അന്നാ ജുവാൻ ലൂക്ക്

വളരെ അധികം ജോലിത്തിരക്ക് ഉള്ള ദിവസമാണ് ഇന്നും, പ്രത്യേകിച്ച് നാളെ വീക്കെൻഡ് കൂടി ആയതു കൊണ്ട് ചെയ്തു തീർക്കാനുള്ള ജോലികളുടെ ലിസ്റ്റിനു നീളം സ്വതവേ കൂടും. ഉച്ചയ്ക്കുള്ള ഭക്ഷണ സമയം ആകും വരെ ഒരേ പണി തന്നെയായിരുന്നു. വിശപ്പിന്റെ വിളി ഉണ്ടായിരുന്നില്ല എങ്കിൽ, ആ നില വൈകിട്ട് അഞ്ചര വരെ തുടർന്നേനെ. ഊണ് കഴിക്കുന്നതിനു ഇടയിലാണ് ഫോൺ പോലും നോക്കിയത്. മൊബൈൽ നേടി ഓൺ ആക്കേണ്ട താമസം മെസ്സേജുകളുടെ വർഷമായി. എല്ലാം എത്തട്ടെ എന്നിട്ടു ആവശ്യമുള്ളത് മാത്രം മറുപടി അയക്കണമെന്ന് അഥർവും കരുതി. സ്ക്രീനിലെ സന്ദേശങ്ങളുടെ കൂട്ടത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു പേര് കണ്ടു ” അന്നാ ജുവാൻ ലൂക്ക് “. പെട്ടെന്ന് തന്നെ മെസ്സേജ് തുറന്നു നോക്കി. അതിൽ ഒരു ഹോട്ടലിന്റെ അഡ്രസ്സും തീയതിയും സമയവും മാത്രമേ ഉളളൂ. എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് ആദ്യം വ്യകതമായില്ല. മേൽവിലാസത്തിൽ സ്ഥലപ്പേര് ഒന്നും കൂടി നോക്കിയപ്പോഴാണ് അത് തൻ്റെ ഈ നഗരത്തിലെ തന്നെ ഏറ്റവും വിലയേറിയ സ്ഥലത്തെ മുന്തിയ ഹോട്ടലാണെന്നു ബോധ്യമായത്. അതിലെ തീയതി ഇന്നത്തേതും. സമയം ഇന്ന് വൈകിട്ട് ആറു മണി. ഇനിയുള്ളത് വെറും മൂന്നു മണിക്കൂറുകൾ മാത്രം. പക്ഷെ ‘അന്നാ’ അവൾ ഇവിടെ എങ്ങനെ ? എത്ര ആലോചിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല… പണ്ടേ അവൾ അങ്ങനെ ആണ്.. ആർക്കും പിടികൊടുക്കാത്ത സ്വഭാവം ആണ്… ആലോചിച്ചു നിൽക്കാൻ ഒട്ടു സമയവും ഇല്ല… വേഗം പണി തീർത്തിട്ട് വേണം അന്നാ എന്ന കടംകഥയ്ക്കു ഉത്തരം അവളോട് തന്നെ ചോദിക്കാൻ. കൃത്യം അഞ്ചരയ്ക്ക് തന്നെ അധർവിന്റെ ഫോണിലേക്കു അവളുടെ വിളിയും വന്നു. ആമുഖങ്ങളോ ഏച്ചുകെട്ടലോ അതിശയോക്തികളോ ഒന്നും തന്നെ ഇല്ലാതെ തന്റെ താമസിക്കുന്ന ഹോട്ടൽ മുറിയുടെ നമ്പർ മാത്രം പറഞ്ഞു : റൂം നമ്പർ ‘1206’. അന്നാ എന്നത് തന്റെ ജീവിതത്തിലെ ഒരിക്കൽ സംഭവിച്ച ഇന്ദ്രജാലമാണ്. അവളെ അങ്ങനെ കാണാനേ കഴിയൂ. അത്രയധികം നിമിഷങ്ങൾ സമ്മാനിച്ചവൾ അന്നാ. തുടക്കവും ഒടുക്കവുമില്ലാതെ ഓർമ്മകൾ കൊണ്ട് ജീവിതത്തിനു നിറങ്ങളുടെ ഒരായിരം അഴക് സമ്മാനിച്ചവൾ. അവളുടെ ഒർമ്മകൾ തന്നിൽ ഒരിക്കലും മറവിയുടെ കയത്തിൽ അകപ്പെട്ടു പോകരുതു എന്ന് വാശി പിടിക്കുന്നവൾ. അവളെക്കുറിച്ചു ഓർക്കുമ്പോൾ ഒരിക്കലും കണ്ണ് നിറയരുത് എന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ച ദുർവാശിക്കാരി. അവൾ വന്ന സ്ഥിതിക്ക് രണ്ടു ദിവസം അവധിയെടുക്കാം എന്നൊരു ചെറിയ കണക്കു കൂട്ടലുകൾ കൂടി ഉള്ളിലെ പൊട്ടിപ്പുറപ്പെട്ടു. 

