അവ്‌നി

IMG_4576

ദൈർഖ്യമേറിയ ഒരു മീറ്റിംഗിന് ഒടുവിൽ ക്യാബിനിൽ എത്തിയപ്പോഴാണ് ഫോണിൽ വന്ന തീരെ പ്രതീക്ഷിക്കാത്ത ഒരു മിസ്സ്ഡ് കോൾ കണ്ടത്. ദേവിക ചക്രബർത്തി, അവ്നിയുടെ അമ്മയുടേതായിരുന്നു ആ ഫോൺ കോൾ. ഞാൻ വിളിച്ചയുടനെ തന്നെ അമ്മ ഫോൺ എടുത്തു. ജോലിത്തിരക്ക് കാര്യമായി ഇല്ലെങ്കിൽ അവ്നിയുടെ അടുത്തേയ്ക്കു കുറച്ചു ദിവസത്തേയ്ക്ക് ഒന്ന് പോയി വരാൻ തനിക്കു ആകുമോ എന്ന് ആണ് അമ്മ തിരക്കിയത്. പ്രായം ആയതിനാൽ അമ്മ ഇപ്പൊ യാത്രകൾ ഒഴിവാക്കാറാണ് പതിവ്. പിന്നെ എല്ലാം ധിറുതിയിൽ ആയിരുന്നു, ഒന്നര ആഴ്ച ലീവിന് എഴുതിക്കൊടുത്ത്‌ ഒരു നീണ്ട വിമാന യാത്രയ്ക്കു തയ്യാറായി. അവ്നിയുടെ അടുത്തേയ്ക്കു എത്താൻ എനിക്ക് ഇരുപത്തിയേഴു മണിക്കൂറു സമയം എടുത്തു. ദുബായിൽ നിന്നും മനില അവിടെ നിന്നും തായ്പേയ് പിന്നെ അവിടുന്ന് ഹൊനോലുലു ഹവായ് എയർപോർട്ട്.

അവ്നി, അവൾ എന്നോ എന്നിൽ കയറിക്കൂടിയ ഭ്രാന്ത് ആണ് എന്ന് പറയുന്നതാവും ശരി. അവൾ മലയാളി ഐ എ എസ് ഓഫീസർ ദേവിക വർമയ്ക്കു ബംഗാളിയായ സുബോധ ചക്രബർത്തിയിൽ ഉണ്ടായ ഒറ്റസന്താനം. ഇപ്പോഴുള്ള അവളുടെ താമസം ഹവായ് ദ്വീപിലാണ്. എന്റെ ഇത്തവണത്തെ വരവ് അവൾക്കു അറിവുള്ളതല്ല. ആഴ്ചയിൽ ഒരിക്കൽ ഉള്ള വീഡിയോ കോളുകൾ ഒഴിച്ചാൽ അവളെ നേരിട്ട് കണ്ടിട്ട് ഒരു വർഷത്തിന് മേലെയായി. അവളിപ്പോൾ ഹവായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ ബിയോളജിയിൽ നിന്നും ഡോക്ടറേറ്റ് എടുക്കാനുള്ള അവസാന വർഷത്തിൽ ആണ്. കടലാമയുടെ പുനരധിവാസം സംബന്ധിച്ചും അവയുടെ ആവാസവ്യവസ്ഥയിൽ മാറ്റങ്ങളെ കുറിച്ചുമൊക്കെയാണ് അവളുടെ ഗവേഷണം. കടലാണ് അവളുടെ സിരകളിൽ എങ്കിൽ അവ്‌നി ആണ് എന്റെ സിരകളിൽ എന്നത് പോലെയാണ്. അവളുടെ സ്വപ്നങ്ങൾക്കിടയിൽ ഇപ്പോഴെന്റെ ദുർവാശികൾക്കു സ്ഥാനം കൊടുക്കാൻ എനിക്ക് ഇഷ്ടമല്ല. ഈ യാത്ര തികച്ചും അപ്രതീക്ഷിതമായാണ്… കാരണം അവളിപ്പോ ഭ്രാന്ത് പിടിച്ചപോലെ തിരക്കിൽ ആയിരിക്കുമെന്ന് പറഞ്ഞിരുന്നതാണ്, ജോലി സംബന്ധമായ അവളുടെ തിരക്കിൽ അവളെ അവളുടെ വഴിക്കു വിടുന്നത് തന്നെയാകും നല്ലതു എന്ന് തോന്നി. എയർപോർട്ടിൽ നിന്നും അവളുടെ അടുത്തേക്ക് വീണ്ടും ഒരു അരമണിക്കൂർ യാത്ര വേണ്ടി വന്നു.