തന്നെയുള്ള ഒരു ചെറിയ വാടക വീട്ടിലാണ് മധ്യവയസ്സിൽ കയറി തുടങ്ങിയ ഭാമയുടെ ഏകാന്തവാസം. തായ്‌വഴിയിലെ ശേഷിച്ച ഒരു വയസായ അമ്മായി പിന്നെ ഒരുപാട് പുസ്തകങ്ങളും അത് തന്നെയാണ് അവളുടെ ലോകം. വായിക്കാൻ കയ്യിൽ കരുതിയിരുന്ന പുസ്തകത്തെ പോലും മറന്നു കൊണ്ട് ചിന്തകളിൽ ആണ്ടുപോയ ഭാമ തനിക്ക് അടുത്തായി കേട്ട് മുരടനക്കം ആദ്യമൊന്നും കേൾക്കുകയുണ്ടായി ഇല്ല.

പിന്നീട് ഒരു ഞെട്ടലോടെ തനിക്ക് അഭിമുഖമായി വന്ന ആ മുഖവും ആ ശബ്ദവും ഭാമയെ ബോധത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എനിക്ക് അധികം അകലെയല്ലാതെ മര ചുവട്ടിലിരുന്ന അയാളാണ് തന്റെ മുൻപിൽ. “വിരോധം തോന്നില്ലെങ്കിലും ഞാനൊരു കാര്യം ചോദിച്ചോട്ടെ? ” എന്നു മുഖവര പറഞ്ഞു കൊണ്ടു അയാൾ സ്വയം പരിചയപ്പെടുത്തി. “ഞാൻ ആദിത്യൻ…. ഒരു ഫോട്ടോഗ്രാഫർ ആണ്. ഞാൻ ഒരു പ്രോജക്ട് ഭാഗമായി കുറച്ചു ചിത്രങ്ങൾ എടുക്കാൻ വന്നതാണ്. കുറച്ചു നേരമായി ഞാൻ നിങ്ങളെ തന്നെ ശ്രദ്ധിക്കുന്നു. അപ്പോഴാണ് പൂഴിമണലിൽ പകുതി താണ നിങ്ങളുടെ പാദങ്ങൾ കണ്ടത്. നിങ്ങളുടെ പാദങ്ങൾ മാത്രം ഞാൻ ഒരു ചിത്രം എടുത്തോട്ടെ? നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ മാത്രം.” ഒരു നിമിഷം വേണ്ടി വന്നു ഭാമയ്ക്ക് അയാൾ പറഞ്ഞത് മനസ്സിലാക്കാൻ. അയാൾ അവളുടെ മറുപടിക്കായി കാത്തു നിന്നു. അവൾ ശരി എന്ന അർത്ഥത്തിൽ തലയാട്ടി. ബാഗിൽ നിന്നും ക്യാമറ എടുത്തു ലെൻസ്‌ ഘടിപ്പിച്ചു. ഒന്നും ചെയ്യേണ്ട പാദങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് അയാൾ പറഞ്ഞു. ആദിത്യൻ പല ആംഗിളിലിൽ ചിത്രങ്ങൾ എടുക്കുന്നതില്‍ മുഴുകി. അയാളെ ഭാമ അങ്ങനെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. എന്നിട്ട് അവൾ സ്വന്തം കാൽപാദങ്ങളിൽ നോക്കി. അവൾ കണ്ടത് പ്രായാധിക്യത്ത്തെ സ്വീകരിച്ചു തുടങ്ങി എന്നതിന് തെളിവായി ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു പാദങ്ങളാണ്. ചെരുപ്പ് ഇട്ടു നടന്നതിന്റെ തഴമ്പും പാടുകളും സൗമ്യത വിട്ടു തുടങ്ങിയ നഖങ്ങളും. അതൊന്നും കണക്കിലെടുക്കാതെ ഏറെ ഋതുക്കൾക്കു മുൻപായി അണിയിക്കപ്പെട്ട നൂറു മണികൾ ഉള്ള വെള്ളികൊലുസ്സുകൾ പാദങ്ങളെ ഇന്നും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.

“തീരെ അപ്രതീക്ഷിതമാണ് ആണ് ഈ പ്രായത്തിലുള്ള നിങ്ങളെപ്പോലുള്ള ഒരു സ്ത്രീയുടെ കാലുകളിൽ ഇത്രയും മനോഹരമായി കൊലുസുകൾ. ഇത് ആരുടെയെങ്കിലും സമ്മാനമാണോ? “

അപ്രതീക്ഷിതമായ ആ ചോദ്യം അവളെ  ചിന്തകളുടെ ഊരാക്കുടുക്കിൽ നിന്നും വലിച്ചു പുറത്തിട്ടു. ഒരു നിമിഷം ആ കൊലുസ്സുകളിലേക്കു നോക്കിയിട്ട് അവൾ അതേ എന്ന് തലയാട്ടി. കുറച്ചുനേരത്തെ സംഭാഷണ ശ്രമങ്ങൾക്കു ശേഷം ആദിത്യൻ വിടവാങ്ങി. അടുത്ത ആഴ്ച ഇവിടെ വരികയാണെങ്കിൽ ചിത്രത്തിന്റെ പകർപ്പ് നൽകാം എന്ന ഓർമ്മപ്പെടുത്തലോടെ അയാൾ പോയി. നടന്നകലുന്ന ആദിത്യനൊപ്പം അവളുടെ ദൃഷ്ടികൾ തീരത്തെ തൊടുന്ന തിരകളിൽ എത്തി. “നിയമങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് പ്രണയാഗ്നിയിൽ ഉരുകിയൊലിക്കണമെന്നു ഭ്രാന്തൻ സ്വപ്നങ്ങളുടെ കാവൽക്കാരനായ ദേവന്റെ ഓർമ്മകളായിരുന്നു തന്റെ കാലിൽ അവൻ അണിയിച്ചു തന്ന ആ നൂറുമണിയുള്ള വെള്ളിക്കൊലുസ്സുകൾ. നിയമങ്ങൾ ഇല്ലാത്ത ദേവലോകത്തേയ്ക്കു അവൻ ഒറ്റയ്ക്ക് മടങ്ങിയെങ്കിലും പ്രണയത്തിന്റെ അഗ്നിപ്രതീക്ഷകളുമായി ഭാമ ഇന്നും കാത്തിരിക്കുന്നു….ഭ്രാന്തമായ്‌ വീണ്ടുമൊരിക്കൽ ദേവന്റെ പ്രണയത്തിനായി!” (ശുഭം)