കൃത്യ സമയത്തു തന്നെ ഹോട്ടലിന്റെ താഴെ ലോബിയിൽ എത്തി വന്ന വിവരം അറിയിക്കാൻ റിസെപ്ഷനിസ്റ്റിനോട് പറഞ്ഞു. അല്പസമയത്തിനുള്ളിൽ തന്നെ അവളുടെ മുറിയിലേക്കും എത്താനായി. അന്നാ തന്നെയാണ് മുറി തുറന്നതു. ചിരിച്ചും കൊണ്ട് അവൾ കണ്ടപാടെ അധർവിനെ കെട്ടിപ്പിടിച്ചു. എന്നിട്ടു ഒരു പത്തു മിനുറ്റ് അകത്തെ മുറിയിൽ കാത്തു ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞു മുറി കാട്ടി തന്നു. ഹാളിൽ ഏതൊക്കെയോ വിദേശ ഡെലിഗേറ്റസുമായി അവൾ ഇംഗ്ലീഷിൽ കാര്യമായ ചർച്ചയിലാണ്. ഇടയ്ക്കു അവൾ അതിൽ ആരോടോ ഫ്രഞ്ചിൽ എന്തൊക്കെയോ നിർദ്ദേശങ്ങൾ പറയുന്നുണ്ടായിരുന്നു. അവൾ ധിറുതിയിൽ സംസാരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. അങ്ങനെ മിണ്ടുമ്പോൾ അവളുടെ മുഖഭാവങ്ങൾ എത്ര പെട്ടെന്ന് ആണ് മിന്നായം പോലെ മാറിമറിയുന്നു. അവൾ പറഞ്ഞത് പോലെ വാക്കു പാലിച്ചു. ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വന്നവരൊക്കെ പോയി. മുറിയിൽ ഞങ്ങൾ മാത്രമായി. ഇവിടെ തുടങ്ങുന്നു അലിഖിത നിമിഷങ്ങളുടെ സന്ധ്യ.