അവൾ താമസിച്ചിരുന്നത് കടൽത്തീരത്തിനോട് അടുത്തുള്ള ഒരു ചെറിയ കോട്ടജിൽ ആയിരുന്നു, അത് അവളുടെ ഗവേഷണ ജോലിക്കും എളുപ്പമായിരുന്നു. ഒറ്റക് അങ്ങനെ ഒരു കോട്ടേജിൽ അവൾക്കു താമസിക്കാൻ സൗകര്യം കിട്ടിയതിൽ എന്റെ അസൂയ അവളോട് പലതവണ ഞാൻ പറഞ്ഞിട്ടുമുണ്ട്. അധികം ആളും ബഹളവും ഇല്ലാതെ കടൽ കണ്ടുകൊണ്ട് ദിവസങ്ങൾ നീക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഇപ്പോൾ ഉള്ള ഐ റ്റി ജോലികൊണ്ടു എ സി ചുവരുകൾക്കുള്ളിൽ ആയുസ്സു ഇങ്ങനെ കേട്ട് പോകുന്നതിലും എത്രയോ ഭേദമാണ് അവ്‌നിയെ പോലെ കടലിന്റെ തീരത്തു ഉള്ള ശാന്തമായ ജീവിതം.  ഇത് അസ്‌വളോട് പരജാൽ അവൾക്കു ചിരിയാണ് വരിക. കാരണം തീസിസിലെ വർക്ക് ഒന്നും ആകാതെ വരുന്ന ഭ്രാന്ത് പിടിച്ച അവസ്ഥകളെ പറ്റിയൊക്കെ അവൾക്കു പറയാൻ കഥകൾ ഏറെയുണ്ട്. എന്നിരുന്നാലും അവൾക്കു ഇത് മാത്രമേ ചെയ്യാൻ ആഗ്രഹമുള്ളൂ.
ടാക്സി കാർ അവളുടെ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയപ്പോൾ ആണ് ഓർമ്മകളുടെ പിൻവിളിയിൽ നിന്നും തനിക്കു തിരികെ വരാൻ ആയതു. ഇനി പെട്ടിയെടുത്തു പൂഴിമണലിൽ കൂടി സ്വല്പം നടക്കാനുണ്ട്. നേരം ഇപ്പൊ വെളുത്തു വരുന്നതേയുള്ളൂ ഏതാണ്ട് ആറു മാണി കഴിഞ്ഞിട്ടുണ്ടാകും. അവ്‌നി വീട്ടിൽ ഉണ്ടോ അതോ അവസാന ഘട്ട ഫീൽഡ് വർക്കിനായി പോയിട്ടുണ്ടാവുമോ എന്ന് അറിയില്ല. കോട്ടേജിന്റെ മുൻപിലുള്ള ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തു കതകു തുറന്നു അകത്തു കയറി. ഏതോ മരത്തടിയിൽ തീർത്തതാണ് ആ വീടിന്റെ ഭൂരിഭാഗവും. ഹാളിൽ ഒക്കെ നിറയെ പേപ്പറുകൾ ആലംകോലമായി കിടക്കുന്നു, പാതി ചെറിയ അകത്തെ മുറിയുടെ വാതിൽ കൂടി കട്ടിൽ അവ്‌നി കിടന്നു ഉറങ്ങുന്നതായി കണ്ടു.  ഉദിച്ചു വരുന്ന സൂര്യൻ അവളുടെ കിടപ്പുമുറിയുടെ അവസ്ഥ വ്യക്തമാക്കി. വെള്ള വിരിച്ച കിടക്കയിൽ കൊതുകുവലയ്ക്കുള്ളിലായ് അവ്‌നി ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കമഴ്ന്നു കിടന്നു ഉറങ്ങുകയാണ്. വിരിപ്പിനു വെളിയിലായുള്ള കയ്യിലും കണങ്കാലിലും ഉള്ള അവളുടെ ടാറ്റൂകൾ ആ വെളിച്ചത്തിൽ കാണാം.  