#firespiritblog

മൈഥിലി

IMG_3620

ഒരു മുന്നറിയിപ്പും ഇല്ലാതെ ആണ് മൈഥിലി ഒരു നട്ടുച്ച നേരത്തു തെക്കേപ്പാട്ടെ എന്റെ വീട്ടിലേക്കു വന്നു കയറിയത്. ഞങ്ങൾ തമ്മിൽ ദില്ലി സർവകലാശാലയിലെ അധ്യയനം തൊട്ടുള്ള പരിചയമാണ്.  അന്ന് അവൾ  ഭർത്താവിനൊപ്പം ക്വാർട്ടേഴ്സിലാണ് താമസം. അയാൾക്കു അവിടെ ടെക്നിക്കൽ ഓഫീസർ ആയിട്ടായിരുന്നു നിയമനം. പിന്നീട് അവളും ഉന്നതവിദ്യാഭ്യാസം കരതമാകാനായി അവിടെ തന്നെ പഠിക്കാൻ ചേർന്നു. ഒന്ന് രണ്ടു വിഷയങ്ങൾക്ക് അവൾ എന്റെ ക്ലാസ്സിലും ആയിരുന്നു. ഗുരു ശിഷ്യ ബന്ധത്തിനും അപ്പുറം നാട്ടിൽ നിന്നും ഉള്ളവർ എന്ന നിലയിൽ ഞങ്ങൾ പരിചയക്കാരായിരുന്നു അതിൽ ഒരു നല്ല സൗഹൃദവും ഉടലെടുത്തിരുന്നു. അവളുടെ ഭർത്താവിനെയും ഇടയ്ക്കു കാണാറുണ്ടായിരുന്നു . പുറമെ വളരെ സൗമ്യനായ ഒരു മനുഷ്യൻ ആയിരുന്നു എന്നതായിരുന്നു എന്റെ നിഗമനം. അത് തെറ്റാണ് എന്ന് പിന്നീട് മൈഥിലിയുടെ മുഖത്തെ കരിനീലിച്ച പാടുകളിൽ നിന്നും വ്യക്തമായി പക്ഷെ അവൾ ഒന്നും തന്നെ പറയാൻ കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്കിടയിൽ ആ ഒരു കാര്യം സംസാര വിഷയമായി വരരുത് എന്ന് അവൾക്കും നിർബന്ധം ഉള്ളതുപോലെ. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ അവൾ അവിടെ തന്നെ തുടർന്ന് പഠിച്ചു കൊണ്ടിരുന്നു, അതുകൊണ്ടു തന്നെ നേരിട്ട് സംസാരിച്ചില്ലെങ്കിലും മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കണ്മുന്പിലൂടെ കടന്നു പോകുമായിരുന്നു.
ഏകാന്തവാസം അവസാനിപ്പിക്കണം എന്ന് മൈഥിലിയെ കണ്ടതിനു ശേഷം എന്നിൽ ഉടലെടുത്തിരുന്നു.  ഇടയ്ക്കു ഒരിക്കൽ അവൾക്കു അടുത്ത് തന്നെ ഒരു സ്കൂളിൽ താത്കാലികമായി ജോലി കിട്ടിയെന്ന വിവരം പറഞ്ഞിരുന്നു. അവളെ സംബന്ധിച്ച് അവൾക്കുള്ള പിടിവള്ളിയായിരുന്നു ആ ജോലി. ആത്മാഭിമാനം അടിയറവു പാറയാതെ ജീവിക്കാൻ ഒരു ജോലി. അവൾ ഏതോ ഹോസ്റ്റലിലേക്ക് താമസം മാറി കഴിഞ്ഞിരുന്നു. അവളായിട്ടു ഒന്നും എന്നോട് പറയുന്നത് വരെ ഒന്നും ചോദിക്കാൻ ഞാൻ തുനിഞ്ഞില്ല പക്ഷെ അവളുടെ ജീവിതം കഠിനമേറി വരികയായിരുന്നു എന്നത് തിളക്കം നഷ്ടപെട്ട അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വ്യക്തമായിരുന്നു.  അങ്ങനെ ഏതാണ്ട് അഞ്ചു വർഷങ്ങൾ കടന്നുപോയി… ഒറ്റക്കുള്ള ജീവിതം മതിയാക്കി തറവാട്ടിലെ വീട്ടിൽ നിന്നും അമ്മ വിടവാങ്ങിയപ്പോൾ നാടിനോടുള്ള വേരുകൾ എല്ലാം വീടെന്നു വിളിച്ചിരുന്ന കൽച്ചുവരുകളിൽ ഓർമകളായി മാത്രം തുങ്ങി നിന്നു. അമ്മയുടെ ആണ്ടുബലിയിടാൻ വേണ്ടി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുമ്പോൾ കുറച്ചു അധികം നാൾ അവധിയിൽ ആകാം എന്ന് തോന്നി. വഴിക്കു വച്ച് മൈഥിലിയെ കണ്ടപ്പോൾ സകല ധൈര്യവും സംഭരിച്ചു കൂടെ വരുന്നോ എന്ന് ചോദിച്ചു. മേൽവിലാസവും ഫോൺ നമ്പറം എഴുതിയ കടലാസും അവളെ ഏൽപ്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ പ്രതീക്ഷയുടെ അവസാന വെറും അറ്റുപോകുന്നതായി തോന്നി.
നാട്ടിലെത്തി ഏതാണ്ട്  രണ്ടു മാസത്തോളം അവളുടെ യാതൊരു വിവരവും ഉണ്ടായില്ല. അവളെ വിളിച്ചു തീരുമാനം എന്താണെന്ന് ചോദിക്കാൻ പലവട്ടം തുനിഞ്ഞു എങ്കിലും അവളുടെ സ്വകാര്യതക് തന്റെ ചോദ്യം ഒരു ബുദ്ധിമുട്ടു ആകരുത് എന്ന് കരുതി മൗനം പാലിച്ചു. നാട്ടിലെ വലിയ  പറമ്പിന്റെ ഒത്ത നടുക്ക് ആയിട്ട് ചെറിയ ഒരു വീടായിരുന്നു തറവാട്…പഴയ രീതിയിലുള്ള ആ വീട് അങ്ങനെ തന്നെ നിലനിർത്തണം എന്ന് ആര്യന് വാശിയായിരുന്നു. ഇടയ്ക്കു പറമ്പിലെ കാര്യങ്ങൾ വന്നു നോക്കിയിരുന്ന കാര്യസ്ഥൻ ഒഴിച്ചാൽ തനിച്ചുള്ള താമസം സ്വസ്ഥതയുള്ളതായിരുന്നു അയാൾക്കു. ഗേറ്റ് കടന്നു കുറച്ചു നടന്നാൽ മാത്രമേ വീട്ടു മുറ്റത്തു എത്തുകയുള്ളൂ.. ചുറ്റും മരങ്ങൾ തീർത്ത നിഴൽ വീണ പൂഴിമണൽ വഴിയും. മഴയുള്ള