“അപ്പൊ… എങ്ങനെയാ? നമ്മൾ തുടങ്ങുകയല്ലേ? എന്നാൽ പിന്നെ ആദ്യപടിയായി ഫോണുകൾ ഒക്കെ ഓഫായാക്കി മേശവലിപ്പിൽ നിക്ഷേപിച്ചോ… ” എന്നവൾ പറഞ്ഞു. 
“ഞാൻ സാധനങ്ങൾ ഒക്കെയെടുത്തു ഹാളിൽ റെഡിയാക്കാം” എന്ന് പറഞ്ഞിട്ട് അവൾ മുറിയുടെ പുറത്തേക്കു പോയി. 
“അവൾ… എപ്പോൾ… എങ്ങനെ…. ഈ നഗരത്തിൽ വന്നെത്തി” എന്നീ ചോദ്യങ്ങൾക്കു ഒരു ഉത്തരം പറയണമെന്ന് ഒന്നും അവൾക്കു തോന്നിയതേ ഇല്ലല്ലോ എന്ന് ഓർത്തുപോയി . ഹാളിലെത്തി കഴിക്കാറുള്ളത് വിളിച്ചു ഓർഡർ കൊടുത്തു കഴിഞ്ഞപ്പോഴേക്കും അവൾ വേഷം മാറി കുളിച്ചു എത്തിക്കഴിഞ്ഞിരുന്നു. അയഞ്ഞ ഒരു സ്ലീവെലെസ്സ് ടീഷർട്ടും ഷോർട്സും. അവൾക്കു വലിയ മാറ്റമൊന്നും ഇല്ല എന്ന് ഒറ്റ നോട്ടത്തിൽ തോന്നി. പിന്നീട് ആണ് അവൾ പച്ച കുത്തിയത് കണ്ണിൽ പെട്ടത്, ഇടത്തെ തോളിൽ സങ്കീർണ്ണമായ എന്നാൽ ഭംഗിയുള്ള ഒരു മാണ്ടാല റ്റാറ്റൂ, പിന്നെ ഇടത്തെ കണംക്കാലിൽ ചെറിയ ഒരു കടൽത്തിരയുടേത്, വിരലുകളിലും കണ്ടു ചെറുത് ചിലതു. ബാൽക്കണി ജനാലയും കതകും തുറന്നു ഇട്ട ശേഷം തനിക്കു അഭിമുഖമായി അവൾ ഇരുന്നു. അവളുടെ മാറ്റങ്ങൾ തനിക്കു വ്യക്തമായി വരുന്നതേയുള്ളു എന്ന് കണ്ടു അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു തലയിൽ കെട്ടിയിരുന്ന സ്കാർഫ് അഴിച്ചു നീളൻ മുഫി പൊക്കി പിൻ കഴുത്തു കാട്ടിത്തന്നു. ഇരു ചെവികൾക്കും നേർ രേഖയിൽ നിന്ന് താഴേക്കുള്ള മുടി മുഴുവനും ഏതോ പാറ്റേണിൽ വെട്ടി ശവേ ചെയ്തിരിക്കുന്നു. അതിനും താസ്‌ഹേ കഴുത്തിൽ നിന്നും മുതുകിലേക്കു ഇറങ്ങി പോകും പോലെ വലിയൊരു റ്റാറ്റൂ: പാതി താമരയുടെയും മറുപാതി ശ്രീബുദ്ധന്റേയും. കയ്യിൽ നിന്നും ഉതിർന്നു വീണ മുടിക്കെട്ടിൽ അങ്ങിങ്ങു ആയി നീലനിറത്തിൽ ചെറുഭാഗങ്ങളായി പിന്നിയിട്ട നീളൻ മുടി. അവളുടെ ബാഹ്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഏതാനും നിമിഷങ്ങൾ എനിക്ക് അനുവദിച്ച ശേഷം അന്നാ ആ സായാഹ്നത്തിന് തുടക്കമിട്ടു. എന്നത്തേയും പോലെ ജാക്ക് ഡാനിയേൽസ് ഓൺ ദി റോക്ക്സ് ആണ് ആദ്യ റൌണ്ട്. വര്ഷങ്ങള്ക്കു മുൻപ് അവൾ വായിക്കാൻ ഇടയായ ഒരു ജീവചരിത്രമാണ് ” Blood & Whiskey : The Life & Times of Jack Daniels “. സാക്ഷാൽ JD എന്ന് മദ്യപാനികൾ ബഹുമാനപുരസ്സരം വിളിക്കുന്ന ജാക്ക് ഡാനിയേൽ വിസ്‌കിയുടെ സ്ഥാപകന്റെ ജീവിതകഥ. അതിനു ശേഷമാണ് അമേരിക്ക എന്ന ബൂർഷ രാജ്യത്തോട് പുച്ഛമാണെങ്കിലും അവരുടെ വിസ്‌കിയോടു ഇഷ്ടം കാട്ടി തുടങ്ങിയത്. ആ രാത്രിയുടെ പിന്നീട് വന്ന യാമങ്ങളിൽ ഒന്നും തന്നെ മദ്യത്തിന്റെയോ മൾബറോ പുക ചുരുളുകളുടെയോ സാന്നിധ്യം മടുപ്പു ഉളവാക്കിയില്ല എന്നതാണ് പരമ സത്യം.

കഴിഞ്ഞ മൂന്നു വർഷക്കാലങ്ങളിലേയ്ക്കുള്ള തിരനോട്ടത്തിനു മാത്രമുള്ള ഞങ്ങളുടെ യാമങ്ങളായിരുന്നു അവയൊക്കെ. പുലരും വരെ നിർബാധം കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. ഏതോ ഒരു നിമിഷത്തിൽ അവൾ ചോദിച്ചു :

“അധർവ്… ആയിരത്തിയൊന്നു രാവുകളിലെ പോലെ നിനക്കും എനിക്കുമിടയിൽ ഈ കഥകൾ പറഞ്ഞു തീർക്കാൻ എത്ര രാവുകൾ വേണ്ടി വരും ?”

അവളുടെ പല ചോദ്യങ്ങൾക്കും ഒരുപാട് അർഥങ്ങൾ ഉണ്ടാകാറുണ്ട്… അതുകൊണ്ടു തന്നെ അവയ്ക്കൊന്നും അവൾ എന്നിൽ നിന്നും ഉത്തരങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടു ഏതോ ഉൾവിളിയിൽ അവൾ പാടാൻ തുടങ്ങി 

“ആജ് ജാനേ ക്കി സിദ് ന കരോ…
യൂ ഹി പെഹ്‌ലു മെം ബേട്ടി രഹോ…
ആജ് ജാനേ ക്കി സിദ് ന കരോ…” 