കിടക്കയുടെ മറുവശത്തുള്ള മേശമേൽ ലാപ്ടോപ്പ് ഇപ്പോഴും സ്ക്രീൻ ഓൺ ആയി തന്നെ ഇരിക്കുന്നു. ഏതൊക്കെയോ പേപ്പറുകളും ഫയലുകളും റഫറൻസ് ബുക്സുമൊക്കെ കുന്നുകൂടി കിടപ്പുണ്ട്. പോരാത്തതിന്  അങ്ങിങ്ങായി കുറച്ചു പിസ്സ പൊതികളും ബിയർ കുപ്പികളും വേറെ. ഈ ആഴ്ച അവൾക്കു തീസിസ് വയ്ക്കണം എന്ന് പറഞ്ഞിരുന്നു, പാവം അതിന്റെ ഓട്ടപ്പാച്ചിലിൽ ആകും.  ആള് നല്ലപോലെ വർക്കിന്റെ ടെൻഷനിൽ ആണെന്ന കാര്യം മുറിയുടെ അവസ്ഥയിൽ നിന്നും വ്യക്തമായി. യാത്ര ക്ഷീണത്തെക്കാളും അവളുടെ അടുത്ത് ഇങ്ങനെ ഒരു അവസരം കിട്ടി എത്താനായല്ലോ എന്ന സന്തോഷം ഉണ്ടെങ്കിലും ഉറങ്ങുന്ന അവളെ വിളിച്ചുണർത്താൻ എന്തുകൊണ്ടോ തോന്നിയില്ല. ഹാളിൽ തിരികെ പോയി പതിയെ ശബ്ദം ഉണ്ടാക്കാതെ പോയി കുളിച്ചു ഫ്രഷ് ആയി ഒരു കപ്പ് ചൂട് കാപ്പിയുമായി കോട്ടേജിന്റെ മുൻവശത്തെ പടിയിലിരുന്നു പ്രഭാതം കണ്ടു.
ഏതാണ്ട് എട്ടു മണി ആയപ്പോഴേക്കും തിരികെ അവളുടെ മുറിയിൽ ചെന്ന് നോക്കി , ഇന്ന് ശനിയാഴ്ചയാണ് ഡിപ്പാർട്മെന്റിൽ അവൾക്കു പോകേണ്ടി വരില്ലെന്ന് തോന്നുന്നു. എന്നാലും ഇനിയും അവളോട് മിണ്ടാതെ കണ്ട സന്തോഷം അടക്കാൻ വയ്യ… വിളിച്ചുണർത്താൻ എന്ന് തന്നെ നിരീച്ചു…
“അവീ… ” എന്നുള്ള തന്റെ നീട്ടിയ വിളികേട്ടു അവൾ ഹാളിലേക്ക് ഇറങ്ങി വന്നു. ഉറക്കചെവിടിൽ ആയതു കാരണം അവൾ തന്നെ തന്നെ ഒന്ന് നുള്ളി നോക്കി… അവളുടെ മുൻപിൽ നിൽക്കുന്ന താൻ സത്യമാണോ എന്ന് അറിയാൻ…
“ആദി… നീ ഇവിടെ ? എപ്പോ… എങ്ങനെ? ” ബാക്കി മുഴുമിക്കാതെ അവൾ വന്നു തന്നെ കെട്ടിപ്പിടിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി അവൾ മര്യാദയ്ക്കു അമ്മയോടോ അച്ഛനോടോ പോലും സംസാരിച്ചിട്ടില്ല. താൻ വിളിച്ചാലും അവളുടെ തിരക്കു കാരണം അധികനേരം മിണ്ടാൻ കഴിയാറില്ല. പോരെങ്കിൽ നാട്ടിലും ഇവിടെയും ഉള്ള സമയവ്യത്യാസം വേറെയും.  അവളുടെ അമ്മയുടെ ഉള്ളിലെ ആധിയെ പറ്റി പറയാൻ തോന്നിയില്ല. അതിൽ കാര്യമുണ്ടെന്നു ഒരു തോന്നൽ തനിക്കും ഉണ്ട് എന്നത് ആണ് സത്യം.