ഒരു ഉച്ച ദിവസമാണ് അവൾ വീട്ടിൽ നനഞ്ഞൊലിച്ചു വന്നു കയറിയത്. തീരെ നിറമില്ലാത്ത ഒരു പരുത്തി സാരിയുടുത്തു ആകെ ക്ഷീണിച്ചു ഒഴിഞ്ഞ കാതും കഴുത്തും കുഴിഞ്ഞ കണ്ണുകളുമായി വിറച്ചു വന്നു കയറിയ അവളെ വെക്കം അകത്തെ മുറി കാട്ടി കൊടുത്തു. അവളുടെ കോലം കണ്ടു കണ്ണുകൾ ഈറനണിഞ്ഞത് അവൾ കാണാതെ വേഗം മറച്ചു. ആ മുറിയിലേക്ക് കയറും മുൻപേ അത്രയും നേരം ഒന്നും മിണ്ടാതെ ഇരുന്ന അവൾ  മഴയിൽ കുതിർന്ന ഒരു കടലാസ്സു എടുത്ത് തന്റെ നേരെ നീട്ടി. അത് അവളുടെ വിവാഹബന്ധം വേർപ്പെടുത്തി എന്നതിന്റെ കോടതി അനുമതിയായിരുന്നു. ആ വീട്ടിലെ ഏക കുളിമുറിയുള്ളതു പുറത്തു കിണറിനോട് ചേർന്ന്, അതും മേൽക്കൂരയില്ലാത്ത ഒന്നായിരുന്നു. അവൾക്കു കാട്ടിക്കൊടുത്ത ശേഷം അവൾക്കു കഴിക്കാനുള്ള ഭക്ഷണം ഒരുക്കാൻ അടുക്കളയിലേക്കു പോയി. ഒറ്റയ്ക്കുള്ള വയ്പ്പും കുടിയും ശീലമായിരുന്നതിനാൽ രണ്ടാമത് ഒരാൾക്ക് കഴിക്കാനുള്ള ഭക്ഷണം വയ്ക്കുകയെ ആ  സമയത്തു ആര്യന് മാർഗമുണ്ടായിരുന്നുള്ളൂ.
കഞ്ഞി വച്ച് കഴിഞ്ഞും അവളെ കാണാതിരുന്നതിനാൽ പെരുമഴത്തു കുളിമുറി ഭാഗത്തേയ്ക്ക് പോയി നോക്കി… അകത്തു നിന്നും കരച്ചിലുകൾ കേൾക്കുന്നു എന്ന് തോന്നിയത് കൊണ്ട് വാതിലിൽ കുറച്ചു നേരം കൊട്ടി നോക്കി തകര കൊണ്ടുള്ള ആ വാതിലിനു താഴ് ഇല്ലാത്തതു കൊണ്ട് അകത്തു നിന്ന് വലിയ കല്ലുകൊണ്ട് ആണ് അടച്ചിരുന്നു…താൻ അകത്തേയ്ക്കു വരികയാണ് എന്ന് പറഞ്ഞു ഏതാനും നിമിഷം കാത്തു നിന്ന ശേഷം വാതിൽ തുറന്നു കുളിമുറിയിലേക്ക് കയറി. സിമിന്റു കൊണ്ട് കെട്ടിയാൽ വെള്ളം നിറയ്ക്കാനുള്ള തോട്ടിയുടെ അരികിലുള്ള നീണ്ട പടിയിൽ ആ പെരുമഴയിൽ കുനിഞ്ഞിരുന്നു ഏങ്ങലടിക്കുന്ന മൈഥിലിയെ ആണ് കണ്ടത്. ഒരു മേൽമുണ്ട് മാത്രം ഉടുത്തിരുന്ന അവളുടെ മുതുകിനെ മുടിയിഴകൾ വേരുകൾ പോലെ മറച്ചിരുന്നു. ആദ്യമൊന്നു പരുങ്ങലിൽ ആയെങ്കിലും അവളുടെ അടുത്തേയ്ക്കു ചെന്ന്  മുഖം പിടിച്ചുയർത്തി…കരയുന്ന മിഴികളോടെ അവളെ ആ നിലയിൽ കണ്ടപ്പോൾ എന്തു പറയണം എന്ന് അറിയാതെ അവളോടൊപ്പം മഴയിൽ ഞാനും നിന്ന്. പതിയെ അവൾ തന്റെ  കൈകളും കാലുകളും കാട്ടി തന്നു… ഒരുപാട് മുറിവുകളുടെയും പൊള്ളലുകളുടെയും പാടുകൾ…അത് തുടച്ചു നീക്കാൻ അവൾ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി. അവളുടെ രണ്ടു കൈകളും പിടിച്ചു അതിൽ നിന്നും വിലക്കാൻ ശ്രമിക്കവേ അവൾ അലറി കരഞ്ഞു… ഒരു പക്ഷെ ഈ പെരുമഴ പെയ്യുന്നതു തന്നെ അവളുടെ ഉടലാഴങ്ങളിലെ മുറിവുകളും ദ്രവിച്ച ഓർമ്മകളും ഒഴുക്കി കളയാനാകും… കരയുന്ന അവളെ ആ മഴയത്തു ചെറുത് പിടിക്കാൻ തോന്നി. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ തന്നിലേക്ക് ചാഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു.
“മൈഥിലി… ഇന്നത്തെ പെരുമഴ നിനക്കുള്ളതാണ്… ഇതിനോടൊപ്പം നിന്റെ ഭൂതകാലത്തെയും ഒഴുക്കി കളയൂ… ഈ മഴ തീരുമ്പോൾ തെളിയുന്ന ആകാശം പോലെ നിന്റെ മനസ്സും തെളിയും ആ നിമിഷം മുതൽ നീ പുതൊയൊരു മൈഥിലി ആയിരിക്കും… സ്വയം പറക്കാൻ കഴിവുള്ള.. സ്വപ്നങ്ങൾക്കു നിറങ്ങൾ ചാലിക്കാൻ കഴിവുള്ള മൈഥിലി… നിനക്ക് കൂട്ടായ് എന്നും ആര്യനുണ്ടാകും… “
അവളെയും താങ്ങിപ്പിടിച്ചു വീടിന്റെ ഉള്ളിലേയ്ക്ക് നടക്കുമ്പോൾ അവളുടെ ഉയർത്തെഴുനേൽപ് മാത്രമായി ആര്യന്റെ നിനവുകളിൽ… പിന്നെയും കുറച്ചു കാലം വേണ്ടി വന്നു മൈഥിലിക്ക്   സാധാരണ നിലയിലേക്ക് ഏത്താൻ… ആ വീടും അതിന്റെ പരിസരവും ആര്യന്റെ സാന്നിധ്യവും എല്ലാം അവളിൽ മാറ്റം വരുത്തി… ജീവിതം തിരിച്ചു പിടിച്ച മൈഥിലിക്ക് പിന്നീട് ആര്യന്റെ ഏകാന്തതയ്ക് അറുതി വരുത്താൻ അധികം കാലതാമസം നേരിട്ടില്ല. തെക്കേപ്പാട്ടെ വീടിനു ഓർമകളുടെ ഭണ്ടാരത്തിലേക്കു സന്തോഷത്തിന്റെ നാണ്യം നിക്ഷേപിക്കാൻ അവരുടെ ഇനിയുള്ള ദിനങ്ങൾ മതിയായിരുന്നു.