അവൾ ഉള്ളിൽ തട്ടി ആ പാട്ടു അപ്പോൾ പാടിയത് എന്ന് അവളുടെ കണ്ണുകൾ വ്യക്തമാക്കി. അവൾക്കു ഒരുപാട് ഇഷ്ടമുള്ള ഈ ഗസൽ, ഫരീദാ ഖാനും പാടിയ ഒറിജിനൽ റെക്കോർഡ് ആണ് പ്രിയം. അവളുടെ ഓർമ്മകൾ ആഗതമാകുന്ന ഒട്ടുമിക്ക രാത്രികളിലും എനിക്ക് അഭയം തരുന്നതും ഈ പാട്ടു തന്നെയാണ്. കിഴക്കു വെള്ള വീണു തുടങ്ങിയപ്പോഴാണ് ഞങ്ങൾ കിടക്കയിൽ ശരണം തേടിയത്. പിന്നെ ഞാൻ ഉണർന്നപ്പോൾ അവൾ കിടക്ക വിട്ടു എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഉറക്കത്തിൽ എപ്പോഴോ നോക്കിയപ്പോൾ തന്റെ അരികിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ശാന്തമായി ചുരുണ്ടുകൂടി കിടന്നു ഉറങ്ങുന്നത് കണ്ടു. തന്റേതു എന്ന് ഒരിക്കലും അവകാശപ്പെടാൻ അർഹതയില്ലെങ്കിലും യാഥാർഥ്യങ്ങളുടെ മുഖങ്ങൾ ഉള്ള അന്നാ എന്നും ഞാൻ മാത്രം അറിയുന്ന അന്നാ തന്നെയാണ്. ബാഹ്യരൂപത്തിൽ ഇനിയും എന്തൊക്കെ മാറ്റങ്ങൾ തന്നെ അവൾക്കു ഉണ്ടായാലും ഇന്നലെ രാത്രി തൊട്ടു ഇന്ന് ഈ നിമിഷം വരെ കണ്ടത് മാത്രമാണ് അന്നയുടെ പിറുൽ. ഹാളിലെ മേശമേൽ അവൾ തിരക്കിട്ടു എന്തൊക്കെയോ ജോലിയിലാണ്. അധർവ് ചെന്ന് ഇരുന്നതും കുടിച്ചു കൊണ്ടിരുന്ന അവളുടെ കാപ്പിക്കപ്പ് അവനു നേരെ നീട്ടി. ഇന്ന് വൈകിട്ട് അവൾ തിരികെ പോവുകയാണ്: ഫ്രാങ്ക്ഫുർട്ടിലേക്ക്‌. അവളെ എയർപോർട്ടിൽ ഇറക്കാനുള്ള ചുമതല അവനാണ്. ഉച്ചയൂണിനു ശേഷമുള്ള വർത്തമാനങ്ങൾക്കു ഇടയിൽ അവളൊരു സമ്മാനപ്പൊതി നീട്ടി. അതിലൊരു വാച്ച് ഉണ്ടായിരുന്നു. അവൾ തന്നെ അതെടുത്തു അവന്റെ കയ്യിൽ കെട്ടിക്കൊടുത്തു.

“എന്നെക്കാൾ എത്രയോ മടങ്ങ് ആഴത്തിൽ നീ നമ്മുടെ അല്ലെങ്കിൽ എന്റെ ഓർമ്മകളെ സൂക്ഷിക്കുന്നു. ഈ വാച്ച് അലിഖിത നിമിഷങ്ങളുടെ സന്തോഷത്തെ എന്നും നിന്നിൽ ഒരു ഓർമ്മപ്പെടുതലായ് നിന്റെ കൂടെ ഉണ്ടാകും ” 


കാറിൽ അവൾ കൂടുതൽ സമയവും നിശ്ശബ്ദയായിരുന്നു. ഇടക്കുള്ള ദീർഘ നിശ്വാസങ്ങളിലൊക്കെയും വേർപാടിന്റെ നെടുവീർപ്പുകൾക്കു മോചനം എകിക്കൊണ്ടിരുന്നു. കാറിൽ നിന്നും ബാഗുകൾ ഇറക്കി വച്ചു കഴിഞ്ഞപ്പോൾ നിറഞ്ഞ മിഴികളോടെ അന്നാ ഹൃദ്യമായ് പുഞ്ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു. 


“ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും അന്നാ എന്ന സ്പന്ദിക്കുന്ന ഓർമ്മകൾ അധർവിൽ ഉള്ള കാലം വരെ ഈ അന്നയ്ക്കും മരണമില്ല”.

ഇത്രയും മാത്രം പറഞ്ഞു കൊണ്ട് അടുത്ത ഓർമ്മക്കാലം വരും വരെ അവൾ യാത്ര തിരിച്ചു. 
ശുഭം

5 thoughts on “അന്നാ ജുവാൻ ലൂക്ക്”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s