“എനിക്ക് നിന്നെ പെട്ടെന്ന് കാണണം എന്ന് തോന്നി…. അടുത്ത ഫ്ലൈറ്റ് പിടിച്ചു വന്നു.  ഈ ആഴ്ച അല്ലേ നിന്റെ തീസിസ് വയ്ക്കുന്നേ.. അപ്പൊ പിന്നെ നീ അത് വയ്ക്കും വരെ നിനക്ക് കൂട്ടിരിക്കാം എന്ന് കരുതി “
പിന്നീടുള്ള ഒരു ആഴ്ച അവളെ ഏറ്റവും അടുത്ത് നിന്ന് ജോലി ചെയ്യുന്നത് കാണാൻ ആണ് എനിക്ക് കഴിഞ്ഞത് … ഒരു യന്ത്രത്തെ പോലെ മണിക്കൂറുകളോളം അവൾ തീസിസ് എഴുത്തിൽ മുഴിയിരിക്കുന്നതു ആണ് എന്റെ കണ്മുന്പിലെ കാഴ്ച. ഇടക്ക് അവൾ ഡിപ്പാർട്മെന്റിൽ പോകും ഗൈഡിനെ കണ്ടു സംസാരിച്ചു തിരികെ വന്നു വീണ്ടും അതെയിരിപ്പു തുടരും. ഞാൻ വന്നതോടെ പുറത്തെ ഭക്ഷണം പാടെ ഒഴിവാക്കി . കഴിഞ്ഞ ദിവസം  അവൾക്കു പ്രിയപ്പെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു, ആ കുറുമ്പുള്ള  മുഖത്തെ സന്തോഷം കാണാൻ നല്ല ചേല് ആയിരുന്നു. അവൾ എഴുത്തിൽ മുഴുകിയിരുന്നതിനാൽ മിക്കവാറും സമയം എനിക്ക് ഒഴിവുള്ളതായിരുന്നു. വന്ന ശേഷം അവളുടെ അമ്മയോട് വിളിച്ചു വിവരങ്ങൾ ഒക്കെ പറഞ്ഞിരുന്നു. അപ്പോഴാണ് അമ്മക്ക് സമാധാനം ആയതു. അവ്‌നിയെ സംബന്ധിച്ചു ഈയൊരാഴ്ച അവൾക്കു വിലയേറിയതാണ്….
ഇടയ്ക്കു തടസം വരുമ്പോൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും എന്തോക്കെയോ ഇടയ്ക്കു പുലമ്പും അല്ലെങ്കിൽ കടൽ തീരത്തെയ്ക്ക്  പോകും എന്നിട്ടു കുറച്ചു നീന്തിയ ശേഷം തിരികെ വരും. വീണ്ടും എഴുതും … സ്ട്രെസ് കൂടിയാൽ ഒന്നോ രണ്ടോ ബിയർ അടിക്കും കൂടെ ഒരു സിഗരറ്റും. കൂടെ ഞാനും ഉണ്ടാവും…താമരയും ബുദ്ധനും വരച്ചിരിക്കുന്ന അവളുടെ പിന്കഴുത്തു ലേശം പെയിൻ ബാം ഇട്ടു തടവി കൊടുക്കും…   പഴയ തമാശകളും അബദ്ധങ്ങളും ഓർമ്മകൾ പുതുക്കുന്നത് അപ്പോഴാണ്. അങ്ങനെ ഒരു മണക്കൂര് അവൾ എന്റെ അടുത്ത് ഉണ്ടാവും…പിന്നീട് എന്റെ കവിളത്തു ഒരു ഉമ്മ നൽകിയിട്ടു അവൾ വീണ്ടും ജോലിയിൽ മുഴുകും … അത് കാണുമ്പോലെ ഊഹിക്കാം അവളുടെ അവസ്ഥ. മറ്റൊരു ലോകത്താണ് അവൾ എന്ന് പലപ്പോഴും തോന്നിപോകും, അവളുടെ ലക്ഷ്യബോധം വളരെ കരുത്തുറ്റതാണ് അതുകൊണ്ടു തോൽവി സമ്മതിക്കില്ല.  