മൃണാളിനി

IMG_3853

ഒരു കഥ ഉരുത്തിരിയുന്നത് എപ്പോൾ എങ്ങനെ എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരം ആകും പറയാൻ ഉണ്ടാവുക. അങ്ങനെ എങ്കിലും ഒരാളുടെ ജീവചരിത്രം എഴുതുക എന്നത് അയാളുടെ ജനനത്തിനും മുൻപേ ഉള്ള കഥ തുടങ്ങുക എന്നതാണ്. അങ്ങനെ ഒരു കഥ തേടിയുള്ള യാത്രയിൽ ആണ്  ഇന്ന് ഞാനും. ആത്മകഥ എഴുതാൻ പറ്റാതെ പോയ ഒരു ആത്മാർത്ഥ വ്യക്തിയ്ക്കു വേണ്ടി അയാളുടെ ജീവചരിത്രം എഴുതാൻ ആദ്യമായി അയാളുടെ വേരുകൾ തിരക്കി ഇറങ്ങിയ ഒരു പെണ്ണാണ് ഞാൻ എന്ന് തന്നെ പറയാം. ഒരു പുസ്തകരൂപമായി എഴുതാനും മാത്രം പ്രത്യേകതയുള്ള അല്ലെങ്കിൽ പ്രശസ്തിയുള്ള ആളാണോ അയാൾ എന്ന് എന്നോട് ചോദിച്ചാൽ … അല്ല… തികച്ചും സാധാരണക്കാരനായ ഒരാൾ ആയിരുന്നു അയാളും… പിന്നെ എന്തിനു ഇങ്ങനെ ഒരു കഥ…ഇങ്ങനെ ഒരു യാത്ര ? ഉൾവിളികൾക്ക് കാലിയാക്കലുകളെക്കാൾ സ്ഥാനം കൊടുക്കാനുള്ള ധൈര്യം മനസിന് പാകപ്പെട്ടു തുടങ്ങി എന്ന ബോധ്യത്തിൽ ഇറങ്ങി തിരിച്ചതാണ്.

എല്ലാ സാധാരണ മനുഷ്യരെയും പോലെ പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബം എന്ന ചട്ടക്കൂടിന്റെ നിലനില്പിനുവേണ്ടി നെട്ടോട്ടം ഓടിയ ഒരാള് തന്നെ ആയിരുന്നു നീരവ്. അല്ലെങ്കിലും കഷ്ടപാടുകളുടെയും ബുദ്ധിമുട്ടുകളുടെയും കാണാക്കയത്തിൽ ശ്വാസം മുട്ടി മരിച്ചു പോകുമോ എന്ന് ഭയക്കുന്ന നിമിഷങ്ങൾക്ക് ഇടയിൽ ചിലർ മാലാഖമാരെ പോലെ വരും… എവിടുന്നു വന്നു… എങ്ങനെ വന്നു… എന്തിനു വന്നു… എന്നീ ചോദ്യങ്ങൾക്കു ഒന്നും തന്നെ അവിടെ ഒരു പ്രസക്തിയും ഉണ്ടാകില്ല… മനസ്സിൻന്റെ സമനില നക്ഷ്ടപെടാതിരിക്കാൻ കിട്ടുന്ന ഒരേയൊരു പിടിവള്ളിയാകും ഈ മാലാഖമാർ… ഇവരിൽ ചിലർ അതിഥികൾ ആയെന്നു വരും…. മറ്റു ചിലർ സമയബന്ധിതമല്ലാതെ കൂടെ ഉണ്ടായി എന്നും വരാം. നീരവിനെ  സംബന്ധിച്ച് മൃണാളിനിയുടെ വരവ് രണ്ടാമത് പറഞ്ഞതുപോലെ ഒന്നായിരുന്നു. അന്യരാജ്യത്തു ജോലിയുടെ പ്രാരാബ്ധത്തിൽ കുടുങ്ങിയ ഒരു വൈകുന്നേരം സൂപ്പർമാർക്കറ്റിലെ ക്യുവിൽ നിൽക്കുമ്പോഴാണ് നീരവിനെ ആദ്യമായി കാണുന്നത്. കാത്തു നിൽപ്പിന്റെ മുഷിപ്പിനിടയിൽ എപ്പോഴോ വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ അതൊരു ഹൃദയത്തിന്റെ മണ്ണിൽ വേരുകൾ മുളപ്പിക്കുന്ന ബന്ധത്തിന് തുടക്കം ആകുമെന്ന് ഇരുവരും നിറച്ചിട്ടുണ്ടായിരുന്നില്ല.