കഴിഞ്ഞ ദിവസം ഇടയ്ക്കു അവൾ ഇരുന്ന കസേരയിലെ രക്തക്കറ കണ്ടപ്പോഴാണ് അവൾ ആർത്തവവരവ് പോലും മറന്നുപോയതുപോലെ തോന്നി…ടൈപ്പ് ചെയ്തുകൊണ്ടിരുന്ന അവളുടെ ലാപ്‌ടോപ്പിന് മുകളിൽ തോർത്തും മെൻസ്ട്രുൽ കപ്പും കൊണ്ട് വച്ചിട്ട് ആണ് അവൾക്കു കാര്യം വ്യക്തമായത്. എണീറ്റ് പോയി വേഷം മാറി വന്ന അവളുടെ മേശയുടെ അടിയിൽ കാലു പൊക്കി വയ്ക്കാൻ പാകത്തിന് ഒരു സ്റ്റൂളും ഇട്ടു കുറച്ചു ഡ്രൈ ഫ്രുയ്ട്സും എടുത്തു വച്ചിരുന്നു.  അത് കണ്ട് ഒരു നിമിഷത്തേക്ക് കണ്ണ് നിറഞ്ഞ അവൾ വന്നു കെട്ടിപ്പിടിച്ചു കവിളിൽ ഒരു മുത്തം തന്നു. എന്നിട്ടു ചിരിച്ചും കൊണ്ട് കാതിൽ ഇത്രമാത്രം പറഞ്ഞു
“ആദി…. ഈ കടം നീ ഈ കടൽ തീരം വിടും മുൻപ് ഞാൻ വീട്ടും”.
വെള്ളിയാഴ്ച രാവിലെ ആയപ്പോഴേക്കും അവൾ ഏതാണ്ട് എല്ലാ എഴുത്തു പണികളും തീർത്തു. ഞങ്ങൾ പ്രിന്റ് എടുത്തു ബൈൻഡ് ചെയ്ത തീസീസുകളുമായി ഡിപ്പാർട്മെന്റിലേക്കു പോയി. ഉച്ച തിരിഞ്ഞപ്പോഴേക്കും എല്ലാ ഫോർമാലിറ്റീസും തീർത്തു തീസിസ് ഏൽപ്പിച്ച ശേഷം ഞാൻ കോട്ടേജിലേക്കു തിരിച്ചു, വരുംവഴിക്കു ആകുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി എത്തിയപ്പോഴേക്കും ഏഴു മണി കഴിഞ്ഞിരുന്നു. അവളുടെ മുറിയൊക്കെ ഞാൻ ഈ ഒരു ആഴ്ച കൊണ്ട് ഏകദേശം ഒതുക്കി വച്ചിരുന്നു. തിരികെ എത്തിയപ്പോഴേക്കും അവൾ എന്റെ പഴയ അവ്‌നി ആകാൻ തുടങ്ങി കഴിഞ്ഞിരുന്നു…ഇടയ്ക്കു ഉള്ള കഴുത്തിന്റെ വേദന ഒഴിച്ചാൽ അവൾ വർത്തമാനം പറയാനും എന്റെ വിശേഷങ്ങൾ തിരക്കാനും തുടങ്ങി. ഇടക്ക് വീട്ടിൽ വിളിച്ചു തീസിസ് വച്ച കാര്യം പറഞ്ഞു. കഴിക്കാൻ ഉള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാൻ തുടങ്ങിയപ്പോഴേക്കും അവൾ കുളിച്ചു വേഷം മാറി എത്തി. സ്പീക്കർ കണക്ട് ചെയ്തു ഞങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ വച്ചു എന്നിട്ടു മുറിയിലാകെ കുറെ മെഴുകുതിരികൾ കത്തിച്ചു… ഇടക്ക് എനിക്ക് വേണ്ട പാചക സാധനങ്ങൾ ഒക്കെ ഒരുക്കൂട്ടി തന്നു…
ആ രാത്രിയ്ക്കു മിഴിവേകാൻ കരുതി വച്ചിരുന്ന റെഡ് വൈൻ കൂടി എടുത്തു… ഓർമ്മകളെക്കാൾ അന്ന് അവൾക്കു പറയാൻ ഉണ്ടായിരുന്നത് അവൾക്കു വേണ്ടി കടൽ കടന്നു താൻ അവിടെ എത്തി എന്നതിനെ കുറിച്ച് ആയിരുന്നു. പാട്ടിനൊപ്പം ചെറിയ താളത്തിൽ അവളോടൊത്തു ചുവടു വയ്ക്കുമ്പോൾ അവ്‌നിയുടെ കണ്ണുകളിൽ കുഞ്ഞു രണ്ടു നീർമണികൾ ഉരുണ്ടു കൂടി കഴിഞ്ഞിരുന്നു. അവളുടെ സമത്വത്തിനു കാത്തു നില്കാതെ ആദി അവയെ സ്വന്തമാക്കി. വൈൻ കുപ്പിയുമെടുത്തു നിലാവുള്ള കടൽത്തീരത്തേക്കു അവൾ തന്റെ കൈപിടിച്ച് നടക്കുമ്പോൾ ഈ രാത്രി ഒരിക്കലും അവസാനിക്കാതെ ഇരുന്നെങ്ങിൽ എന്ന് തോന്നിപ്പോയി… തീരത്തോട് അടുത്ത് തന്നെ പാറക്കൂട്ടങ്ങൾ തീർത്ത ഒരു ചെറിയ തടാകം പോലെയാണ് തിര അടിച്ചാലും അവിടെ നീന്താൻ സൗകര്യമുണ്ട്. അവൾ ആധിയെ കൂടി നടന്നതും അങ്ങോട്ടേക്ക് ആയിരുന്നു. നിലാവും നക്ഷത്രങ്ങളും തീർത്ത രാത്രിയിൽ ഞങ്ങൾക്കു കൂട്ടായി കടലിന്റെ തിരകൾ മാത്രം…അവ്‌നി എന്ന ബുദ്ധിജീവിയിൽ നിന്നും എന്റെ ഭ്രാന്തി പെണ്ണായി മാറാൻ അവൾക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ… വേഗം ഉടുത്തിരുന്ന കഫ്‌താൻ തീരത്തേയ്ക് അഴിച്ചു വച്ച് അവൾ കടലിലേക്ക് ഇറങ്ങി… തിരയിലൂടെ വയ്ക്കുന്ന അവളുടെ ഒരു ചുവടിനും തിളങ്ങുന്ന നീല നിറത്തിൽ കടലിന്റെ ജൈവദീപ്തി എന്ന് വിളിക്കുന്ന കവര പൂത്തു നിൽപ്പുണ്ടായിരുന്നു. പണ്ടൊരിക്കൽ വീഡിയോ കോളിൽ  അവൾ തന്നെയാണ് തനിക്കു ഇത് കാട്ടി തന്നത്. ഇന്ന് അവളോടൊപ്പം ഈ രാത്രി … കടൽ ഈ കാഴ്ച കാത്തു വച്ചതോർത്തപ്പോൾ  ഒന്ന് കോരിത്തരിച്ചു… അവ്‌നിയുടെ വിളിക്കു കാത്തു നില്കാതെ തന്നെ ആദിയും നീന്താൻ ഇറങ്ങി…  കവര പൂത്ത കടലിനു സാക്ഷിയായി ആ രാത്രി തന്നിൽ അവ്‌നി മോഹങ്ങളുടെ കെട്ടഴിച്ചു വിട്ടു. രാത്രിയുടെ നാഴികകൾക്കോ വിനാഴികകൾക്കോ കണക്ക് വയ്ക്കാതെ ഉന്മാദത്തിന്റെ ഭ്രാന്തുകൾ ഇരുവരും മണൽ തരികളിൽ എഴുതിത്തീർത്തു.

Leave a comment