ആഴ്ചവട്ടങ്ങളുടെ അവസാനം കടൽത്തീരത്ത് വച്ചുള്ള കണ്ടുമുട്ടലുകളിൽ ഇരുവർക്കും ഓർമ്മകളും വിഷാദങ്ങളും ജയപരാജയങ്ങളും ഒക്കെ അടങ്ങുന്ന ആയിരമായിരം അനുഭവകഥകൾ പറയാൻ ഉണ്ടായിരുന്നു. നാട് എന്നതു ദൂരെ എങ്ങോ ഉള്ള ഒരു മരുപ്പച്ചയായി ഇരുവരും കനവ് കണ്ടിരുന്നു… ഇടക്ക് എപ്പോഴൊക്കെയോ നഷ്ടങ്ങളുടെ മലവെള്ളപ്പാച്ചിലിൽ മുങ്ങി താഴാതെ ഇരുവരും കരകയറ്റി. വായിച്ച പുസ്തകങ്ങൾ എഴുത്തുകാർ കണ്ടതും കാണേണ്ടതുമായ സിനിമകൾ ജീവിതങ്ങൾ അങ്ങാണ് എന്തും എത്തും അവർക്കു വിഷയങ്ങൾ ആയിരുന്നു. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടു കൂടിയും ഒരിക്കലും നീരവ് അവളോട് ഒരു കാര്യം മാത്രം മറച്ചുവച്ചു. തന്റെ അസുഖത്തെപ്പറ്റിയുള്ള വിവരങ്ങൾ. ഒരിക്കൽ നാട്ടിൽ പോയി തിരികെ എത്തിയ ശേഷം വളരെ ക്ഷീണിതനായി കാണപ്പെട്ടപ്പോൾ അവളുടെ ചോദ്യത്തിന് യാത്രക്ഷീണം ആണെന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞു. അത് കള്ളം ആണെന്ന് തിരിച്ചറിയുന്നത് വീണ്ടും ഒരിക്കൽ ഓഫീസിൽ വച്ച് ബോധരഹിതനായി ആശുപത്രിയിൽ കിടന്നപ്പോഴാണ്. ഡോക്ടർ അകത്തു കയറി കണ്ടോളാണ് അനുവാദം നൽകി അകത്തു കടന്നതും തന്നിൽ നിന്നും അവന്റെ കണ്ണുകൾ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് വ്യക്തമായിരുന്നു. അതിലെ ബുദ്ധിമുട്ടു മനസിലാക്കി വിഷാദാരിദ്ര്യം വരാത്ത വിധം മൃണാളിനിയ്ക്കു ആ രാത്രി ആശുപത്രിയിൽ കൂട്ടിരിക്കെ അഭിനയിക്കേണ്ടി വന്നു. ഉറക്കത്തിനിടയിൽ തന്റെ തലമുടിയെ തഴുകുന്നുണ്ടായിരുന്നു ആ കൈകൾ. ഞങ്ങളുടെ കണ്ണുകൾക്കു വാക്കുകളുടെ സഹായം വേണ്ടാത്ത ഒരു ഘട്ടമെത്തിയിരുന്നു… അതിനാലാവണം ഒന്നും തന്നെ മിണ്ടാതെ ആ ജീവനുള്ള കണ്ണുകളെ നോക്കിയിരുന്നത്.   ഏതാനും ദിവസങ്ങൾക്കു അകം ആശുപത്രി വിട്ടെങ്കിലും നാട്ടിലേക്ക് പോകണം എന്ന തോന്നലുണ്ടായി… ഒരു മടങ്ങി വരവോ… ഇനിയൊരു കണ്ടുമുട്ടലോ ഉണ്ടാകുമോ എന്നത് സംശയം ആണ് എന്നത് ഞങ്ങൾക്ക് ഇരുവർക്കും പറയാതെ അറിവുള്ള കാര്യമായിരുന്നു.  പോകുന്നതിനു തലേന്നാൾ മൃണാളിനിയുടെ ഫ്ലാറ്റിൽ നീരവ് വന്നിരുന്നു അന്ന് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം അടുക്കളയിൽ പാത്രങ്ങൾ എടുത്തു വയ്ക്കുമ്പോൾ  പെട്ടെന്ന് അവൻ ഒരു ആഗ്രഹം പറഞ്ഞു :

“എടോ… തന്റെ മടയിൽ തലവച്ചു കിടക്കണം ഈ രാത്രി എനിക്ക്… തനിക്കു അത് ബുദ്ധിമുട്ടു ആകില്ലെങ്കിൽ.”

ഉള്ളിൽ ഉറഞ്ഞു തുടങ്ങിയ സങ്കടത്തെ കണ്ണുകളിൽ എത്തും മുൻപേ തലതല്ലി കെടുത്തിയ ശേഷം അവൾ പറഞ്ഞു “പിന്നെന്താ നീരവ്… മടയിൽ കിടത്തി ഒരു കഥ തന്നെ പറഞ്ഞു താരാല്ലോ എന്ന്.”

നീരവിന്റെ ആയുസ്സിന് ദൈർഖ്യം ഏറുമെങ്കിൽ ഒരുപക്ഷെ മൃണാളിനി ആ രാത്രി ആയിരത്തിയൊന്നു രാവുകളുടെ കഥ പറഞ്ഞു തുടങ്ങിയേനെ. ഓർമ്മകൾ നക്ഷത്രങ്ങളാണ് പുനർജനിക്കുന്ന ലോകത്തെ കഥ പറഞ്ഞു നിർത്തിയപ്പോൾ നീരവ് തന്റെ മടിത്തട്ടിൽ ഈറൻ അണിയിച്ചിരുന്നു. അവന്റെ തിളക്കമുള്ള കണ്ണുകളിലേക്കു നോക്കി ഇരിക്കെ മൃണാളിനി അവന്റെ നെറ്റി തടത്തിൽ ദൈർഖ്യമേറിയ ഉമ്മ വച്ചു… ആദ്യമായിട്ടാണ് അവൾ അങ്ങനെ ഒരു ഭാവം അവനോടു പ്രകടിപ്പിച്ചത്. ആ നിമിഷം തിരികെ നൽകാൻ നീരാവിനും അമാന്തം ഉണ്ടായില്ല… പിന്നീട് ഒക്കെയും മൗനമാണ് അവിടെ അരങ്ങു ആടിയതു. പോകാൻ നേരം ഇരുവരും കെട്ടിപിടിച്ചു നിന്നു …. കുറെയേറെ നേരം… അതിൽ നിന്നും വിടുവിക്കപ്പെടുവാൻ ഇരുവരും തുനിഞ്ഞില്ല. 

നാട്ടിൽ എത്തി കുറച്ചു നാളുകൾക്കു അകം തന്നെ നീരവ് ഈ ലോകത്തോട് യാത്ര പറഞ്ഞു… അവനെ ഓർത്തു കരഞ്ഞു നാളുകൾ തീർക്കരുത് എന്ന് അവൻ സത്യം ചെയ്യിച്ചത് കൊണ്ടാകാം മനസ്സ് അവനു വേണ്ടി ഇങ്ങനെ ഒരു ഉദ്യമത്തിലേക്കു തന്നെ എത്തിച്ചത്…അവൻ എഴുതിയ കഥകളും കവിതകളും ഡയറി കുറിപ്പുകളും എല്ലാം അവനിലേക്ക്‌ ഉള്ള ഒരു യാത്രയാണ്…അവന്റെ ജീവിതളെ അവൻ പറഞ്ഞ കഥകളിലെ ഓരോ മുഖങ്ങളെയും നേരിട്ട് കാണാം എന്ന് തോന്നി. തനിക്കു അറിയാൻ നീരവ് ഒരുപാട് കഥകൾ ബാക്കി വച്ചതുപോലെ… അവനെ കുറിച്ച് അവർക്കു പറയാനുള്ള കഥകൾ കൂടി കേട്ടാലേ നീരവ് എന്ന വ്യക്തി എന്നിൽ പൂർണമാകൂ… അപ്പോൾ പിന്നെ ഇങ്ങനെ ഒരു യാത്ര തിരിക്കാൻ ഒട്ടും വൈകരുത് എന്ന് തോന്നി ഒരു മാസത്തെ അവധിക്കു അപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു… തന്റെ എഴുത്തു എന്ന യാത്രയുടെ നിയോഗം നീരാവിലൂടെ ആകാം തുടക്കം കുറിക്കുന്നത്… അത് അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നതും ആണ്… ജീവിച്ചിരുന്നപ്പോൾ അവനു കഴിയാതെ പോയത് അവന്റെ വേര്പാടിന് ശേഷം ആയാലും ചെയ്യണം എന്ന് വാശി പിടിക്കും പോലെ. നീരവ് എന്ന തന്റെ ലോകത്തെ പ്രതിഭാസത്തിനു ജീവചരിത്രം എന്നത് എഴുതാൻ അവന്റെ ലോകം ഉല്പത്തിയായ അച്ഛനിൽ നിന്നും ആകട്ടെ എന്നത് കൊണ്ടാണ് അവൾ ഇന്ന് രാവിലെ അവന്റെ വീട്ടിലേക്കു പുറപ്പെട്ടത്… അച്ഛൻ എന്നത് അവനു സ്വപ്‌നങ്ങൾക്കു നിറങ്ങൾ നല്കാൻ പഠിപ്പിച്ച അവന്റെ ആദ്യ ചിത്രകാരൻ ആയിരുന്നു. അച്ഛന്റെ വാക്കുകളിലെ നീരാവിനെ അറിയാൻ മനസ്സ് ഒരുക്കി മൃണാളിനി ആ പൂമുഖത്തേയ്‌ക്ക്‌ കയറി ചെന്നു.

അതിഥി

athithi

ഈ വഴികൾ തനിക്കു പുതിയതാണ് എന്നിരുന്നാലും ഈ യാത്രയ്ക്ക് നിറയെ പ്രത്യേകതകൾ ആണ്. താനീ നാട്ടിലേക്ക് തന്നെ ആദ്യമായാണ്. വാക്കുകളിലൂടെ എന്നെ മോഹിപ്പിച്ച നാട്. വാക്കുകൾ പോലെ എഴുതിയ ആളും മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കുഞ്ഞു മോഹത്തിന്റെ കൂടു കൂട്ടിയിട്ടു കുറെയേറെ വർഷങ്ങളായി…അവളുടെ ചിത്രങ്ങൾ പാട്ടുകൾ ഒക്കെ തനിക്കു സുപരിചിതമാണ് പക്ഷെ അവളുടെ ജീവനുള്ള കണ്ണുകളെ കാണാൻ ഇത്രയും നാളെ തതെ കാത്തിരിപ്പ് വേണ്ടി വന്നു. എത്ര ദുർഘടം പിടിച്ച അവസരത്തിൽ മനസ്സ് പെട്ടാലും അവളുടെ കുറച്ചു നേരത്തെ കലപില വർത്തമാനം മതി എല്ലാം മറക്കാൻ.ഏതു പ്രതിസന്ധിയിലും മറ്റൊരു കാഴ്ചപ്പാട് മനസിലാക്കി ചൂണ്ടി കാട്ടാൻ അവൾക്കു കഴിയാറുണ്ട്. ഇത് എന്റെ മാത്രം കാര്യമല്ല, അവളോട് മിണ്ടുന്ന എല്ലാവരുടെയും അനുഭവം ഇതാകും. അവൾ വിഷമിച്ചും വഴക്കിട്ടും കണ്ടിട്ടില്ല. അവളുടെ സ്വർഗ്ഗത്തിലെ അവളുടെ ഏറ്റവും പ്രിയപ്പെട്ടവർ അവളുടെ കണ്മണികളാണ്. അവളുടെ വാക്കുകൾ വരച്ചിട്ട ചിത്രങ്ങളിലൂടെ കുന്നിൻ ചെരുവിലെ ആ വീടും അവളും അവളുടെ കുടുംബവുമൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്. സത്യത്തിൽ അവാളോടു എനിക്ക് അസൂയ ആണ്. സ്വപ്‌നങ്ങൾ ജീവിച്ചു തീർക്കുന്ന കഥകളുടെ പെണ്ണ്. ഇങ്ങനെ ഒരു കൂടിക്കാഴ്ച തന്നെ അപ്രതീക്ഷിതമായാണ്. എത്രയോ വർഷങ്ങളായുള്ള പരിചയമാണ് ഈ സുന്ദര ബന്ധത്തിന് പക്ഷെ സൗഹൃദമെന്ന പേര് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെ അവളും ഒന്നും പറഞ്ഞു എതിർത്തിരുന്നില്ല പക്ഷെ അവൾക്കു താൻ എന്നും ഒരു ആത്മമിത്രം ആണെന്ന് പറയാതെ തന്നെ എനിക്ക് വ്യക്‌തമാണ്‌. അവളാണ് കഴിഞ്ഞ ആഴ്ച ഇന്ന് കാണാൻ അവളുടെ ഭൂമിയിലെ സ്വർഗത്തിലേക്ക് ക്ഷണിച്ചത്. തീയതി അടുക്കും തോറും ആകാംഷ കൂടി വന്നു. ഇടയ്ക്കു “വരില്ലേ ” എന്നു അവൾ ചോദിച്ചിരുന്നു. അവളുടെ വീട് കണ്ടടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല . കാർ നിർത്തി കുന്നിൻ ചെരുവിലെ ആ വീട്ടിലേക്കു നടന്നു. ഒരു സുന്ദരമായ മായാലോകം പോലെ മനോഹരമായ പൂന്തോട്ടം, ഒരുപാട് പൂക്കളും കിളികളും നല്ല മലയോര കാറ്റും. മുൻവശത്തെ വാതിൽ തുറന്നു കിടപ്പുണ്ട്.

കാളിങ് ബെല്ലിൽ വിരൽ അമർത്തുമ്പോഴും ഒരു ചെറു പരിഭ്രമം. തറയോട് പാകിയ നീളൻ വരാന്തയിൽ കയറി അവിടെ ഒക്കെ ഒന്നു നോക്കി. ഭിത്തിയിൽ അങ്ങിങ്ങായി കുറെ ചെടികൾ പടർന്നു കിടക്കുന്നു. വരാന്തയുടെ പുറത്തേയ്ക്കുള്ള കഴുക്കോലിൽ ഒരുപാട് നാലു മണി ചെടികൾ കയറിൽ കോർത്ത് വരിയായി നീളത്തിൽ ആ വരാന്തയിൽ ഉടനീളം തൂക്കി ഇട്ടിരിക്കുന്നു. ഒരു ചെറു കാറ്റിൽ പോലും അവയൊക്കെ നൃത്തം ചെയ്യുന്നു. മുറ്റത്തിന്റെ ചുറ്റും ഒരുപാട് മരങ്ങൾ ചിലതിൽ ഒക്കെ നിറയെ പൂക്കൾ ആണ്. കുറച്ചു മാറി ഒരു മരച്ചുവട്ടിൽ ഒരു മേശയും കസേരയും കിടപ്പുണ്ട്. കണ്ടപാടെ ആ മരമേതെന്നു ഊഹിച്ചു. മന്ദാരം, അവൾ നിഷ്കളങ്കമായി സ്നേഹിച്ച മന്ദാരം. അവളുടെ എത്രയെത്ര കഥകളിൽ അതു വന്നു പോയിരിക്കുന്നു.അവിടെ ഇരുന്നു മന്ദാരത്തോടു മിണ്ടിയും പരിഭവിച്ചും കഥയെഴുതുന്ന അവളുടെ രൂപം കണ്മുൻപിൽ തെളിഞ്ഞു വന്നു. ആ മന്ദാര ചോട്ടിലിരുന്നു എത്രയെത്ര കഥകളാകും അവൾ മനസ്സിൽ വരച്ചിട്ടുണ്ടാവുക. എഴുതുന്ന പുതിയ കഥകളൊക്കെ എനിക്ക് വായിക്കാൻ അയച്ചു തരും. “ആരാ ” എന്ന ചോദ്യം കേട്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഈ ഭൂമിയിൽ അസൂയ തോന്നിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാൾ: അവളുടെ ഹൃദയത്തിന്റെ ഉടമ. ” ഞാൻ ദേവൻ “.

” വരൂ, അകത്തേയ്ക്കു വരൂ ” എന്നു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ആർദ്രമായ നനവ് ഉള്ളതുപോലെ തോന്നി. “ഇന്ന് ദേവൻ വരുമെന്ന് അവൾ പറഞ്ഞിരുന്നു. നിങ്ങളെ കാണാൻ അവൾക്കു ഒരുപാട് ഉത്സാഹം ആയിരുന്നു. അവൾ ഇപ്പോൾ ഇവിടെ ഇല്ല. നിങ്ങളും നന്നായി എഴുതുമെന്ന് അവൾ പറഞ്ഞു കേട്ടിട്ടുണ്ട്. അവൾ എഴുത്തു നന്നായി എന്നു പറയുന്നവർ വളരെ കുറച്ചു പേരെ കേട്ടിട്ടുള്ളു.”

ഇതും പറഞ്ഞു മുൻപേ നടന്ന അയാൾ എന്നെ അകത്തളത്തിൽ നിന്ന് വിശാലമായ ഒരു മുറിയെക്കു നയിച്ചു. എന്നെ അവിടെ ആക്കി കുടിക്ക എടുക്കാൻ ആയി അയാൾ പോയി. ആ മുറിയ്ക്കു ഒരു പ്രത്യേക തരം ഗന്ധം. അവളുടെ സാന്നിധ്യം ആ മുറിയിൽ ഉള്ളത് പോലെ. ഒരുപാട് സൂര്യപ്രകാശം നിറഞ്ഞ ഒരു മുറി. അതിൽ മൂന്നു വശവും ജനാലകൾ ആണ് ബാക്കിയുള്ള ചുവരിൽ ചില്ലുകൂട്ടിലായി ഒരുപാട് പുസ്തകങ്ങൾ.  ഒരു ജനാലയുടെ അരികിലായി ഒരു മേശ. അതിൽ ഏതാനും പുസ്തകങ്ങൾ ഒരു ചെറിയ ബുദ്ധന്റെ പ്രതിമ. ഒറ്റപെട്ടു പുറംചട്ട ഇല്ലാതെ ഒരു കേട്ട് കടലാസുകൾ ഒരുമിച്ചു തുന്നിയ പോലെ ആ മേശയുടെ നടുവിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. “ദേവൻ ഇരിക്കൂ ” എന്നു പറഞ്ഞു അയാൾ കയ്യിലിരുന്ന നാരങ്ങാ വെള്ളം നീട്ടി. ഒരു നേർത്ത ചിരിയോടെ ഗ്ലാസ് വാങ്ങുമ്പോൾ അയാളോട് സംസാരിക്കാൻ ഒരു വിഷയം തിരയുകയായിരുന്നു ഞാൻ.

“കുട്ടികൾ എവിടെ ?” “അവളുടെ അമ്മ കൂട്ടികൊണ്ടു പോയി . ഇനി കുറച്ചു നാള് അമ്മമ്മയുടെ വീട്ടിൽ നിന്നിട്ടേ വരൂ”

ഞങ്ങൾക്കിടയിൽ മൗനം വീണു തുടങ്ങിയപ്പോഴേക്കും ഗ്ലാസ് തിരികെ ഏൽപ്പിച്ചു അവൾ എവിടെ എന്നു തിരക്കാൻ ഞാൻ തുനിയുകയായിരുന്നു. അത് മനസിലാക്കി ആകാം അയാൾ പെട്ടന്ന് സംസാരിച്ചു തുടങ്ങി. “ദേവൻ, ആ മേശമേൽ ഇരിക്കുന്നത് നിങ്ങൾ വരുമ്പോൾ തരാൻ അവൾ ഏൽപ്പിച്ചതാണ്. ഏറ്റവും ഒടുവിലായി അവൾ എഴുതി പൂർത്തിയാക്കിയതാണ്.” അതെടുത്തു എന്റെ കയ്യിൽ വച്ചു തരുമ്പോൾ അതിന്റെ അകത്തു “ദേവൻ ” എന്നു പേരെഴുതിയ കത്തും എടുത്തു കയ്യിൽ തന്നു. ഒന്നും മനസിലാകാതെ നിൽക്കുന്ന എന്നെ കണ്ടു അയാൾ “വരൂ” എന്നു പറഞ്ഞു അകത്തളത്തിലേക്കു തിരികെ കൂട്ടികൊണ്ടു പോയി. അയാളുടെ നടപ്പു ചുവരില് അരികിലായി നിന്നു. അവിടേക്കു നോക്കിയ എനിക്ക് കണ്ണുകളിൽ ഇരുൾ വീഴുംപോലെ തോന്നി. അവളുടെ ചിത്രം.

“അവൾ പോയി ദേവൻ. ഉള്ളിലെ വേദന ആരെയും അറിയിക്കാതെ കഥകളിൽ സന്തോഷപൂരകങ്ങളായി മാത്രം എഴുതി ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു എന്നെയും കുഞ്ഞുങ്ങളെയും തനിച്ചാക്കി പോയി. ഇതു എഴുതി തീർക്കുംവരെ ആയുസ്സു നീട്ടി കിട്ടണേ എന്നു അവൾ അവസാനം പറയാൻ തുടങ്ങിയിരുന്നു. നിങ്ങളെ കാണാതെ ആയുസ്സു ഒടുങ്ങുമെന്നു അവൾക്കു തോന്നിയിട്ടുണ്ടാകും അതുകൊണ്ടാകും അവൾ ഈ കത്ത് എഴുതി നിങ്ങൾക്കു തരാൻ എന്നെ ഏൽപ്പിച്ചത്.”

പിന്നീട് അയാൾ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല. ആ ജീവനുള്ള കണ്ണുകൾ ഒരിക്കൽ പോലും നേരിട്ടു കാണാൻ നീ അവസരം തന്നില്ലല്ലോ എന്നു ഓർത്തപ്പോൾ എനിക്ക് അവളോട് കലശലായ ദേഷ്യം തോന്നി. കയ്യിൽ പിടിച്ചിരുന്ന ആ കടലാസു കെട്ടിന്റെ ആദ്യ താള് മറിച്ചപ്പോൾ അവളുടെ കയ്യപ്പട: ” ഒരു കഥ എഴുതാൻ രണ്ടു പേരുകൾ ചോദിച്ചപ്പോൾ എനിക്ക് തന്ന വൃന്ദകിയെയും സേതുവിനെയും അക്ഷരങ്ങളിലൂടെ എന്റെ ജീവൻ നൽകി ഞാൻ ദേവന് തന്നെ തിരികെ ഏൽപ്പിക്കുന്നു. ഓർമകളുടെ ബലിതർപ്പണത്തിൽ എന്നെ ഒരു ചെറു പുഞ്ചിരിയോടെ മാത്രം ഓർക്കുക ”

©kanthaarii/firespiritblog

PS: the image used has the instagram malayalam blog page name of my account “kanthaarii” 🙂

a journey begins……..

Sreeraj Mandamkulathil Photogrphy

by sreeraj mandamkulathil

Esperance7

Wordsmith

സിദ്ധിധാത്രി

മഹാദേവനിലേക്കുള്ള പ്രയാണം...🕉️💙

Munch666nath's Blog

Just another WordPress.com site

Paperbacks Publishing House

Re-Telling Stories

paperbacks blogs

Re Telling Stories

Kavitha Nair

കഥയില്ലാക്കവിതകൾ ..

Note Stories

of a Mind-blogger

Avial

A Mix of Thoughts

krishnapriya22013

Light+Love :-)

Writer's Choice

Blog filled with the Breathings of my heart

Ashique Ali

Green Ash

Aiswarya kombilath

Come and find who I am

%d bloggers like this: